ആ യുവനടനൊപ്പമുള്ള രണ്ട് സീനുകളും എന്റെ മനസില്‍ നിന്ന് പോകില്ല; അത്രയും പവര്‍ഫുള്‍: ഇന്ദ്രന്‍സ്
Entertainment
ആ യുവനടനൊപ്പമുള്ള രണ്ട് സീനുകളും എന്റെ മനസില്‍ നിന്ന് പോകില്ല; അത്രയും പവര്‍ഫുള്‍: ഇന്ദ്രന്‍സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th May 2025, 2:42 pm

സിനിമയിലെ വസ്ത്രാലങ്കാര രംഗത്ത് നിന്ന് അഭിനയത്തിലേക്ക് എത്തിയ നടനാണ് ഇന്ദ്രന്‍സ്. നിരവധി മികച്ച മലയാള സിനിമകളുടെ ഭാഗമായ അദ്ദേഹം ഒരു ഹാസ്യ നടനായിട്ടാണ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

എന്നാല്‍ ഏറെ കാലമായി കോമഡി വേഷങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന ഇന്ദ്രന്‍സ് ഇന്ന് വേറിട്ട കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. അദ്ദേഹം അഭിനയിച്ച് വരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള.

ചിത്രത്തില്‍ മൈക്ക്, ഗോളം, ഖല്‍ബ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ യുണൈറ്റഡ് കിങ്ഡം ഓഫ് കേരളയില്‍ താന്‍ രഞ്ജിത്തിനൊപ്പം ചെയ്ത സീനുകളെ കുറിച്ച് പറയുകയാണ് ഇന്ദ്രന്‍സ്.

രണ്ടുപേര്‍ അഭിനയിക്കുമ്പോള്‍ പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകളാണ് പ്രധാനപ്പെട്ട കാര്യമെന്നാണ് നടന്‍ പറയുന്നത്. ഈ സിനിമയില്‍ രഞ്ജിത്ത് സജീവിനൊപ്പമുള്ള രണ്ട് സീനുകള്‍ തന്റെ മനസില്‍ നിന്ന് പോകില്ലെന്നും ഇന്ദ്രന്‍സ് പറയുന്നു. ജാങ്കോ സ്‌പോട്ടഡ് എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘നമ്മള്‍ ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഓരോ സീനിലും നമുക്ക് തിരിച്ച് എന്തെങ്കിലുമൊക്കെ നല്‍കുന്ന വ്യക്തികളുണ്ടാകും. അത് കിട്ടുമ്പോഴാണ് സത്യത്തില്‍ ഓരോ സീനുകളും ഓരോ സിനിമയും നന്നാകുന്നത്.

രണ്ടുപേര്‍ അഭിനയിക്കുമ്പോള്‍ പ്രധാനപ്പെട്ട കാര്യം പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകളാണ്. എനിക്ക് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള എന്ന പുതിയ സിനിമയിലും അത്തരത്തിലുള്ള മുഹൂര്‍ത്തങ്ങളുണ്ട്.

രഞ്ജിത്ത് സജീവിനൊപ്പം എനിക്ക് പ്രധാനപ്പെട്ട രണ്ട് സീനുകളുണ്ടായിരുന്നു. അത് രണ്ടും എന്റെ മനസില്‍ നിന്നും പോകാത്ത സീനുകളാണ്. അത്രയും പ്രധാനപ്പെട്ട സീന്‍ കൂടിയായിരുന്നു അത്. രഞ്ജിത്തിന്റെ കണ്ണില്‍ നോക്കിയാല്‍ തന്നെ എനിക്ക് സീന്‍ കിട്ടുമായിരുന്നു. അത്രയും പവര്‍ഫുള്ളായിട്ടാണ് അവന്‍ അത് ചെയ്തത്,’ ഇന്ദ്രന്‍സ് പറയുന്നു.


Content Highlight: Indrans Talks About Ranjith Sajeev