ഇന്ദ്രൻ്റെയും രാജുവിൻ്റെയും ഇഷ്ടപ്പെട്ട സിനിമ; അവർ തമ്മിലുള്ള വ്യത്യാസം അതാണ്: മല്ലിക സുകുമാരൻ
Entertainment
ഇന്ദ്രൻ്റെയും രാജുവിൻ്റെയും ഇഷ്ടപ്പെട്ട സിനിമ; അവർ തമ്മിലുള്ള വ്യത്യാസം അതാണ്: മല്ലിക സുകുമാരൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 15th June 2025, 8:50 am

1974ൽ പുറത്തിറങ്ങിയ ഉത്തരായനം എന്ന സിനിമയിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന നടിയാണ് മല്ലിക സുകുമാരൻ. മല്ലികയുടെ മക്കളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. അന്തരിച്ച നടൻ സുകുമാരൻ്റെ പങ്കാളിയും കൂടിയാണ് അവർ.

ഒരിടവേളക്ക് ശേഷം മല്ലിക രാജസേനൻ സംവിധാനം ചെയ്ത മേഘസന്ദേശം സിനിമയിലൂടെ അഭിനരംഗത്ത് വീണ്ടും സജീവമായി. അമ്മക്കിളിക്കൂട്, ഛോട്ടാ മുംബൈ, തിരക്കഥ, കലണ്ടർ, ഇവർ വിവാഹിതരായാൽ എന്നിവയാണ് നടിയുടെ മറ്റ് പ്രധാനപ്പെട്ട ചിത്രങ്ങൾ. ഇപ്പോൾ തൻ്റെ മക്കളെക്കുറിച്ച് സംസാരിക്കുകയാണ് അവർ.

തനിക്ക് പൃഥിരാജിന്റെ ആടുജീവിതം ആണ് ഇഷ്ടപ്പെട്ട സിനിമയെന്നും ഇന്ദ്രജിത്തും ഒരുപാട് നല്ല പടങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മല്ലിക സുകുമാരന്‍ പറയുന്നു.

എന്നാല്‍ ഇന്ദ്രജിത്ത് സിനിമ ചെയ്യുമ്പോള്‍ പബ്ലിസിറ്റിയും പി. ആര്‍ വര്‍ക്കും അധികം ചെയ്യില്ലെന്നും ഇന്ദ്രജിത്തിന് അദ്ദേഹത്തിന്റേതായ രീതിയുണ്ടെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.

ഈ അടുത്ത കാലത്ത് എന്ന ചിത്രം നല്ല പടമാണെന്നും ഇന്ദ്രജിത്ത് ഒരുപാട് ബഹളം വെക്കുന്ന പ്രകൃതം അല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പൃഥ്വിരാജ് നേരെ തിരിച്ചാണെന്നും പബ്ലിസിറ്റിയും മറ്റ് കാര്യങ്ങളും പൃഥ്വിരാജ് നന്നായി ശ്രദ്ധിക്കുമെന്നും നടി പറഞ്ഞു.

എല്ലാ ഭാഷകളിലും പൃഥ്വിരാജ് അഭിനയിക്കുന്നതുകൊണ്ട് അദ്ദേഹത്തിന് അത് മാറ്റിവെക്കാന്‍ പറ്റില്ലെന്നും ഇന്ദ്രജിത്തും ഒരുപാട് ചിത്രങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും പബ്ലിസിറ്റി ചെയ്യാന്‍ മടിയാണെന്നും അവര്‍ വ്യക്തമാക്കി. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരന്‍.

‘എന്നെ സംബന്ധിച്ചിടത്തോളം ആടുജീവിതം എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ട സിനിമയാണ്. പിന്നെ ഇന്ദ്രനും ഒരുപാട് നല്ല പടങ്ങള്‍ ചെയ്തിട്ടൊക്കെ ഉണ്ട്. പക്ഷെ, ഇന്ദ്രന്‍ കുറച്ച് ആലോചിച്ച്, ഒരു പടം ചെയ്യുമ്പോള്‍ ഭയങ്കര പബ്ലിസിറ്റിയും പി. ആര്‍ വര്‍ക്കൊന്നും അധികം ചെയ്യില്ല. അവന് അവന്റേതായ ഒരു രീതിയുണ്ട്.

‘നല്ല പടമാണ് അമ്മേ, നന്നായിരിക്കും’ എന്ന് എന്നോട് പറയും. ഈ അടുത്ത കാലത്ത് എന്ന പടമൊക്കെ എന്ത് രസമുള്ള ചിത്രമാണ്. അവനെ സംബന്ധിച്ച ഒരുപാട് ബഹളം വെച്ച് ചെയ്യില്ല. അതേസമയം രാജു നേരെ തിരിച്ചാണ്. രാജുവിന് ഒരു വലിയ ക്യാന്‍വാസ് വേണം. പബ്ലിസിറ്റിയും മറ്റ് കാര്യങ്ങളും രാജു കുറച്ച് ശ്രദ്ധിക്കും. വേറെയൊന്നും ഉണ്ടായിട്ടല്ല. അവന്‍ എല്ലാ ഭാഷയിലും അഭിനയിക്കുന്നുണ്ടല്ലോ. അതുകൊണ്ട് അങ്ങനെ അവന് തഴയാന്‍ ഒക്കത്തില്ല.

ഇന്ദ്രനെ സംബന്ധിച്ച് അനുരാഗ് കശ്യപിന്റെ പടം ചെയ്യുന്നുണ്ട്. അതുകൂടാതെ നല്ല പടങ്ങള്‍ ചെയ്യുന്നൊക്കെ ഉണ്ടെങ്കിലും അവന് ഓവറാക്കി പബ്ലിസിറ്റി ചെയ്യാന്‍ മടിയുള്ള കൂട്ടത്തിലാണ്,’ മല്ലിക സുകുമാരൻ പറയുന്നു.

Content Highlight: Indrajith and Prithviraj ‘s favorite movie; that’s the difference between them says Mallika Sukumaran