അടിച്ചത് ദൽഹിയെ, പക്ഷേ കരഞ്ഞത് ബെംഗളൂരു; ചെന്നൈ ഈ സിംഹാസനം വാഴും
IPL
അടിച്ചത് ദൽഹിയെ, പക്ഷേ കരഞ്ഞത് ബെംഗളൂരു; ചെന്നൈ ഈ സിംഹാസനം വാഴും
ഫസീഹ പി.സി.
Sunday, 12th April 2026, 8:04 am

2026 ഐ.പി.എല്ലിൽ മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകമായ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദൽഹി ക്യാപിറ്റൽസിനെ 23 റണ്‍സിനാണ് ടീം തോൽപ്പിച്ചത്. സഞ്ജു സാംസണിന്റെ കരുത്തിലായിരുന്നു ടീമിന്റെ വിജയം.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സി.എസ്.കെ 212 റൺസിന്റെ വിജയലക്ഷ്യം ഉയർത്തിയിരുന്നു. ഇത് പിന്തുടർന്നിറങ്ങിയ ക്യാപിറ്റൽസിന് 189 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. ഇതോടെ ചെന്നൈ പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്തെത്തി.

ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങൾ. Photo: IndianPremierLeague/x.com

സീസണിൽ ആദ്യ ജയം നേടിയതിനൊപ്പം തന്നെ ചെന്നൈ ഒരു സൂപ്പർ നേട്ടവും സ്വന്തമാക്കി. 200+ സ്കോർ ഡിഫൻഡ് ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ വിജയം നേടിയ ടീം എന്ന നേട്ടമാണ് യെല്ലോ ആർമി തങ്ങളുടെ പേരിൽ ചേർത്തത്. 23 തവണയാണ് ചെന്നൈ 200ന് മുകളിലുള്ള സ്കോർ ഡിഫൻഡ് ചെയ്തത്.

ഡിഫൻഡിങ് ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ മറികടന്നാണ് ചെന്നൈയുടെ നേട്ടം. ആർ.സി.ബി 22 തവണയാണ് 200+ സ്കോർ ഡിഫൻഡ് ചെയ്ത് വിജയിച്ചത്.

ഐ.പി.എല്ലിൽ 200+ സ്കോർ ഡിഫൻഡ് ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ വിജയം നേടിയ ടീം, എണ്ണം

ചെന്നൈ സൂപ്പർ കിങ്‌സ് – 23

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു – 22

മുംബൈ ഇന്ത്യൻസ് – 18

സൺറൈസേഴ്‌സ് ഹൈദരബാദ് – 18

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് – 15

ദൽഹി ക്യാപിറ്റൽസ് – 13

രാജസ്ഥാൻ റോയൽസ് – 13

പഞ്ചാബ് കിങ്‌സ് – 13

മത്സരത്തിൽ ചെന്നൈക്കായി സഞ്ജു സാംസൺ മികച്ച പ്രകടനം പുറത്തെടുത്തു. 56 പന്തില്‍ നാല് സിക്‌സും 15 ഫോറുമടക്കം പുറത്താകാതെ 115 റൺസാണ് താരം നേടിയത്. ഒപ്പം ആയുഷ് മാഹ്‌ത്രെ 36 പന്തില്‍ 59 റൺസുമായി തിളങ്ങി. ദൽഹിക്കായി ക്യാപ്റ്റൻ അക്‌സർ പട്ടേൽ ഒരു വിക്കറ്റ് സ്വന്തമാക്കി.

സഞ്ജു സാംസണും ആയുഷ് മാഹ്ത്രെയും. Photo: Chennai Super Kings/x.com

മറുവശത്ത് ക്യാപിറ്റൽസിനായി ട്രിസ്റ്റൻ സ്റ്റബ്ബ്‌സും പാത്തും നിസങ്കയും തിളങ്ങി. സ്റ്റബ്ബ്‌സ് 38 പന്തില്‍ 60 റൺസെടുത്തപ്പോൾ നിസങ്ക 24 പന്തിൽ 41 റൺസും നേടി. മറ്റാർക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.

ചെന്നൈക്കായി ജെയ്മി ഓവർട്ടൺ നാല് വിക്കറ്റെടുത്തപ്പോൾ അൻഷുൽ കംബോജ് മൂന്ന് വിക്കറ്റുകൾ പിഴുതു. ഗുജപ്രീത് സിങ്, നൂർ അഹ്മദ്, ഖലീൽ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Content Highlight: IPL 2026: CSK vs DC: CSK surpassed RCB in most IPL wins while defending 200+ scores

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി