എനിക്കും രാജുവിനും അദ്ദേഹമൊരു ലിവിങ് എക്‌സാമ്പിള്‍; എന്തും നേടാമെന്ന് തെളിയിച്ചു: ഇന്ദ്രജിത്ത് സുകുമാരന്‍
Entertainment
എനിക്കും രാജുവിനും അദ്ദേഹമൊരു ലിവിങ് എക്‌സാമ്പിള്‍; എന്തും നേടാമെന്ന് തെളിയിച്ചു: ഇന്ദ്രജിത്ത് സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th June 2025, 9:41 am

നടന്‍ സുകുമാരന്റെ നിര്‍മാണത്തില്‍ എത്തിയ പടയണി എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ ചെറുപ്പം അഭിനയിച്ച് തന്റെ കരിയര്‍ ആരംഭിച്ച നടനാണ് ഇന്ദ്രജിത്ത് സുകുമാരന്‍. ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍, മീശമാധവന്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം പിന്നീട് ശ്രദ്ധേയനായത്.

തുടര്‍ന്ന് നായകനായും വില്ലനായും സഹനടനായും മലയാളത്തില്‍ ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിക്കാന്‍ ഇന്ദ്രജിത്തിന് സാധിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിക്കാനും നടന് കഴിഞ്ഞു.

ഇപ്പോള്‍ അമൃത ടി.വിയുടെ ഓര്‍മയില്‍ എന്നും എന്ന പരിപാടിയില്‍ തന്റെ അച്ഛനായ സുകുമാരനെ കുറിച്ച് പറയുകയാണ് ഇന്ദ്രജിത്ത്. അദ്ദേഹത്തിന്റെ ജീവിതം തനിക്കും സഹോദരനായ പൃഥ്വിരാജിനും ഒരു ലിവിങ് എക്‌സാമ്പിളായിരുന്നു എന്നാണ് നടന്‍ പറയുന്നത്.

‘അച്ഛന്റെ ജീവിതം തന്നെ ഒരു വലിയ ഉദാഹരമാണ്. അദ്ദേഹം എനിക്കും രാജുവിനും ഒരു ലിവിങ് എക്‌സാമ്പിളായിരുന്നു. ഒരാള്‍ എങ്ങനെയാകണമെന്നും വളര്‍ന്നു വരുമ്പോള്‍ നമ്മള്‍ എങ്ങനെ ആയിരിക്കണമെന്നും അദ്ദേഹം ജീവിതത്തിലൂടെ പറഞ്ഞു തന്നു.

ഹാര്‍ഡ് വര്‍ക്കിലൂടെ നമുക്ക് എന്തും നേടിയെടുക്കാന്‍ സാധിക്കുമെന്ന് തെളിയിച്ച ആളാണ് അദ്ദേഹം. ഞങ്ങളുടെ അച്ഛന്‍ ഒരു ബഹുമുഖ വ്യക്തിയാണ്. സുകുമാരന്‍ എന്ന ആളെ ആളുകള്‍ക്ക് നടനെന്ന രീതിയില്‍ മാത്രമേ അറിയുകയുള്ളൂ.

പക്ഷെ അതല്ലാതെ അച്ഛന്‍ ഒരു അഡ്വക്കേറ്റായിരുന്നു, കോളേജില്‍ ഒരു ഇംഗ്ലീഷ് ലെക്ചററായിരുന്നു. അത്തരത്തില്‍ ഒരുപാട് ജോലികള്‍ കൈകാര്യം ചെയ്തിട്ടുള്ള ആളാണ് അദ്ദേഹം. എല്ലാം ഒരുപോലെ ഒരേ പാഷനോടെ ആയിരുന്നു അച്ഛന്‍ ചെയ്തത്.

നമുക്ക് ജീവിതത്തില്‍ ഒരു ആഗ്രഹമുണ്ടെങ്കില്‍, അതിനായി കഷ്ടപ്പെടാന്‍ മനസുണ്ടെങ്കില്‍ തീര്‍ച്ചയായും ഇന്നല്ലെങ്കില്‍ നാളെയത് ചെയ്യാന്‍ സാധിക്കുമെന്ന് അദ്ദേഹം പഠിപ്പിച്ചു. സ്വന്തം അനുഭവങ്ങളിലൂടെയാണ് അച്ഛന്‍ എനിക്കും രാജുവിനും അത് പഠിപ്പിച്ചു തന്നത്,’ ഇന്ദ്രജിത്ത് സുകുമാരന്‍ പറയുന്നു.


Content Highlight: Indrajith Sukumaran Talks About Sukumaran