കഥയും കഥാപാത്രവും ഒരു മിഠായി പോലെ ഉണ്ടാക്കിയെടുക്കുന്ന പയ്യന്‍; നമ്മുടെ പ്രായം നോക്കി വിട്ടുതരില്ല: ഇന്ദ്രന്‍സ്
Entertainment
കഥയും കഥാപാത്രവും ഒരു മിഠായി പോലെ ഉണ്ടാക്കിയെടുക്കുന്ന പയ്യന്‍; നമ്മുടെ പ്രായം നോക്കി വിട്ടുതരില്ല: ഇന്ദ്രന്‍സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th June 2025, 12:32 pm

സിനിമയിലെ വസ്ത്രാലങ്കാര രംഗത്ത് നിന്ന് അഭിനയത്തിലേക്ക് എത്തിയ നടനാണ് ഇന്ദ്രന്‍സ്. നിരവധി മികച്ച മലയാള സിനിമകളുടെ ഭാഗമായ അദ്ദേഹം ഒരു ഹാസ്യ നടനായിട്ടാണ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

എന്നാല്‍ ഏറെ കാലമായി കോമഡി വേഷങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന ഇന്ദ്രന്‍സ് ഇന്ന് വേറിട്ട കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. അദ്ദേഹം അഭിനയിച്ച് വരാനിരിക്കുന്ന ഏറ്റവും പുതിയ വെബ് സീരീസാണ് കേരള ക്രൈം ഫയല്‍സ് 2.

ഇപ്പോള്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഈ വെബ് സീരീസിലേക്ക് വരാനുണ്ടായ കാരണം പറയുകയാണ് ഇന്ദ്രന്‍സ്. സംവിധായകന്‍ അഹമ്മദ് കബീര്‍ കാരണമാണ് താന്‍ സീരീസില്‍ അമ്പിളി രാജുവെന്ന കഥാപാത്രമായി എത്തുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

‘ഞാന്‍ കേരള ക്രൈം ഫയല്‍സ് വെബ് സീരീസ് കമ്മിറ്റ് ചെയ്യാന്‍ കാരണം സംവിധായകന്‍ അഹമ്മദ് കബീറാണ്. അദ്ദേഹത്തിന്റെ മധുരം എന്ന സിനിമയില്‍ ഞാന്‍ മുമ്പ് അഭിനയിച്ചിരുന്നു. അവന്‍ ഒരു പയ്യനാണ്.

നമ്മളെയൊക്കെ ഒന്ന് നന്നാക്കി എടുക്കുകയെന്ന് പറയില്ലേ. നമ്മളുടെ ഇഷ്ടത്തിന് പ്രായമൊക്കെ നോക്കി വിട്ടുതരാതെ ചെയ്യിക്കുന്ന ആളാണ് അദ്ദേഹം. ഒരു ഡയലോഗ് പറഞ്ഞതില്‍ തൃപ്തി വന്നില്ലെങ്കില്‍ എത്ര പ്രാവശ്യം വേണമെങ്കിലും നമ്മളെ വിളിച്ച് മാറ്റി ഡബ്ബ് ചെയ്യിക്കും.

വീണ്ടും വീണ്ടും ചെയ്യിക്കാനൊക്കെ വളരെ ഉത്സാഹമുള്ള ആളാണ്. കഥയെയും കഥാപാത്രത്തെയും ഒരു മിഠായി പോലെ ഉണ്ടാക്കി എടുക്കുന്ന ആള്‍ കൂടിയാണ് അയാള്‍.

ഞാന്‍ ആദ്യമൊന്നും വെബ് സീരീസ് ചെയ്യാന്‍ താത്പര്യപ്പെട്ടിരുന്നില്ല. ടി.വി സീരിയല് പോലെയുള്ളതാണ് ഈ വെബ് സീരീസ് എന്നാണ് ആദ്യമൊക്കെ എന്റെ മനസിലുണ്ടായിരുന്നത്. ആദ്യം എനിക്കൊരു മതിപ്പ് തോന്നിയിരുന്നില്ല.

പിന്നെ എല്ലാവരും സീരീസ് എന്നത് സിനിമയെക്കാളും വലിയ ചലഞ്ചിങ്ങായ ഒന്നാണെന്ന് പറഞ്ഞു. ആ സമയത്താണ് അഹമ്മദ് കബീര്‍ കേരള ക്രൈം ഫയല്‍സ് എന്ന സീരീസുമായി എന്നെ വിളിക്കുന്നത്.

അപ്പോള്‍ എനിക്ക് സന്തോഷം തോന്നുകയും ഞാന്‍ അതിന് തയ്യാറാകുകയും ചെയ്തു. എത്ര ചെറുതായാലും ആ കഥാപാത്രം നന്നായിരിക്കും എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. അങ്ങനെയാണ് അമ്പിളി രാജു എന്നിലേക്ക് എത്തുന്നത്,’ ഇന്ദ്രന്‍സ് പറയുന്നു.

Content Highlight: Indrans Talks About Ahammed Khabeer And Kerla Crime Files2 Series