സിംഹാസനം കീഴടക്കി കിങ്; ഐ.പി.എൽ ചരിത്രത്തിലെ ഒറ്റയാനിത്!
IPL
സിംഹാസനം കീഴടക്കി കിങ്; ഐ.പി.എൽ ചരിത്രത്തിലെ ഒറ്റയാനിത്!
ഫസീഹ പി.സി.
Friday, 10th April 2026, 9:48 pm

2026 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരം ഗുവാഹത്തിയില്‍ തുടരുകയാണ്. നിലവില്‍ ബാറ്റ് ചെയ്യുന്ന ആര്‍.സി.ബി 12 ഓവറുകള്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെടുത്തിട്ടുണ്ട്. രജത് പടിദാറും (22 പന്തില്‍ 20) റൊമാരിയോ ഷെപ്പേര്‍ഡുമാണ് (മൂന്ന് പന്തില്‍ എട്ട്) ക്രീസിലുള്ളത്.

മത്സരത്തില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി മികച്ച പ്രകടനവും നടത്തിയാണ് കൂടാരം കയറിയത്. 16 പന്തുകള്‍ നേരിട്ട താരത്തിന്റെ സമ്പാദ്യം 32 റണ്‍സാണ്. 200.00 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരത്തിനെ ബാറ്റില്‍ നിന്ന് ഏഴ് ഫോറുകളാണ് പിറന്നത്.

വിരാട് കോഹ്‌ലി. Photo: IndianPremierLeague/x.com

ഇതോടെ ഒരു സൂപ്പര്‍ നേട്ടവും വിരാട് സ്വന്തമാക്കി. രാജസ്ഥാന്‍ റോയല്‍സിനെതിരെ 900 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് കിങ് സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. ഇന്ന് രാജസ്ഥാനെതിരെ നാല് റൺസെടുത്തതോടെയാണ് താരം ഈ നേട്ടത്തിലെത്തിയത്.

രാജസ്ഥാനെതിരെ 896 റണ്‍സുമായാണ് വിരാട് ഗുവാഹത്തിയില്‍ കളിക്കാന്‍ ഇറങ്ങിയത്. മത്സരത്തില്‍ 32 റണ്‍സെടുത്തതോടെ താരത്തിന് പിങ്ക് ആര്‍മിക്കെതിരെ 928 റണ്‍സിലെത്താന്‍ സാധിച്ചു. 33 ഇന്നിങ്സുകളില്‍ കളിച്ചാണ് മുന്‍ ആര്‍.സി.ബി നായകന്‍ ഇത്രയും റണ്‍സ് സ്‌കോര്‍ ചെയ്തത്.

മത്സരത്തില്‍ വിരാടിന് പുറമെ ആര്‍.സി.ബിക്ക് ദേവദത്ത് പടിക്കല്‍ (ഏഴ് പന്തില്‍ 14), ടിം ഡേവിഡ് (ഒമ്പത് പന്തില്‍ 13) ജിതേഷ് ശര്‍മ (എട്ട് പന്തില്‍ അഞ്ച്), ക്രുണാല്‍ പാണ്ഡ്യ (ആറ് പന്തില്‍ ഒന്ന്), ഫില്‍ സാള്‍ട്ട് (ഒരു പന്തില്‍ പൂജ്യം) എന്നിവരെയും നഷ്ടമായിട്ടുണ്ട്.

രാജസ്ഥനായി രവി ബിഷ്ണോയിയും ബ്രിജേഷ് ശര്‍മയും ജോഫ്ര ആര്‍ച്ചറും രണ്ട് വിക്കറ്റുകള്‍ വീതമെടുത്തു.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്‌ലി, ഫില്‍ സാള്‍ട്ട്, ദേവദത്ത് പടിക്കല്‍, രജത് പതിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, അഭിനന്ദന്‍ സിങ്, ജോഷ് ഹെയ്‌സല്‍വുഡ്

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, ഡൊനോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നന്ദ്ര ബര്‍ഗര്‍, സന്ദീപ് ശര്‍മ, രവി ബിഷ്ണോയ്, ബ്രിജേഷ് ശര്‍മ.

Content Highlight: IPL 2026: RR vs RCB: Virat Kohli became first batter to complete 900 runs against Rajasthan Royals

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി