ഗസയിലെ അന്താരാഷ്ട്ര സേന; യു.എസ് പദ്ധതിക്ക് യു.എന്‍ സുരക്ഷാ സമിതിയുടെ അംഗീകാരം
Israel–Palestinian conflict
ഗസയിലെ അന്താരാഷ്ട്ര സേന; യു.എസ് പദ്ധതിക്ക് യു.എന്‍ സുരക്ഷാ സമിതിയുടെ അംഗീകാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th November 2025, 7:02 am

വാഷിങ്ടണ്‍: ഗസയിലെ യു.എസ് സമാധാന പദ്ധതിക്ക് യു.എന്‍ സുരക്ഷാ സമിതിയുടെ അംഗീകാരം. യു.എന്‍ സ്ഥിരാംഗങ്ങളായ ചൈനയുടെയും റഷ്യയുടെയും കടുത്ത എതിര്‍പ്പിനിടെയാണ് യു.എസ് പദ്ധതിക്ക് സുരക്ഷാ സമിതി അംഗീകാരം നല്‍കിയത്.

13 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. എന്നാല്‍ റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര നിയമത്തില്‍ അധിഷ്ഠിതമായ പ്രമേയങ്ങള്‍ പാസാക്കുകയാണ് ചെയ്യേണ്ടതെന്നും എന്നാല്‍ യു.എസ് പദ്ധതിയില്‍ ഔദ്യോഗിക അംഗീകാരത്തിനുള്ള വിശദാംശങ്ങള്‍ ഇല്ലെന്നുമാണ് ചൈനയും റഷ്യയും പറയുന്നത്.

യു.എസ് പദ്ധതി അനുസരിച്ച്, റാമല്ലയുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാതെ അന്താരാഷ്ട്ര സേനയ്ക്ക് പൂര്‍ണമായും സ്വയംഭരണാധികാരത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് യു.എന്നിലെ റഷ്യന്‍ അംബാസിഡര്‍ വാസിലി നെബെന്‍സിയ കുറ്റപ്പെടുത്തി.

യു.എസ് പദ്ധതിയില്‍ ഫലസ്തീനിലെ ഭരണം സംബന്ധിച്ചുള്ള അടിസ്ഥാന തത്വങ്ങള്‍ ഇല്ലെന്ന് ചൈനീസ് അംബാസിഡര്‍ ഫു കോങ് പറഞ്ഞു.

ഗസയില്‍ അന്താരാഷ്ട്ര സേനയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ഫലസ്തീന്‍ സായുധ സംഘടനായ ഹമാസ് യു.എസ് പദ്ധതി തള്ളി. ഗസയില്‍ അന്താരാഷ്ട്ര സേനയെ നിയോഗിക്കുന്നത് നിഷ്പക്ഷത ഇല്ലാതാക്കുകയും ഇസ്രഈല്‍ അധിനിവേശത്തില്‍ കക്ഷിയാകുന്നതിന് സമാനമാണെന്നും ഹമാസ് പറഞ്ഞു.

എന്നാല്‍ യു.എസ് പദ്ധതി അംഗീകരിച്ച യു.എന്‍ നീക്കത്തെ ഫലസ്തീന്‍ അതോറിറ്റി പ്രശംസിച്ചു. അതേസമയം ഇന്ന് ‘ഐക്യരാഷ്ട്രസഭയുടെ നാണക്കേടിന്റെ ദിവസം’ എന്നാണ് യു.എന്നിലെ മുന്‍ മനുഷ്യാവകാശ ഉദ്യോഗസ്ഥനായ ക്രെയ്ഗ് മൊഖിബര്‍ വിശേഷിപ്പിച്ചത്.

കഴിഞ്ഞ ദിവസം ഗസയുടെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് റഷ്യ ഒരു പുതിയ കരട് രേഖ പുറത്തിറക്കിയിരുന്നു. ട്രംപ് മുന്നോട്ടുവെച്ച സമാധാന കരാറിന് ബദലായുള്ള പദ്ധതിയാണ് റഷ്യ അവതരിപ്പിച്ചത്. ഗസയില്‍ ഒരു അന്താരാഷ്ട്ര സ്റ്റെബിലിറ്റി സേനയെ വിന്യസിക്കാന്‍ ആവശ്യമായ ഓപ്ഷനുകള്‍ കണ്ടെത്തണമെന്നായിരുന്നു പദ്ധതിയിലെ നിര്‍ദേശം.

എന്നാല്‍ യു.എസ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയിലെ ട്രംപിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ റഷ്യയുടെ പദ്ധതിയില്‍ പരാമര്‍ശിച്ചിരുന്നില്ല.

നേരത്തെ ട്രംപിന്റെ 21ഇന പദ്ധതി ഹമാസും ഇസ്രഈലും അംഗീകരിച്ചിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം ഒക്ടോബര്‍ 10 മുതല്‍ ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ ഉണ്ടായിട്ടും ശക്തമായ ആക്രമണമാണ് ഗസയ്ക്ക് നേരെ  ഇസ്രഈല്‍ നടത്തുന്നത്.

Content Highlight: International forces in Gaza; UN Security Council approves US plan