ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റേഴ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തിലാണ് മത്സരം.
വിജയ വഴിയില്‍ തിരിച്ചെത്താന്‍ ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇറങ്ങുന്നത്. കൊല്‍ക്കത്തയുടെ പഞ്ചാബ് കിങ്സുമായി നടന്ന അവസാന മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. അതിന് മുമ്പുള്ള രണ്ട് മത്സരങ്ങളില്‍ രഹാനെയുടെ സംഘം തോല്‍വി വഴങ്ങിയിരുന്നു. ദല്‍ഹിക്കെതിരെ അവരുടെ തട്ടകത്തിലിറങ്ങുമ്പോള്‍ ടീമിന് വിജയം അനിവാര്യമാണ്.
അതേസമയം, ബെംഗളൂരുവിനോട് തോറ്റാണ് അക്‌സറും കൂട്ടരും സ്വന്തം കാണികള്‍ക്ക് മുന്നിലെത്തുന്നത്. സീസണിലെ ഏഴാം വിജയം സ്വന്തമാക്കി പോയിന്റ് ടേബിളില്‍ മുന്നേറുകയാണ് ടീമിന്റെ ലക്ഷ്യം. നിലവില്‍ ക്യാപിറ്റല്‍സ് ഒമ്പത് മത്സരങ്ങളില്‍ നിന്ന് ആറ് ജയവും മൂന്ന് തോല്‍വിയുമായി നാലാം സ്ഥാനത്താണ്.
മത്സരത്തിന് മുന്നോടിയായി ദല്‍ഹി ക്യാപിറ്റല്‍സിനെ വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. 10.75 കോടി രൂപക്ക് ടീമില്‍ എത്തിച്ച ടി. നടരാജനെ ഇതുവരെ ഒരു മത്സരങ്ങളില്‍ പോലും കളിപ്പിക്കാത്തതിനെയാണ് താരം വിമര്‍ശിച്ചത്.
താരത്തിനെ കളിപ്പിക്കാന്‍ ടീമില്‍ സ്ഥാനമില്ലെന്ന് പറഞ്ഞ ദല്‍ഹി കോച്ച് കെവിന്‍ പീറ്റേഴ്സണെയും ചോപ്ര വിമര്‍ശിച്ചു. എന്തുകൊണ്ടാണ് അവര്‍ നടരാജനെ കളിപ്പിക്കുന്നില്ല എന്നതാണ് തനിക്ക് മനസിലാവാത്തതെന്നും മുകേഷ് കുമാറിനെ മാറ്റി നിര്‍ത്തി നടരാജനെ ഇറക്കണമെന്നും അദ്ദേഹം പറഞ്ഞു.
10 കോടിക്ക് വാങ്ങിയ കളിക്കാരന് ഒരു സ്ഥാനം സൃഷ്ടിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ കൈയ്യടി അര്‍ഹിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.
‘എനിക്ക് മനസിലാകാത്ത ഒരു കാര്യം അവര്‍ എന്തുകൊണ്ട് ടി. നടരാജനെ കളിപ്പിക്കുന്നില്ല എന്നതാണ്. അവന് ഒരു സ്ഥാനം നല്‍കാന്‍ കഴിയില്ലെന്നും അവനെ എവിടെ ഉപയോഗിക്കാമെന്നും കെവിന്‍ പീറ്റേഴ്സണ്‍ ചോദിക്കുന്നു.
എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് നടരാജനെ കളിപ്പിക്കാന്‍ കഴിയാത്തത്? മുകേഷ് കുമാറിനെ മാറ്റി നിര്‍ത്തി നടരാജനെ ഇറക്കുക. എന്റെ ഓര്‍മ ശരിയാണെങ്കില്‍ നിങ്ങള്‍ അവനെ 10 കോടിക്കാണ് വാങ്ങിയത്.
10 കോടിക്ക് വാങ്ങിയ കളിക്കാരന് ഒരു സ്ഥാനം സൃഷ്ടിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ കൈയ്യടി അര്‍ഹിക്കുന്നു. കൊല്‍ക്കത്തക്കെതിരെ അവനെ ഇറക്കണം,’ ചോപ്ര പറഞ്ഞു.
കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരമായിരുന്ന ടി. നടരാജനെ മെഗാ താരലേലത്തിലൂടെയാണ് ദല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ചത്. 10.75 കോടിക്കാണ് ഫാസ്റ്റ് ബൗളറെ ക്യാപിറ്റല്‍സ് ടീമില്‍ ചേര്‍ത്തത്. എന്നാല്‍ താരത്തിന് ഈ സീസണില്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും കളത്തില്‍ ഇറങ്ങാന്‍ സാധിച്ചിട്ടില്ല.