ചന്ദ്രികയുടെ തലക്കെട്ട് 'യു ടൂ ബ്രൂട്ടസ്' ചേരുന്നത് കുഞ്ഞാലിക്കുട്ടിയ്ക്ക് | എന്‍.കെ. അബ്ദുല്‍ അസീസ്
details
ചന്ദ്രികയുടെ തലക്കെട്ട് 'യു ടൂ ബ്രൂട്ടസ്' ചേരുന്നത് കുഞ്ഞാലിക്കുട്ടിയ്ക്ക് | എന്‍.കെ. അബ്ദുല്‍ അസീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th December 2025, 7:00 pm

രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാരിനെയും സംഘപരിവാരത്തെയും പൊള്ളിക്കുന്ന ചോദ്യങ്ങളും യുക്തിഭദ്രമായ വാദമുഖങ്ങളും ഉന്നയിക്കുന്ന ഡോ. ജോണ്‍ ബ്രിട്ടാസ് എം.പിയെ കോണ്‍ഗ്രസ്- ലീഗ്- ജമാഅത്തെ ഇസ്‌ലാമി മുക്കൂട്ടുമുന്നണി ‘സംഘി’യാക്കിയിരിക്കുകയാണ്. പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാനെ ബ്രിട്ടാസ് കണ്ടകാര്യം കഴിഞ്ഞ ദിവസം മന്ത്രി തന്നെ പാര്‍ലമെന്റില്‍ പറഞ്ഞതാണ് ഈ സംഘി ചാപ്പയടിക്കുള്ള കാരണം.

ജോണ്‍ ബ്രിട്ടാസ്

മാധ്യമങ്ങള്‍ അത് ഏറ്റുപിടിക്കുകയും ‘കോലീജെ’ സഖ്യം പതിവ് പരിപാടി നടത്തുകയും ചെയ്യുന്നു. കേരളത്തില്‍ നിന്ന് യു.ഡി.എഫിന്റെ 18 എം.പിമാര്‍ പാര്‍ലമെന്റില്‍ ഉണ്ടെങ്കിലും ഇവരാരെങ്കിലും മോദിയെയും അമിത് ഷായെയും വിഷമിപ്പിക്കുന്ന ഇടപെടലുകള്‍ നടത്തുന്നതായി നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?

ഇന്ത്യന്‍ മുസ്‌ലിങ്ങളെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് നിരോധന ബില്ലില്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ അതില്‍ നിന്ന് വിട്ടുനിന്ന് സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് ബിരിയാണി തട്ടിയ കുഞ്ഞാലിക്കുട്ടിയുടെ പാര്‍ട്ടിയും ബ്രിട്ടാസിനെ സംഘിയാക്കാന്‍ മുന്നിലുണ്ട്. യഥാര്‍ത്ഥത്തില്‍ ‘യു ടൂ ബ്രൂട്ടസ്’ എന്ന ചന്ദ്രികയുടെ തലക്കെട്ട് കുഞ്ഞാലിക്കുട്ടിക്കാണ് ചേരുക.

പി.കെ. കുഞ്ഞാലിക്കുട്ടി

മുത്തലാഖ് ബില്ലിന്റെ വോട്ടെടുപ്പില്‍ നിന്നും മാത്രമല്ല കുഞ്ഞാലിക്കുട്ടി വിട്ടുനിന്നത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് വേളയില്‍ പ്രതിപക്ഷ നിരയുടെ ശക്തി തെളിയിക്കേണ്ട നിര്‍ണായക സമയത്തും അദ്ദേഹം വിട്ടുനിന്ന് സംഘപരിവാരത്തിന് വിടുപണി ചെയ്തു. ഇതിലൂടെ ചന്ദ്രിക വഴി കള്ളപ്പണം വെളുപ്പിച്ച ഇ.ഡി കേസുകള്‍ ഒഴിവായിക്കിട്ടി. കുഞ്ഞാലിക്കുട്ടിയും സംഘവും സേഫായി.

പക്ഷേ പാവം ഹൈദരലി തങ്ങള്‍ ഒരുപാട് പ്രതിസന്ധി നേരിട്ടു. 2019ല്‍ ന്യൂനപക്ഷങ്ങളെ ലാക്കാക്കിയുള്ള എന്‍.ഐ.എ ഭേദഗതി ബില്ലിന്റെ വോട്ടെടുപ്പ് സമയത്ത് സി.പി.ഐ.എമ്മിന്റെ എ.എ. ആരിഫ് മാത്രമായിരുന്നു വോട്ട് ചെയ്യാന്‍ കേരളത്തില്‍ നിന്നുണ്ടായിരുന്ന എം.പി. ഇതൊക്കെയാണ് ലീഗിന്റെയും യു.ഡി.എഫിന്റെയും പാര്‍ലമെന്റ് പ്രകടനത്തിന്റെ പ്രോഗ്രസ് കാര്‍ഡ്.

കേന്ദ്ര സര്‍ക്കാരിന്റെ നവഫാസിസ്റ്റ് സമീപനങ്ങള്‍ക്കും ക്രോണി ക്യാപിറ്റള്‍ നിലപാടുകള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരെ പാര്‍ലമെന്റിലും പുറത്തും ശക്തിയുക്തം ഇടപെടുന്ന രാജ്യസഭാംഗമാണ് ജോണ്‍ ബ്രിട്ടാസ്.

ഏറ്റവും ഒടുവില്‍ വഖഫ് ഭേദഗതി ബില്ലിന്റെ ചര്‍ച്ചാ സമയത്ത് ബി.ജെ.പിയെ നിര്‍ത്തിപ്പൊരിച്ച ബ്രിട്ടാസിന്റെ പ്രസംഗം ആരും മറക്കാനിടയില്ല. അന്ന് സുരേഷ് ഗോപിയെ ചൂണ്ടിയുള്ള മുന്ന വിശേഷണം സംഘപരിവാരത്തെ ഒന്നടങ്കം പൊള്ളിക്കുന്നതായിരുന്നു. ഇതേ വിശേഷണമാണ് ഇന്ന് കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ഒരു വിഭാഗം മാധ്യമങ്ങള്‍ക്കൊപ്പം ബ്രിട്ടാസിന് ചാര്‍ത്തിക്കൊടുക്കുന്നത്.

ഒരു കാര്യമേ പറയാനുള്ളൂ, തെരഞ്ഞെടുപ്പിലും അല്ലാതെയും ബി.ജെ.പിയെ ‘കൈയയച്ച്’ സഹായിക്കുന്ന കോണ്‍ഗ്രസിന്റെയും ലീഗിന്റെയും മതേതരത്വ സര്‍ട്ടിഫിക്കറ്റ് തത്കാലം നാലായി മടക്കി നിങ്ങളുടെ കീശയില്‍ തന്നെ വെച്ചോളൂ. രാജ്യത്തെ എത്രയെത്ര മുന്‍ മുഖ്യമന്ത്രിമാരും മുന്‍ കേന്ദ്രമന്ത്രിമാരുമൊക്കെയാണ് കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് കൂടുമാറിയത്. അവസാനം ലൈറ്റ് ഓഫ് ചെയ്യാന്‍ ആരുമില്ലാത്ത അവസ്ഥ വരെയെത്തി. ഒന്നു വീതം മൂന്നു നേരം എന്ന നിലയ്ക്ക് ദിവസവും മോദിസ്തുതി നടത്തുന്ന ശശി തരൂര്‍ കോണ്‍ഗ്രസ് എം.പിയാണെന്നത് മറക്കേണ്ട.

കെ.സി. വേണുഗോപാല്‍

എന്തിനേറെ, രണ്ട് വര്‍ഷം കാലാവധിയുണ്ടായിട്ടും രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗത്വം ഉപേക്ഷിച്ച് ആലപ്പുഴയില്‍ മത്സരിച്ച കെ.സി. വേണുഗോപാല്‍ ചെയ്തത് ഇന്ത്യന്‍ മതേതരത്വ വിശ്വാസികളോടുള്ള കൊടിയ വഞ്ചനയായിരുന്നില്ലേ. രാജസ്ഥാനില്‍ നിന്നുള്ള ആ ഒഴിവില്‍ ബി.ജെ.പി അംഗം രാജ്യസഭയില്‍ എത്തുകയും അദ്ദേഹം കേന്ദ്ര മന്ത്രിയാകുകയും മാത്രമല്ല, ഉപരിസഭയില്‍ ബി.ജെ.പിയുടെ അംഗബലം വര്‍ധിപ്പിക്കാനും ഇടയാക്കി.

ഇതൊക്കെ നിങ്ങള്‍ മറക്കാന്‍ ശ്രമിച്ചാലും ജനങ്ങള്‍ മറക്കില്ല. എല്ലാവരെയും സംഘിയാക്കി കോള്‍മയിര്‍ കൊള്ളുന്ന ജമാഅത്തെ ഇസ്‌ലാമി സൈബര്‍- മാധ്യമപ്പട നിങ്ങളുടെ ചാനലായ മീഡിയ വണ്ണിന്റെ എഡിറ്റര്‍ പ്രമോദ് രാമന്‍ പറഞ്ഞത് ഒരാവര്‍ത്തിയെങ്കിലും വായിക്കണം. നിങ്ങളോട് ഒരു കാര്യം പറയട്ടെ, ഇരിക്കുന്ന കൊമ്പ് മുറിക്കരുത്.

Content Highlight: INL leader NK Abdul Azeez responds to League-Congress cyber attacks on John Brittas