കഥാപാത്രങ്ങൾക്ക് ഒരു ആത്മാവുണ്ട്, ജീവനുള്ള കഥാപാത്രങ്ങൾ നമ്മെ വിട്ടു പോകില്ല: ഇന്ദ്രൻസ്
Malayalam Cinema
കഥാപാത്രങ്ങൾക്ക് ഒരു ആത്മാവുണ്ട്, ജീവനുള്ള കഥാപാത്രങ്ങൾ നമ്മെ വിട്ടു പോകില്ല: ഇന്ദ്രൻസ്
കെ.എസ് ഷാബിന
Tuesday, 7th July 2026, 2:58 pm

മലയാള സിനിമയിലെ അതുല്യ കലാകാരന്മാരിൽ ഒരാളാണ് ഇന്ദ്രൻസ്. ഒരു കോസ്റ്റ്യൂം ഡിസൈനറായി സിനിമാജീവിതം ആരംഭിച്ച അദ്ദേഹം, ഇന്ന് ഇന്ത്യൻ സിനിമയിൽത്തന്നെ ശ്രദ്ധേയനായ നടന്മാരിൽ ഒരാളായി മാറി കഴിഞ്ഞു. സൂര്യ നായകനായ ‘കറുപ്പ്’ എന്ന തമിഴ് ചിത്രത്തിലെ പ്രകടനം അദ്ദേഹത്തിന് വലിയ രീതിയിലുള്ള അഭിനന്ദനങ്ങൾ നേടിക്കൊടുത്തു. കൂടാതെ, മുരളി ഗോപിയുടെ ‘അനന്തൻകാട് ‘ എന്ന സിനിമയിലെ കൃഷ്ണൻ എന്ന കഥാപാത്രത്തിനും മികച്ച അഭിപ്രായങ്ങളാണ് ഇപ്പൊൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോൾ സിനിമക്ക് ശേഷവും തന്നെ വിട്ടുപോകാതിരുന്ന കഥാപാത്രങ്ങളെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് ഇന്ദ്രൻസ്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

ഇന്ദ്രൻസ്.Photo:Screengrab

സീരിയസായാലും കോമഡിയായാലും നമ്മൾ ചെയ്യുന്ന കഥാപാത്രങ്ങൾക്ക് ഒരു ആത്മാവുണ്ട്. ജീവസ്സുറ്റ ചില കഥാപാത്രങ്ങൾ എപ്പോഴും നമ്മുടെ കൂടെത്തന്നെയുണ്ടാകും. അടുത്തൊരു ശക്തമായ കഥാപാത്രം ചെയ്യുന്നത് വരെ നമ്മൾ സൂക്ഷിച്ചില്ലെങ്കിൽ, ആ പഴയ കഥാപാത്രത്തിന്റെ നിഴൽ പുതിയതിലും കലർന്നുപോയേക്കാം. അത്രമേൽ നമ്മളെ കീഴ്പ്പെടുത്തുന്ന ചില കഥാപാത്രങ്ങളുണ്ട്; നമ്മൾ നിശബ്ദമായിരുന്നാൽ പോലും നമ്മൾ ആ കഥാപാത്രമായി മാറിപ്പോകും. ‘ആളൊരുക്കം’, ‘ഉടൽ’ എന്നീ സിനിമകൾ അതിന് മികച്ച ഉദാഹരണങ്ങളാണ്.

‘ഹോം’ സിനിമയിലെ ‘ഒലിവർ’ എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇത്രയധികം സ്വീകരിച്ചതിന് പിന്നിൽ അതിലെ സ്ക്രിപ്റ്റും മേക്കപ്പും വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. അവർ എന്റെ ഇന്ദ്രൻ എന്ന വ്യക്തിയെ പൂർണമായും മാറ്റിയെടുത്തു. കാഴ്ചയിൽത്തന്നെ അവർ ആ കഥാപാത്രത്തിന് പകുതി ജീവൻ നൽകിക്കഴിഞ്ഞു, ബാക്കി പകുതി മാത്രം നമ്മൾ ചെയ്താൽ മതിയാകും. കഥാപാത്രത്തിന്റെ പകുതി വിജയവും ആ ലുക്കിൽത്തന്നെയുണ്ട്. പട്ടണം റഷീദ്, റോണക്സ് സേവ്യർ, രഞ്ജിത്ത് അമ്പാടി തുടങ്ങിയ പ്രതിഭകൾക്ക് അതിൽ വലിയ പങ്കുണ്ട്.

ഇന്ദ്രൻസ്.The New Indian Express

അവരെപ്പോലെയുള്ള ടെക്നീഷ്യന്മാർ ഉള്ളതുകൊണ്ടാണ് കഥാപാത്രങ്ങൾക്ക് സ്ക്രീനിൽ അത്രമേൽ സാന്നിധ്യം ലഭിക്കുന്നത്. എന്നാൽ ഇത് തിരിച്ചറിയുന്ന സംവിധായകർ വളരെ കുറവാണ്. ‘ആരെയെങ്കിലും വെച്ച് എന്തെങ്കിലും ചെയ്താൽ മതി’ എന്ന് ചിന്തിക്കുന്ന സംവിധായകരുമുണ്ട്. ഒരു കഥാപാത്രം വിജയിക്കുന്നതിന് കോസ്റ്റ്യൂമും മേക്കപ്പും വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണ്.

അവ കൃത്യമായാൽ, പിന്നീട് ആ കഥാപാത്രത്തിന് നൽകേണ്ട ആത്മാവ് കൂടി നമ്മൾ കണ്ടെത്തിയാൽ മാത്രം മതി, അത് വലിയ വിജയമാകും.
സംവിധായകരും നമ്മളെപ്പോലെ ചിന്തിക്കുന്നവരാണെങ്കിൽ മാത്രമേ അത് സംഭവിക്കൂ. ‘ഹോം’ സിനിമയുടെ കാര്യത്തിൽ, സംവിധായകൻ റോജിൻ തോമസിന്റെ അച്ഛനാണ് അദ്ദേഹത്തിന്റെ ചിന്തകൾക്ക് പിന്നിലെ പ്രധാന തൂണായി നിന്നതെന്ന് എനിക്ക് തോന്നുന്നു,’ ഇന്ദ്രൻസ് പറഞ്ഞു.

Content Highlight:Indrans says movie characters have souls

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.