സിനിമയിലെ വസ്ത്രാലങ്കാര രംഗത്ത് നിന്ന് അഭിനയത്തിലേക്ക് എത്തിയ നടനാണ് ഇന്ദ്രന്‍സ്. നിരവധി മികച്ച മലയാള സിനിമകളുടെ ഭാഗമായ അദ്ദേഹം ഒരു ഹാസ്യ നടനായിട്ടാണ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. എന്നാല്‍ ഏറെ കാലമായി കോമഡി വേഷങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന ഇന്ദ്രന്‍സ് ഇന്ന് വേറിട്ട കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഞെട്ടിക്കുകയാണ്.
ഇന്ദ്രന്‍സാണ് നായകനെന്നറിഞ്ഞു ചില നായികമാര്‍ പിന്മാറിയിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇന്ദ്രന്‍സ്. ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും താനൊരിക്കലും ആ നായികമാരെ കുറ്റം പറയില്ലെന്നും ഇന്ദ്രന്‍സ് പറയുന്നു. ഓരോരുത്തര്‍ക്കും അവരവരുടെ കരിയറും ഇമേജുമൊക്കെ പ്രധാനപ്പെട്ടതാണെന്നും ഇന്ദ്രന്‍സ് പറഞ്ഞു. വനിതാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാനൊരിക്കലും ആ നടിമാരെ കുറ്റം പറയില്ല. ആത്മഹത്യ ചെയ്യാനല്ലാതെ അറിഞ്ഞു കൊണ്ട് ആരും തീവണ്ടിക്ക് തല വെക്കില്ലല്ലോ? ഓരോരുത്തര്‍ക്കും അവരവരുടെ കരിയറും ഇമേജുമൊക്കെ പ്രധാനപ്പെട്ടതാണ്. സ്റ്റേജില്‍ വച്ച് ഷാരൂഖ് ഖാന്‍ എടുത്തുയര്‍ത്തി എന്ന് പറയാനാണോ ഇന്ദ്രന്‍സ് എടുത്തുയര്‍ത്തി എന്നു പറയാനാണോ ഒരു നടിക്ക് ഇഷ്ടമുണ്ടാകുക. ആ വ്യത്യാസമുണ്ടല്ലോ? അതാണു വ്യത്യാസം,’ ഇന്ദ്രന്‍സ് പറയുന്നു.
പുതിയ തലമുറയോടൊപ്പം ജോലി ചെയ്യുമ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു.
‘എന്നോട് എല്ലാവരും ഇത് ചോദിക്കുന്നു. സത്യത്തില്‍ ഈ തലമുറമാറ്റത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടു തന്നെയില്ല. അതിനുള്ള അവസരം ഉണ്ടായിട്ടില്ല എന്ന് പറയുന്നതാണു വാസ്തവം. എന്റെ മക്കളുടെ പ്രായമുള്ളവരാണ് ഒപ്പം അഭിനയിക്കുന്നത് സിനിമയുടെ അണിയറയിലുള്ളവരും ഇതേ പ്രായക്കാരാണ്. പക്ഷേ, അവരുടെ പെരുമാറ്റത്തിലും ഇടപെടലിലും സ്‌നേഹമുണ്ട്. ബഹുമാനമുണ്ട്. മറിച്ചൊരു അനുഭവം ഉണ്ടായിട്ടില്ല,’ ഇന്ദ്രന്‍സ് പറഞ്ഞു.