ചര്‍ച്ചകള്‍ നിര്‍ത്തലാക്കിയതിന് തൊട്ടുപിന്നാലെ കൂട്ട വധശിക്ഷയില്‍ സൗദിയെ വിമര്‍ശിച്ച് ഇറാന്‍
World News
ചര്‍ച്ചകള്‍ നിര്‍ത്തലാക്കിയതിന് തൊട്ടുപിന്നാലെ കൂട്ട വധശിക്ഷയില്‍ സൗദിയെ വിമര്‍ശിച്ച് ഇറാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th March 2022, 1:58 pm

ടെഹ്‌റാന്‍: സൗദി അറേബ്യയുമായി നടത്താനിരുന്ന അഞ്ചാം വട്ട ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണ് എന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സൗദി നടപ്പാക്കിയ കൂട്ട വധശിക്ഷയെ വിമര്‍ശിച്ച് ഇറാന്‍.

ഒറ്റ ദിവസം 81 പേര്‍ക്ക് വധശിക്ഷ നടപ്പിലാക്കിയ സൗദിയുടെ നടപടിയെയാണ് ഇറാന്‍ വിമര്‍ശിച്ചത്. സൗദിയുടെ നടപടി ‘അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും പ്രാഥമികമായ പ്രിന്‍സിപ്പിളുകളെ ലംഘിക്കുന്നതാണ്’ എന്നാണ് ഇറാന്റെ പ്രതികരണം.

ഞായറാഴ്ച വൈകിയായിരുന്നു ഇറാന്റെ പ്രതികരണം പുറത്തുവന്നത്. ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് സഈദ് ഖാതിബ്‌സാദെഹ് ആണ് സൗദിയിലെ വധശിക്ഷ വിഷയത്തില്‍ ഇറാന്റെ നിലപാട് വ്യക്തമാക്കിയത്.

കൃത്യമായ ജുഡീഷ്യല്‍ വിചാരണ നടപടികളില്ലാതെയാണ് വധശിക്ഷകള്‍ നടപ്പിലാക്കിയതെന്നും ഇറാന്‍ പ്രതിനിധി പറഞ്ഞു.

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വധശിക്ഷയാണ് സൗദി ശനിയാഴ്ച നടപ്പിലാക്കിയത്. കൊലപാതകം, തീവ്രവാദ പ്രവര്‍ത്തനം, ബലാത്സംഗം, ആയുധക്കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.

81 പേരില്‍ 73 പേര്‍ സൗദി പൗരന്മാരും ഏഴ് പേര്‍ യെമനികളും ഒരാള്‍ സിറിയന്‍ പൗരനുമാണ്. വധശിക്ഷക്ക് വിധിക്കപ്പെട്ടവരില്‍ പകുതിയിലധികം പേരും ഷിയ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളവരാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

13 ജഡ്ജിമാരുടെ നേതൃത്വത്തിലായിരുന്നു ശിക്ഷ നടപ്പാക്കിയത്.

ഇതിന് പിന്നാലെയായിരുന്നു സൗദി അറേബ്യയുമായുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതായി ഇറാന്‍ അറിയിച്ചത്. ഇറാന്റെ ഉന്നത സുരക്ഷാസമിതിയുമായി ബന്ധപ്പെട്ട കുറിപ്പിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

തുര്‍ക്കിയിലെ അന്റാലിയയില്‍ നടന്ന നയതന്ത്ര ഫോറത്തില്‍ ഇരുവരും തമ്മിലുള്ള അഞ്ചാം റൗണ്ട് ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കുമെന്ന് ഇറാഖ് അറിയിച്ചിരുന്നു.

എന്നാല്‍ ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലുമായി (എസ്.എന്‍എസ്.സി) ബന്ധമുള്ള നൂര്‍ന്യൂസ്, തങ്ങള്‍ ഏകപക്ഷീയമായി എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു.

കാരണം വ്യക്തമാക്കാതെയായിരുന്നു പ്രഖ്യാപനമെങ്കിലും സൗദിയിലെ വധശിക്ഷയാണ് ഇറാനെ ചൊടിപ്പിച്ചതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അതേസമയം, ഉടന്‍ തന്നെ ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറാവുമെന്നും, ഇപ്പോഴുള്ള തീരുമാനം താല്‍ക്കാലികമാണെന്നും ഇറാന്റെ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുന്നതോടെ ഇപ്പോഴുള്ള പല അനിശ്ചിതത്വങ്ങളും ലഘൂകരിക്കാന്‍ സാധിക്കുമെന്നും ഇറാനും സൗദിയും അറിയിക്കുകയും ചെയ്തിരുന്നു.

2016ല്‍ പ്രമുഖ ഷിയ പുരോഹിതന്‍ ഷെയ്ഖ് ബാഖിര്‍ നിമ്ര് അല്‍ നിമ്രിന്റെ വധശിക്ഷ സൗദി നടപ്പാക്കിയതിന് തുടര്‍ന്ന് ടെഹ്റാനിലെ സൗദി എംബസി പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തിരുന്നു. ഇറാന്‍ ജനസംഖ്യയുടെ ഭൂരിഭാഗവും ഷിയ മുസ്‌ലിങ്ങളാണ്.

ഇതിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ചത്.

2015ലെ ആണവകരാറില്‍ നിന്നും പിന്‍മാറിയതിന് ശേഷം, ഇറാനുമേല്‍ കടുത്ത ഉപരോധമേര്‍പ്പെടുത്തണമെന്നുള്ള അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ തന്ത്രത്തെ സൗദി പിന്തുണക്കുകയും ചെയ്തു.

യെമന്‍ യുദ്ധത്തില്‍ ഇരുരാജ്യങ്ങളും എതിര്‍ചേരിയിലായിരുന്നു നിലകൊണ്ടിരുന്നത്. ഇറാന്‍ അനുകൂല ഹൂതി പ്രസ്ഥാനത്തിനെതിരായായിരുന്നു 2014 മുതല്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം നിന്നത്.

എന്നാല്‍ 2020 ഏപ്രിലില്‍ ഇറാഖ് തലസ്ഥാനത്ത് ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ രഹസ്യ ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതിനെ സംബന്ധിച്ച് സൂചനകള്‍ പുറത്തുവന്നു. ഇറാഖിന്റെ മധ്യസ്ഥതയില്‍ നാല് റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

ജോയിന്റ് കോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (ജെ.സി.പി.ഒ.എ) എന്നറിയപ്പെടുന്ന ആണവ കരാര്‍ പുനഃസ്ഥാപിക്കുന്നതിന് വേണ്ടി ഇറാനും ലോകശക്തികളും വീണ്ടും വിയന്നയില്‍ ചേര്‍ന്നപ്പോഴാണ് ചര്‍ച്ചകള്‍ നടന്നത്.

ജിദ്ദയിലെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷനില്‍ (ഒ.ഐ.സി) വീണ്ടും ഒരു ഓഫീസ് സ്ഥാപിക്കുന്നതിനായി വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ മൂന്ന് നയതന്ത്രജ്ഞരെ സൗദി അറേബ്യയിലേക്ക് അയച്ചതായി ഇറാന്‍ അറിയിക്കുകയും ചെയ്തിരുന്നു.

ഇതിനു മുമ്പ് 2016ലാണ് സൗദിയില്‍ കൂട്ട വധശിക്ഷ നടപ്പാക്കിയത്. പ്രതിപക്ഷ നേതാവായ ഷിയ പുരോഹിതന്‍ ഉള്‍പ്പെടെ 47 പേരുടെ വധശിക്ഷയാണ് അന്ന് നടപ്പിലാക്കിയത്.


Content Highlight: Iran condemns Saudi Arabia mass execution after suspending talks