വെറും വായ്നോക്കിയായ ഒരു ഊളന്‍ കഥാപാത്രം: ഭീമന്റെ വഴിയെ കുറിച്ച് ജിനു ജോസഫ്
Malayalam Cinema
വെറും വായ്നോക്കിയായ ഒരു ഊളന്‍ കഥാപാത്രം: ഭീമന്റെ വഴിയെ കുറിച്ച് ജിനു ജോസഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd December 2021, 2:27 pm

ചെമ്പന്‍ വിനോദ് എഴുതി അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഭീമന്റെ വഴി ഇന്നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബന്‍, ചെമ്പന്‍ വിനോദ്, ചിന്നു ചാന്ദ്നി, ജിനു ജോസഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൈ പ്രൊഫൈല്‍ വിഭാഗത്തില്‍ നിന്നും തനിക്ക് ബ്രേക്ക് നല്‍കിയ കഥാപാത്രമാണ് കൊസ്‌തേപ്പ് എന്നാണ് ജിനു പറയുന്നത്. ഡൂള്‍ന്യസിന് നല്‍കിയ അഭിമുഖത്തിലാണ് ജിനു ജോസഫ് കൊസ്‌തേപ്പിനെ പറ്റി മനസ് തുറന്നത്.

‘അത്യാവശ്യം കാശുള്ള ഒരു നാട്ടുമ്പുറത്തുകാരനാണ് കൊസ്തേപ്പ്. ഏത് പെണ്ണ് വഴിയിലൂടെ പോയാലും ‘എന്താ മോളേ’ എന്ന തരത്തിലുള്ള കമന്റുകള്‍ പറയുന്ന ഒരാള്‍. ഇങ്ങനെ വെറും വായ്നോക്കിയായ ഒരു ഊളന്‍ കഥാപാത്രമാണ് കൊസ്തേപ്പ്. അയാള്‍ക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല’ ജിനു പറയുന്നു.

‘വീട്ടില്‍ കാശുള്ളതുകൊണ്ട് അയാള്‍ക്ക് പണിക്ക് പോകേണ്ട ആവശ്യവുമില്ല. നാട്ടുകാരെ എങ്ങനെ ശല്യപ്പെടുത്തും എന്നാണ് കൊസ്തേപ്പ് ഫുള്‍ ടൈം ആലോചിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരു ഗുണവുമില്ലാത്ത ഒരുത്തന്‍. ഇത്രയൊക്കെയാണ് കൊസ്തേപ്പിനെ കുറിച്ച് പറയാനുള്ളത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊസ്‌തേപ്പിലേക്ക് എത്തിപ്പെട്ടതിനെ പറ്റിയും ജിനു വിവരിച്ചു. ‘എപ്പോഴും ഹൈ പ്രൊഫൈല്‍ വിഭാഗത്തില്‍ പെടുന്ന സി.ഇ.ഒ/ എന്‍.ആര്‍.ഐ കഥാപാത്രങ്ങളാണ് ലഭിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട് ചെയ്തുവെന്നേയുള്ളു. കുറെ നാളായി ആ ഇമേജ് ബ്രേക്ക് ചെയ്യണം എന്ന് വിചാരിക്കുന്നു. മറ്റു കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുമോയെന്ന സംശയവും ഇടയ്ക്കെല്ലാം തോന്നിയിരുന്നു. അതെല്ലാം ഈ കഥാപാത്രത്തിലേക്ക് എത്തുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്.

ചെമ്പനും അഷ്റഫും കൂടി ഈ കഥാപാത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്ത സമയത്ത് എന്നെ കാസ്റ്റ് ചെയതാല്‍ എങ്ങനെയുണ്ടാകും എന്ന് ആലോചിക്കുകയും തുടര്‍ന്ന് എന്നെ വിളിക്കുകയുമായിരുന്നു. കഥയെയും കഥാപാത്രത്തെയും കുറിച്ച് എന്നോട് സംസാരിച്ചു. ഹൈ പ്രൊഫൈലില്‍ നിന്നും മാറി നാടന്‍ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് എനിക്ക് ആഗ്രഹവുമുണ്ടായിരുന്നു. അങ്ങനെ വളരെ സന്തോഷത്തോടെ ഭീമന്റെ വഴിയിലേക്കെത്തി’.

മമ്മൂട്ടി ചിത്രമായ ബിഗ്ബിയിലൂടെ അഭിനയരംഗത്തേക്കെത്തി ചെറിയ വേഷങ്ങളില്‍ അഭിനയിച്ചുകൊണ്ടിരുന്ന ജിനു ഇയ്യോബിന്റെ പുസ്തകത്തിലെ ഐവാനിലൂടെയാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. അമല്‍ നീരദ് മമ്മൂട്ടി ടീമിന്റെ ഭീഷ്മപര്‍വ്വമാണ് ജിനുവിന്റെ അടുത്ത ചിത്രം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: interview-with-actor-jinu-joseph-bheemante-vazhi