ഐ.പി.എല്ലില്‍ നിന്ന് പരിക്കേറ്റ് പുറത്തായ വാനിന്ദു ഹസരങ്കയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്. സൗത്ത് ആഫ്രിക്കന്‍ താരം ജോര്‍ജ് ലിന്‍ഡെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് പ്രോട്ടിയാസ് താരത്തെ ലഖ്നൗ ടീമിലെത്തിച്ചത്.
ടി – 20യില്‍ 37 മത്സരങ്ങളില്‍ ലിന്‍ഡ സൗത്ത് ആഫ്രിക്കക്കായി കളിച്ചിട്ടുണ്ട്. ബാറ്റിങ് ഓള്‍റൗണ്ടറായ താരം 26 ഇന്നിങ്സുകളില്‍ നിന്ന് 403 റണ്‍സാണ് അടിച്ചെടുത്തത്. 36 ഇന്നിങ്‌സില്‍ പന്തെറിഞ്ഞ താരം 35 വിക്കറ്റുകളും നേടിയിട്ടുണ്ട്.
ജോർജ് ലിൻഡെ. Photo: Johns/x.com
സൗത്ത് ആഫ്രിക്കക്കായി ലിന്‍ഡെ ഏകദിനത്തിലും ടെസ്റ്റിലും അരങ്ങേറിയിട്ടുണ്ട്. നാല് ഏകദിനങ്ങളിലും മൂന്ന് ടെസ്റ്റുകളിലുമാണ് പ്രോട്ടിയാസ് കുപ്പായത്തില്‍ താരം കളത്തിലിറങ്ങിയത്.
ലിന്‍ഡെ ഇത് ആദ്യമായാണ് ഒരു ഐ.പി.എല്‍ ടീമിന്റെ ഭാഗമാകുന്നത്. എന്നാല്‍, ഇതിന് മുമ്പ് താരം പല ടി – 20 ലീഗുകളില്‍ കളിച്ചിട്ടുണ്ട്. എസ്.എ20 , ദി ഹണ്‍ഡ്രഡ്, മേജര്‍ ക്രിക്കറ്റ് ലീഗ്, പി.എസ്.എല്‍ എന്നിവയിലാണ് താരം കളിച്ചത്. 250 ടി – 20കളില്‍ കളിച്ച 34കാരന് 218 വിക്കറ്റുകളും 2746 റണ്‍സുമുണ്ട്.
വാനിന്ദു ഹസരങ്ക.
കഴിഞ്ഞ ദിവസമാണ് ഹസരങ്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. താരത്തിന് ഇടത് കാലിന്റെ ഹാംസ്ട്രിങ്ങിനായിരുന്നു പരിക്ക്. 2026 ടി – 20 ലോകകപ്പിനിടെ ശ്രീലങ്കയുടെ ആദ്യ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പിന്നാലെ ഹസരങ്കയ്ക്ക് ലോകകപ്പ് പൂര്‍ണമായി നഷ്ടമായിരുന്നു.
അതേസമയം, ലഖ്നൗ നിലവില്‍ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ്. ടീമിന് മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിച്ചതോടെ നാല് പോയിന്റുണ്ട്. -0. 359 നെറ്റ് റണ്‍റേറ്റാണുള്ളത്.
Content Highlight: IPL 2026: LSG announced George Linde as replacement for Wanindu Hasaranga