തോല്‍വിയില്‍ കണ്ണീരണിഞ്ഞ് കോഹ്‌ലി; മോശം നേട്ടത്തില്‍ ഗബ്ബറിനൊപ്പം!
Cricket
തോല്‍വിയില്‍ കണ്ണീരണിഞ്ഞ് കോഹ്‌ലി; മോശം നേട്ടത്തില്‍ ഗബ്ബറിനൊപ്പം!
ഫസീഹ പി.സി.
Saturday, 11th April 2026, 2:50 pm

ഐ.പി.എല്‍ 2026ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ആദ്യ പരാജയമേറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആര്‍.സി.ബി രാജസ്ഥാന്‍ റോയല്‍സിനോട് ആറ് വിക്കറ്റിന്റെ തോല്‍വിയാണ് വഴങ്ങിയത്.

മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത ആര്‍.സി.ബി 200 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും പരാജയപ്പെടുകയായിരുന്നു. ധ്രുവ് ജുറെലിന്റെയും വൈഭവ് സൂര്യവംശിയുടെയും തകര്‍പ്പന്‍ ബാറ്റിങ്ങിന് മുന്നില്‍ ടീമിന് മുട്ടുകുത്തേണ്ടി വരികയായിരുന്നു.

വിരാട് കോഹ്‌ലി. Photo: IndianPremierLeague/x.com

രാജസ്ഥാനെതിരെ സൂപ്പര്‍ താരം വിരാട് കോഹ്‌ലി മികവ് പുലര്‍ത്തിയിരുന്നു. 16 പന്തില്‍ 32 റണ്‍സുമായാണ് താരം തിരികെ നടന്നത്. ഏഴ് ഫോറുകളാണ് താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്. 200.00 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരം രവി ബിഷ്ണോയിയുടെ പന്തില്‍ ബോള്‍ഡായാണ് മടങ്ങിയത്.

ഇതോടെ ഒരു മോശം നേട്ടത്തില്‍ വിരാട് തലപ്പത്തെത്തുകയും ചെയ്തു. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ബൗള്‍ഡായി മടങ്ങിയ താരമെന്ന അനാവശ്യ നേട്ടമാണ് മുന്‍ ആര്‍.സി.ബി നായകന്‍ സ്വന്തം പേരിലാക്കിയത്.

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനൊപ്പമാണ് വിരാട് ഈ നേട്ടം പങ്കിടുന്നത്. ഇരുവരും 40 തവണയാണ് ഐ.പി.എല്ലില്‍ ബൗള്‍ഡായി പുറത്തായത്.

ഐ.പി.എല്ലില്‍ ഏറ്റവും ബൗള്‍ഡ് ഡിസ്മിസലുകള്‍

(താരം – എണ്ണം എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – 40

ശിഖര്‍ ധവാന്‍ – 40

ഷെയ്ന്‍ വാട്‌സണ്‍ – 35

മനീഷ് പാണ്ഡെ – 31

അമ്പാട്ടി റായിഡു – 29

രോഹിത് ശര്‍മ – 29

ഡേവിഡ് വാര്‍ണര്‍ – 29

രജത് പടിദാർ. Photo: IndianPremierLeague/x.com

മത്സരത്തില്‍ വിരാടിന് പുറമെ ക്യാപ്റ്റന്‍ രജത് പടിദാറും തിളങ്ങി. താരം 40 പന്തില്‍ നാല് വീതം സിക്‌സുകളും ഫോറുകളുമടക്കം 63 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. വെങ്കടേഷ് അയ്യര്‍ (15 പന്തില്‍ 29*), റൊമാരിയോ ഷെപ്പേര്‍ഡ് (11 പന്തില്‍ 22) എന്നിവരും സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തു.

ആര്‍.സി.ബി തങ്ങളുടെ അടുത്ത മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ്. നാളെ (ഏപ്രില്‍ 12) ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മത്സരത്തില്‍ എതിരാളികള്‍ മുംബൈ ഇന്ത്യന്‍സാണ്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയമാണ് വേദി.

Content Highlight: IPL 2026: RR vs RCB: Virat Kohli equals with Shikhar Dhawan in most bowled dismissals in IPL

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി