വസ്ത്രാലങ്കാര രംഗത്ത് നിന്ന് അഭിനയത്തിലേക്കെത്തിയ നടനാണ് ഇന്ദ്രന്‍സ്. കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങളായിരുന്നു ഇന്ദ്രന്‍സിനെത്തേടി കൂടുതലും വന്നിരുന്നത്. അപ്പോത്തിക്കിരി എന്ന ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന അവാര്‍ഡില്‍ ജൂറിയുടെ പരാമര്‍ശം സ്വന്തമാക്കിയ ഇന്ദ്രന്‍സ് ഹോം എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡിലും തന്റെ സാന്നിധ്യമറിയിച്ചു.
ഈയടുത്ത് താരം ഏഴാം ക്ലാസ് തുല്യതാ പരീക്ഷയും തുടര്‍ന്ന് എസ്.എസ്.എല്‍.സി തുല്യതാ പരീക്ഷയും എഴുതി ജയിച്ചിരുന്നു. കുട്ടിക്കാലത്ത് പഠിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് ഈ പ്രായത്തില്‍ പഠിക്കേണ്ടി വന്നതെന്ന് പറയുകയാണ് ഇന്ദ്രന്‍സ്. പഠിക്കണമെന്ന ആഗ്രഹം ചെറുപ്പത്തില്‍ നല്ലവണ്ണം ഉണ്ടായിരുന്നെന്നും എന്നാല്‍ അതിന് സാധിച്ചില്ലെന്നും താരം പറഞ്ഞു.
സിനിമയില്‍ എത്തിയപ്പോഴും പഠിപ്പിനെക്കുറിച്ച് ആലോചിച്ചിരുന്നെന്നും ഈയടുത്താണ് അത് തുടരാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. കണ്ണാടിയില്‍ നോക്കുമ്പോള്‍ ഇത്രയൊക്കെ തന്നെക്കൊണ്ട് ചെയ്യാന്‍ സാധിച്ചെന്ന് സ്വയം പറഞ്ഞ് അഭിമാനിക്കാന്‍ വേണ്ടിയാണ് പഠിക്കാന്‍ തീരുമാനിച്ചതെന്നും ഇന്ദ്രന്‍സ് പറയുന്നു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പഠിക്കാന്‍ താത്പര്യമില്ലാഞ്ഞിട്ടല്ല സ്‌കൂളില്‍ പോകാതിരുന്നത്. പഠിക്കണമെന്നൊക്കെ നല്ല ആഗ്രഹമുണ്ടായിരുന്നു. എന്നിട്ടും അതിന് സാധിച്ചില്ല. കാരണം, അന്നത്തെ അവസ്ഥ അങ്ങനെയായിരുന്നു. സിനിമയിലെത്തിയപ്പോള്‍ പിന്നെ അതിന്റെ തിരക്കിലായി. കുറെക്കാലം കഴിഞ്ഞപ്പോള്‍ ഇതുപോലെ വീണ്ടും പഠിക്കാന്‍ ഒരു അവസരം കിട്ടി.
വലിയ ആളാണെന്ന് കാണിക്കാന്‍ വേണ്ടിയല്ല വീണ്ടും പഠിക്കാന്‍ തീരുമാനിച്ചത്. കണ്ണാടിയില്‍ നോക്കുമ്പോള്‍ ‘നിന്നെക്കൊണ്ട് ഇത്രയൊക്കെ പഠിക്കാന്‍ സാധിച്ചു അല്ലേ’ എന്ന് സ്വയം ചോദിക്കുമ്പോള്‍ അഭിമാനം തോന്നില്ലേ, അതിന് വേണ്ടിയായിരുന്നു. നേരിട്ട് എസ്.എസ്.എല്‍.സി എഴുതാന്‍ നോക്കിയപ്പോള്‍ ഏഴാം ക്ലാസ് പഠനം നിര്‍ബന്ധമാണെന്ന് പറഞ്ഞു. അങ്ങനെ ആദ്യം ഏഴാം ക്ലാസും അത് കഴിഞ്ഞ് എസ്.എസ്.എല്‍.സിയും എഴുതി. നന്നായി പഠിച്ച് തന്നെയാണ് പരീക്ഷയെഴുതിയത്,’ ഇന്ദ്രന്‍സ് പറയുന്നു.
ഇന്ദ്രന്‍സ് ഭാഗമായ പുതിയ വെബ് സീരീസ് കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 അടുത്തിടെ സ്ട്രീമിങ് ആരംഭിച്ചിരുന്നു. സി.പി.ഒ. അമ്പിളി രാജു എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് ഇന്ദ്രന്‍സ് കാഴ്ചവെച്ചത്. വളരെ ചെറിയ സ്‌ക്രീന്‍ ടൈമില്‍ വന്ന അമ്പിളി രാജു സീരീസിന്റെ നെടുംതൂണായി മാറുകയായിരുന്നു. ജിയോ ഹോട്‌സ്റ്റാറിലൂടെയാണ് സീരീസ് സ്ട്രീം ചെയ്യുന്നത്.
Content Highlight: Indrans about his participation in SSLC equivalent exam