ട്വിറ്ററില്‍ വെടിക്കെട്ടുമായി ഐ.പി.എല്‍; ഈ സീസണില്‍ പിറന്നത് 2.70 കോടി ട്വീറ്റുകള്‍; വീഡിയോ ട്വീറ്റിലുണ്ടായത് 130 ശതമാനം വര്‍ധനവ്
IPL 2019
ട്വിറ്ററില്‍ വെടിക്കെട്ടുമായി ഐ.പി.എല്‍; ഈ സീസണില്‍ പിറന്നത് 2.70 കോടി ട്വീറ്റുകള്‍; വീഡിയോ ട്വീറ്റിലുണ്ടായത് 130 ശതമാനം വര്‍ധനവ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 14th May 2019, 7:06 pm

ന്യൂദല്‍ഹി: അറുപതു മത്സരങ്ങള്‍ പിന്നിട്ടതിനുശേഷവും ഐ.പി.എല്ലില്‍ റെക്കോഡ് പിറന്നു. ഈ സീസണില്‍ ഐ.പി.എല്ലുമായി ബന്ധപ്പെട്ടുണ്ടായത് 2.70 കോടി ട്വീറ്റുകളാണ്. അതായത്, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 44 ശതമാനം അധികം.

ട്വിറ്റര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ മനീഷ് മഹേശ്വരിയാണ് ഇക്കാര്യം അറിയിച്ചത്.

അതിലേറ്റവുമധികം റീട്വീറ്റ് ലഭിച്ച പോസ്റ്റ് മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയുമായി ബന്ധപ്പെട്ടതാണ്. തന്റെ സുഹൃത്തും പ്രചോദനവുമാണു ധോനിയെന്നാണ് പാണ്ഡ്യ ട്വീറ്റ് ചെയ്തത്. ഇതിന് ഏകദേശം 16,000 റീട്വീറ്റുകളാണു ലഭിച്ചത്.

ഞായറാഴ്ച നടന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് വിജയിച്ചതോടെ അവരെ മെന്‍ഷന്‍ ചെയ്താണ് ഭൂരിഭാഗം ട്വീറ്റുകളും വന്നത്. അന്നുണ്ടായ ഐ.പി.എല്‍ ട്വീറ്റുകളില്‍ 63 ശതമാനവും മുംബൈയെ മെന്‍ഷന്‍ ചെയ്തായിരുന്നു. ഫൈനലില്‍ തോറ്റ ചെന്നൈയെ മെന്‍ഷന്‍ ചെയ്തായിരുന്നു ബാക്കിയുള്ള 37 ശതമാനവും. എന്നാല്‍ ഐ.പി.എല്‍ തുടങ്ങിയ കാലം മുതല്‍ ഇന്നുവരെ ട്വിറ്ററില്‍ ഏറ്റവുമധികം മെന്‍ഷന്‍ ലഭിച്ച ടീം ചെന്നൈയാണ്.

ഈ സീസണില്‍ ഏറ്റവുമധികം ട്വീറ്റുകളുണ്ടായത് ധോനിയെക്കുറിച്ചാണ്. തൊട്ടുപിന്നില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ചെന്നൈ താരം ഹര്‍ഭജന്‍ സിങ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ആേ്രന്ദ റസ്സല്‍ എന്നിവരുണ്ട്.

വീഡിയോ ട്വീറ്റുകളുടെ എണ്ണവും ഇത്തവണ കൂടിയിട്ടുണ്ട്. 130 ശതമാനമാണു കഴിഞ്ഞതവണത്തേതില്‍ നിന്ന് വര്‍ധന.