മേജര്‍ ലീഗ് സോക്കറില്‍ മോണ്‍ട്രിയലിനെതിരെ കൂറ്റന്‍ വിജയം സ്വന്തമാക്കി ഇന്റര്‍ മയാമി വമ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. മയാമിയുടെ തട്ടകമായ നു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് മയാമി വിജയം കൈപ്പിടിയിലാക്കിയത്.
ഇന്റര്‍ മയാമി തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് മോണ്‍ട്രിയലിനെതിരെ സ്വന്തമാക്കിയത്. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് മയാമി ഒരു മത്സരത്തില്‍ ഏഴ് ഗോളുകള്‍ എതിരാളികളുടെ വലയില്‍ എത്തിച്ചത്.
Seven goals. Three points. What a night 💥 pic.twitter.com/opiku0lH2h
— Inter Miami CF (@InterMiamiCF) August 30, 2026
ഇതിഹാസ താരം ലയണല്‍ മെസി നേടിയ നാല് ഗോളുകളുടെ കരുത്തിലാണ് ഇന്റര്‍ മയാമി വിജയിച്ചുകയറിയത്. ഹാട്രിക് അടക്കമുള്ള മെസിയുടെ ഗോള്‍ വേട്ടയില്‍ രണ്ട് മനോഹരമായ ഫ്രീ കിക്ക് ഗോളുകളും ഉണ്ടായിരുന്നു. നാല് ഗോളുകള്‍ക്ക് പുറമെ ഒരു അസിസ്റ്റും സ്വന്തമാക്കാന്‍ മെസിക്ക് സാധിച്ചു.
മത്സരത്തില്‍ ഇന്റര്‍ മയാമിയുടെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത് ബ്രസീലിയന്‍ സൂപ്പര്‍ താരം കാസെമിറോയായിരുന്നു. 20ാം മിനിട്ടില്‍ ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയാണ് കാസെമിറോ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ ഫാബിയന്‍ ഹെര്‍ബേഴ്സിലൂടെ മയാമിയുടെ സമനില പിടിച്ചു. എന്നാല്‍ പിന്നീടങ്ങോട്ട് എതിരാളികള്‍ക്ക് മുകളില്‍ മെസിയുടെയും സംഘത്തിന്റെയും സര്‍വാധിപത്യമായിരുന്നു
40ാം മിനിട്ടില്‍ മെസിയുടെ തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെ മയാമി രണ്ടാം ഗോള്‍ നേടി. 50ാം മിനിട്ടില്‍ ലൂയിസ് സുവാരസിന്റെ അസിസ്റ്റിലൂടെ മെസി തന്റെ രണ്ടാം ഗോളും മയാമി മൂന്നാം ഗോളും നേടി. 80ാം മിനിട്ടില്‍ മെസിയുടെ അസിസ്റ്റില്‍ ലൂയി സുവാരസ് നാലാം ഗോളും സ്വന്തമാക്കി വീണ്ടും ആധിപത്യം ഉറപ്പാക്കി. മൂന്ന് മിനിട്ടിന് ശേഷം മെസി തന്റെ ഹാട്രിക് ഗോള്‍ നേടി. 89ാം മിനിട്ടില്‍ അലക്സാഡര്‍ ഷോയും ഗോള്‍ നേടി ലീഡ് വീണ്ടും ഉയര്‍ത്തി.
മത്സരത്തിന്റെ എക്സ്ട്രാ ടൈമില്‍ വീണ്ടും മെസി ഫ്രീകിക്കിലൂടെ നാലാം ഗോളും മയാമി ഏഴാം ഗോളും നേടിയതോടെ അമേരിക്കന്‍ മണ്ണില്‍ മയാമി ചരിത്ര വിജയം രേഖപ്പെടുത്തുകയായിരുന്നു.
നിലവില്‍ എം.എല്‍.എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ രണ്ടാം സ്ഥാനത്താണ് മെസിയും സംഘവും. 22 മത്സരങ്ങളില്‍ നിന്നും 12 വിജയവും ആറ് സമനിലയും നാല് തോല്‍വിയും അടക്കം 42 പോയിന്റാണ് മയാമിക്കുള്ളത്. എം.എല്‍.എസില്‍ മയാമിയുടെ അടുത്ത മത്സരം സെപ്റ്റംബര്‍ ആറിന് അറ്റ്ലാന്റ യുനൈറ്റഡിനോടാണ്.
Content Highlight: Inter Miami register their biggest win in history
