മദ്യപിക്കരുത്, പുകവലിക്കരുത്, നോണ്‍ വെജ് കഴിക്കരുത്, കാന്താര ചാപ്റ്റര്‍ വണ്‍ കാണുന്നതിന് മുമ്പുള്ള 'നിര്‍ദേശങ്ങള്‍' സമൂഹമാധ്യമങ്ങളില്‍ വൈറല്‍
Indian Cinema
മദ്യപിക്കരുത്, പുകവലിക്കരുത്, നോണ്‍ വെജ് കഴിക്കരുത്, കാന്താര ചാപ്റ്റര്‍ വണ്‍ കാണുന്നതിന് മുമ്പുള്ള 'നിര്‍ദേശങ്ങള്‍' സമൂഹമാധ്യമങ്ങളില്‍ വൈറല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd September 2025, 8:37 pm

ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര ചാപ്റ്റര്‍ വണ്‍. കെ.ജി.എഫിനെ തകര്‍ത്ത് കര്‍ണാടകയില്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ കാന്താരയുടെ പ്രീക്വലാണ് ഇപ്പോള്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്. ആദ്യഭാഗത്തിന്റെ കഥ ആരംഭിക്കുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് ചാപ്റ്റര്‍ വണ്ണിന്റെ കഥ നടക്കുന്നത്.

ഭക്തിയും മിത്തും സമാസം ചേര്‍ത്ത് ഒരുക്കിയ ചിത്രം പാന്‍ ഇന്ത്യന്‍ ലെവലില്‍ ഹിറ്റായി മാറിയിരുന്നു. ക്ലൈമാക്‌സ് പോര്‍ഷന് നോര്‍ത്ത് ഇന്ത്യയില്‍ ഗംഭീര പ്രതികരണമായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും ഭക്തി എലമെന്റ് തന്നെയാകും ഹൈലൈറ്റെന്ന് പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകളും വ്യക്തമാക്കുന്നതായിരുന്നു.

ഇപ്പോഴിതാ ചിത്രം കാണുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റാണ് സിനിമാപ്രേമികളുടെ ചര്‍ച്ചാവിഷയം. കാന്താര ചാപ്റ്റര്‍ വണ്‍ ദൈവീകമായ സിനിമയാണെന്നും അതിനായി പ്രേക്ഷകരും ഉള്ളിലെ ദൈവികത ഉണര്‍ത്തണമെന്നും പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.

ചിത്രം കാണുന്നതിന് മുമ്പ് മദ്യപിക്കാനും പുകവലിക്കാനും മാംസാഹാരം കഴിക്കാനും പാടില്ലെന്നും പോസ്റ്റില്‍ പറയുന്നു. ഈ മൂന്ന് സ്റ്റെപ്പുകളും പിന്തുടര്‍ന്ന ശേഷം ദൈവികമായ ഈ സിനിമയോടൊപ്പം പങ്കാളിയാവുകയെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. കാന്താര പര്‍വ എന്ന പേജിന്റെ പേരിലാണ് ഈ ചിത്രം പ്രചരിക്കുന്നത്.

പോസ്റ്റിന് താഴെ പലരും പരിഹാസരൂപേണ കമന്റുകള്‍ പങ്കുവെക്കുന്നുണ്ട്. തിയേറ്ററില്‍ കയറുന്നതിന് മുമ്പ് കാല് കഴുകാനുള്ള സൗകര്യം അണിയറപ്രവര്‍ത്തകര്‍ ഒരുക്കുമെന്നും ചെരുപ്പുകള്‍ അഴിച്ചിട്ടിട്ട് വേണം തിയേറ്ററിനകത്തേക്ക് കയറാനെന്നും കമന്റുകളുണ്ട്. ഇന്റര്‍വെല്‍ സമയത്ത് പോപ്‌കോണിനും പെപ്‌സിക്കുംപകരം പഞ്ചാമൃതവും അവില്‍ നനച്ചതും കൗണ്ടറുകളിലൂടെ നല്‍കാനുള്ള സൗകര്യം ഒരുക്കണമെന്നും പരിഹസിക്കുന്നുണ്ട്.

കാന്താരയുടെ പ്രൊമോഷനായി അണിയറപ്രവര്‍ത്തകര്‍ ആരംഭിച്ചതാണ് കാന്താര പര്‍വ എന്ന പേജ്. എന്നാല്‍ ഈ പോസ്റ്റ് തങ്ങളുടേതാണെന്ന് അണിയറപ്രവര്‍ത്തകര്‍ സമ്മതിച്ചിട്ടില്ല. ഇതിനോടകം സമൂഹമാധ്യമങ്ങളിലെല്ലായിടത്തും ഈ പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ഒക്ടോബര്‍ രണ്ടിനാണ് കാന്താരയുടെ റിലീസ്.

Content Highlight: Instructions to the audience before watching Kantara Chapter One viral in social media