ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ പരമാധികാരം ഉപേക്ഷിക്കില്ല: ഇറാന്റെ യു.എന്‍ പ്രതിനിധി
Iran US Conflict
ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ പരമാധികാരം ഉപേക്ഷിക്കില്ല: ഇറാന്റെ യു.എന്‍ പ്രതിനിധി
രാഗേന്ദു. പി.ആര്‍
Tuesday, 3rd March 2026, 7:15 am

ന്യൂയോര്‍ക്ക്: ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ഇറാന്റെ യു.എന്‍ പ്രതിനിധി അമീര്‍ സയീദ് ഇറവാനി. എന്നാല്‍ പരമാധികാരം ഉപേക്ഷിക്കില്ലെന്നും ഇറവാനി പറഞ്ഞു. ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘര്‍ഷം വഷളാകാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇറവാനി വ്യക്തമാക്കി. ഇറാനെതിരെ അമേരിക്കയും ഇസ്രഈലും നടത്തിയ സൈനിക ആക്രമണങ്ങളില്‍ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ ഉറച്ച നിലപാടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇസ്രഈലുമായി ചേര്‍ന്ന് ഇറാനെതിരെ അമേരിക്ക മനപൂര്‍വം സൈനിക ആക്രമണം നടത്തിയെന്നും ഇറവാനി ചൂണ്ടിക്കാട്ടി. ഇറാനെതിരെ നടന്നത് നേരത്തെ കണക്കുകൂട്ടിയ ആക്രമണമാണ്. രാജ്യത്തെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളാണ് യു.എസ് ലക്ഷ്യം വെച്ചത്. നൂറുകണക്കിന് നിരപരാധികളായ സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഒരുപാട് പേര്‍ക്ക് പരിക്കേറ്റുവെന്നും ഇറവാനി പറഞ്ഞു.

ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ ആക്രമണം യു.എന്‍ ചാര്‍ട്ടറിന്റെ നഗ്‌നമായ ലംഘനമാണെന്നും ഇറവാനി കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര നിയമത്തിന്റെ അടിത്തറക്കെതിരായ നേരിട്ടുള്ള ആക്രമണമാണിതെന്നും അദ്ദേഹം പറഞ്ഞു.

വളരെ വ്യക്തമായ ഒരു ആക്രമണമാണ് ഇറാനെതിരെ യു.എസും ഇസ്രഈലും ചേര്‍ന്ന് നടത്തിയത്. ഈ നീക്കം മുഴുവന്‍ അന്താരാഷ്ട്ര സംവിധാനത്തെയും അപകടത്തിലാക്കി. തെക്കന്‍ ഇറാനിലെ ഹോര്‍മുസ്ഗാന്‍ പ്രവിശ്യയിയിലെ മിനാബ് എന്ന പ്രദേശത്തെ സ്‌കൂളിന് നേരെ നടത്തിയ ആക്രമണത്തില്‍ 165 കുട്ടികളാണ് കൊല്ലപ്പെട്ടത്. നിരപരാധികളായ കുഞ്ഞുങ്ങള്‍. ഇവയെല്ലാം യുദ്ധകുറ്റങ്ങളാണെന്നും ഇറവാനി പറഞ്ഞു.

ഐക്യരാഷ്ട്രസഭയ്ക്ക് മൗനം പാലിക്കാന്‍ കഴിയില്ലെന്നും ഇറാന്‍ പ്രതിനിധി കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ആര്‍ക്കും ഭീഷണിയല്ല. രാജ്യത്തെ ആണവപദ്ധതികള്‍ തികച്ചും സമാധാനപരമാണ്. ഇറാന്‍ ഗൗരവമേറിയ നയതന്ത്ര ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും അമീര്‍ സയീദ് ഇറവാനി പറഞ്ഞു.


ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ ആക്രമണത്തെ ന്യായീകരിക്കുന്ന നിയമപരമായ കാരണങ്ങളൊന്നുമില്ലെന്നും ഇറവാനി ചൂണ്ടിക്കാട്ടി.

അതേസമയം ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള പ്രത്യാക്രമണങ്ങള്‍ ഇറാന്‍ ശക്തമാക്കിയിരിക്കുകയാണ്. പശ്ചിമേഷ്യയില്‍ നിന്ന് മടങ്ങാന്‍ യു.എസ് പൗരന്മാര്‍ക്ക് നിർദേശം നല്‍കി.

ഇന്ന് (ചൊവ്വ) പുലര്‍ച്ചയോടെ കുവൈത്തിലെ യു.എസ് സൈനിക താവളത്തിന് നേരെ പത്ത് ഡ്രോണുകളാണ് ഇറാന്‍ പ്രയോഗിച്ചത്. സൗദി അറേബ്യയില്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. റിയാദിലെ യു.എസ് എംബസിക്ക് തീപിടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ടെഹ്റാനിലും ഇസ്രഈലിന്റെ കനത്ത ആക്രമണം തുടരുകയാണ്. ഇറാനിലെ ഐ.ആര്‍.ഐ.ബി കേന്ദ്രത്തിന് നേരെ ഇസ്രഈല്‍ ആക്രമണം നടത്തി. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Content Highlight: Iran does not want war, but will not give up sovereignty: Iran’s UN envoy

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.