2026 ഐ.പി.എല്ലില്‍ തുടര്‍ തോല്‍വിയുമായി വലയുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആശ്വാസം. നാളെ (ഏപ്രില്‍ 11) സ്വന്തം തട്ടകമായ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള മത്സരത്തില്‍ സൂപ്പര്‍ താരം ഡെവാള്‍ഡ് ബ്രെവിസ് കളിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ദല്‍ഹി ക്യാപിറ്റല്‍സാണ് ഈ മത്സരത്തിലെ എതിരാളികള്‍.
ബ്രെവിസ് പൂര്‍ണ ഫിറ്റ്‌നസ് നേടിയിട്ടുണ്ടെന്നാണ് വിവരം. സ്‌പോര്‍ട്‌സ് മാധ്യമമായ റേവ് സ്‌പോര്‍ട്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ നായകന്‍ എം.എസ് ധോണിയുടെ ഫിറ്റ്‌നസിനെ കുറിച്ചും ഈ റിപ്പോര്‍ട്ടിലുണ്ട്.
ഡെവാൾഡ് ബ്രെവിസ്.
ധോണിയുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്നാണ് വിവരം. താരം ഏപ്രില്‍ 14ന് ഷെഡ്യൂള്‍ ചെയ്തിട്ടുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള മത്സരത്തില്‍ കളിച്ചേക്കുമെന്നാണ് സൂചനകള്‍.
ദിവസങ്ങള്‍ക്ക് മുമ്പ് ധോണി ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയനായിരുന്നുവെന്നും അടുത്ത ഒന്ന് രണ്ട് ദിവസങ്ങളില്‍ തന്നെ ഒരിക്കല്‍ കൂടി ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയനാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. അത് ക്ലിയര്‍ ചെയ്യാന്‍ സാധിച്ചാല്‍ താരം കെ.കെ.ആറിനെതിരെ കളിച്ചേക്കും.
ഐ.പി.എല്‍ 2026 സീസണ്‍ ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് ബ്രെവിസിനും ധോണിക്കും പരിക്കേറ്റത്. ബ്രെവിസിന് പരിശീലനത്തിനിടെ സൈഡ് സ്ട്രെയിന്‍ അനുഭവപ്പെടുകയായിരുന്നു. ഇത് താരത്തിന് മൂന്ന് മത്സരങ്ങള്‍ നഷ്ടമാക്കിയിരുന്നു.
എം.എസ് ധോണി.
ധോണി കാലിനായിരുന്നു പരിക്കേറ്റത്. ആദ്യ ഘട്ടത്തില്‍ താരം തിരിച്ചെത്താന്‍ മൂന്ന് ആഴ്ചയോളം വിശ്രമം വേണ്ടിവന്നേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പിന്നാലെ വിക്കറ്റ് കീപ്പര്‍ ദല്‍ഹിക്കെതിരെ കളിച്ചേക്കുമെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
അതേസമയം, ഈ സീസണില്‍ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചിട്ടും സി.എസ്.കെയ്ക്ക് അക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെട്ടാണ് യെല്ലോ ആര്‍മി തുടങ്ങിയത്.