ആര്‍.എസ്.എസിനെ വിമര്‍ശിച്ചു; രാജസ്ഥാനില്‍ ഇന്‍ഫ്‌ളുവന്‍സറെ കസ്റ്റഡിയിലെടുത്ത് പൊലീസ്, പ്രതീഷേധം
national news
ആര്‍.എസ്.എസിനെ വിമര്‍ശിച്ചു; രാജസ്ഥാനില്‍ ഇന്‍ഫ്‌ളുവന്‍സറെ കസ്റ്റഡിയിലെടുത്ത് പൊലീസ്, പ്രതീഷേധം
ആദര്‍ശ് എം.കെ.
Tuesday, 23rd June 2026, 4:35 pm

 

ജയ്പൂര്‍: ആര്‍.എസ്.എസിനെ വിമര്‍ശിച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പങ്കുവെച്ച 25കാരനായ ഡിജിറ്റല്‍ ക്രിയേറ്ററെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാന്‍ പൊലീസ്. രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശിയും പതിനൊന്നായിരത്തിലധികം ഫോളോവേഴ്സുള്ള ‘ജുന്‍ജുനു എക്‌സ്പ്രസ്’ എന്ന ഇന്‍സ്റ്റാഗ്രാം പേജ് ഹാന്‍ഡില്‍ ചെയ്യുന്ന നവീന്‍ ചൗധരിയാണ് പോലീസ് നടപടി നേരിട്ടത്.

ഈ സംഭവത്തിന് പിന്നാലെ ബി.ജെ.പി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കടുത്ത ആവിഷ്‌കാര സ്വാതന്ത്ര്യ ലംഘനമാണ് നടന്നതെന്നാണ് കോണ്‍ഡഗ്രസിന്റെ ആരോപണം.

കഴിഞ്ഞ ശനിയാഴ്ച നവീന്‍ ചൗധരി തന്റെ പേജില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഒരു മൈതാനത്ത് രണ്ട് വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ കളിക്കുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍.

ഒരു വിഭാഗം കുട്ടികള്‍ സ്‌കേറ്റിങ് പരിശീലിക്കുമ്പോള്‍, മുതിര്‍ന്നവര്‍ക്കൊപ്പം ആര്‍.എസ്.എസ് ഗണവേഷം ധരിച്ച കുട്ടികളായിരുന്നു മറ്റുള്ളവര്‍. സ്‌കേറ്റിങ് നടത്തുന്ന കുട്ടികള്‍ രാജ്യത്തിനായി മെഡലുകള്‍ നേടാന്‍ പഠിക്കുമ്പോള്‍, ആര്‍.എസ്.എസ് വേഷത്തിലുള്ള കുട്ടികളില്‍ ‘വെറുപ്പിന്റെ വിത്തുകള്‍’ പാകുകയാണെന്ന് നവീന്‍ വീഡിയോയിലെ വോയ്സ് ഓവറിലൂടെ ആരോപിച്ചിരുന്നു.

വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ അത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സൈബര്‍ പോലീസിന്റെ കോളുകള്‍ വന്നതായി നവീന്‍ പറഞ്ഞു. തുടര്‍ന്ന് ഞായറാഴ്ച രാവിലെ പത്തോളം പോലീസ് വാഹനങ്ങള്‍ തന്റെ വീട്ടിലെത്തുകയും തന്നെ ഒരു തീവ്രവാദിയെപ്പോലെ വലിച്ചിഴച്ച് കൊണ്ടുപോകുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.

പൊലീസ് വാഹനത്തില്‍ വെച്ച് എന്നെ മര്‍ദിച്ചു. ഭക്ഷണവും വെള്ളവുമില്ലാതെ രാത്രി എട്ട് മണി വരെ ഏകാന്ത സെല്ലില്‍ അടച്ചിട്ടുവെന്നും നവീന്‍ ചൗധരി പറഞ്ഞു.

എന്നാല്‍ നവീനെ മര്‍ദിച്ചുവെന്ന ആരോപണം പോലീസ് പൂര്‍ണമായും നിഷേധിച്ചു. പ്രദേശത്ത് സമാധാന ലംഘനം നടത്തിയതിനാണ് ഇദ്ദേഹത്തെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കസ്റ്റഡിയിലെടുത്തതെന്നും സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കോട്‌വാലി എസ്.എച്ച്.ഒ ശ്രാവണ്‍ കുമാര്‍ മീല്‍ വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ പൊലീസ് വിട്ടയച്ചത്. പൊതുസമാധാനവും സാമൂഹിക സൗഹാര്‍ദവും തകര്‍ക്കാന്‍ ശ്രമിച്ചതിനാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം.

ഈ സംഭവത്തോടെ സംസ്ഥാനത്തെ ഭരണകൂട അധികാരവും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും ഡിജിറ്റല്‍ ആവിഷ്‌കാര സ്വാതന്ത്ര്യവും തമ്മിലുള്ള സംഘര്‍ഷം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.

ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്നത് ഈ രാജ്യത്ത് കുറ്റമാണോ എന്നും ഇതിനായി പുതിയ വല്ല രഹസ്യ നിയമവും നിലവില്‍ വന്നിട്ടുണ്ടോ എന്ന് മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ചോദിച്ചു. ഭരണകൂടത്തിന്റെ തികഞ്ഞ സ്വേച്ഛാധിപത്യമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആര്‍.എസ്.എസിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്നത് കുറ്റമാണെങ്കില്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ആ കുറ്റം വീണ്ടും വീണ്ടും ചെയ്യുമെന്നായിരുന്നു പി.സി.സി അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദൊതാസ്ര പറഞ്ഞത്.

ഇത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണമാണെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടുത്ത കടന്നുകയറ്റമാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് ടിക്ക റാം ജൂലിയുടെ പ്രതികരണം.

 

Content Highlight: Instagrammer Detained in Rajasthan Over Video Critical of RSS

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.