ഇന്ത്യന്‍ ജനതയ്ക്ക് അമേരിക്കയെ പേടിയില്ല; വെനസ്വേലക്കെതിരായ നടപടിയില്‍ ശബ്ദമുയരണം: എം.ബി. രാജേഷ്
Kerala
ഇന്ത്യന്‍ ജനതയ്ക്ക് അമേരിക്കയെ പേടിയില്ല; വെനസ്വേലക്കെതിരായ നടപടിയില്‍ ശബ്ദമുയരണം: എം.ബി. രാജേഷ്
രാഗേന്ദു. പി.ആര്‍
Sunday, 4th January 2026, 7:08 pm

പാലക്കാട്: ഞെട്ടിക്കുന്നതും ലജ്ജിപ്പിക്കുന്നതുമായ ആക്രമണമാണ് അമേരിക്കന്‍ ഭരണകൂടം വെനസ്വേലയില്‍ നടത്തിയതെന്ന് സംസ്ഥാന എക്‌സൈസ്/തദ്ദേശ വകുപ്പുമന്ത്രി എം.ബി. രാജേഷ്.

സ്വാതന്ത്ര്യവും പരമാധികാരവുമുള്ള ഒരു രാജ്യത്ത് നിയമവിരുദ്ധമായി കടന്നുകയറി അവിടുത്തെ ഭരണാധികാരിയെയും ഭാര്യയെയും ബന്ദിയാക്കി കടത്തിക്കൊണ്ടുപോവുക. പരിഷ്‌കൃത ലോകം നെറ്റിചുളിക്കുന്ന ഈ ക്രൂരത നടത്തിയത് ഏറ്റവും പരിഷ്‌കൃതരെന്ന് സ്വയം അഭിമാനിക്കുന്ന അമേരിക്കന്‍ ഭരണകൂടമാണെന്നും എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

മറ്റൊരു രാജ്യത്ത് കടന്നുകയറി അട്ടിമറി നടത്തി അധികാരം കവര്‍ന്നെടുക്കാന്‍ അമേരിക്കയെ ആരാണ് ചുമതലപ്പെടുത്തിയതെന്നും ചോദ്യമുണ്ട്. ലോകത്തുടനീളം ഇതിനെതിരെ വൈകാരികമായ പ്രതിഷേധം ഉയര്‍ന്നുവരുന്നത് മുഖ്യധാര മാധ്യമങ്ങള്‍ തമസ്‌കരിക്കുകയാണ് ചെയ്തത്. എന്നാല്‍ അതെല്ലാം സാമൂഹ്യ മാധ്യമങ്ങളിലൂടെ ലോകം അറിയുന്നുണ്ട്. വെനസ്വേലയിലെ ജനങ്ങള്‍ തെരുവിലിറങ്ങി അതിവൈകാരികതയോടെ തങ്ങളുടെ നേതാവ് മഡൂറോയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വെനസ്വേലന്‍ ജനതയുടെ ധീരതയ്ക്കും ആവേശത്തിനും മുന്നില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് മുട്ടുമടക്കേണ്ടിവരുമെന്ന് ഉറപ്പാണ്. വെനസ്വേലയുടെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും ജനഹിതത്തിനും മേലുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നഗ്‌നമായ കടന്നാക്രമണമാണിത്. അമേരിക്കയുടെ നടപടി അത്ഭുതപ്പെടുത്തുന്നതോ അസാധാരണമോ അല്ല, പക്ഷേ പ്രാകൃതവും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധവുമാണ്. അതിനാല്‍ തീര്‍ത്തും അസ്വീകാര്യവും പ്രതിഷേധാര്‍ഹവുമാണെന്നും എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു.

വെനസ്വേലയുടെ വലിയ എണ്ണ സമ്പത്താണ് അമേരിക്കയുടെ ഈ കടന്നാക്രമണത്തിന്റെ അടിസ്ഥാന കാരണം. ലോകത്ത് ആകെയുള്ള പെട്രോളിയം നിക്ഷേപത്തിന്റെ 18 ശതമാനത്തോളം വെനസ്വേലയില്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 100 വര്‍ഷത്തേക്കുള്ള എണ്ണ നിക്ഷേപമാണിത്. ഏകദേശം 30,300 കോടി ബാരല്‍.

1998ല്‍ ഹ്യൂഗോ ഷാവേസ് അധികാരത്തില്‍ എത്തിയപ്പോള്‍ എണ്ണ വ്യവസായം ദേശസാത്ക്കരിക്കുകയും കോര്‍പ്പറേറ്റ് ചൂഷണം പൂര്‍ണമായി അവസാനിപ്പിക്കുകയും ചെയ്തു. ദേശസാത്ക്കരിച്ച എണ്ണ വ്യവസായത്തിലൂടെ ലഭിച്ച വമ്പിച്ച വരുമാനം ഉപയോഗിച്ചാണ് 14 വര്‍ഷത്തെ ഷാവേസ് ഭരണത്തില്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളിലൂടെ വന്‍തോതില്‍ ദാരിദ്ര്യം കുറയ്ക്കാനും വലിയ കുതിപ്പ് നടത്താനും വെനസ്വേലക്ക് കഴിഞ്ഞതെന്നും മന്ത്രി പറയുന്നു.

ഷാവേസിന്റെ അകാല വിയോഗത്തിന് ശേഷം നിക്കോളാസ് മഡുറോ ഈ നയപരിപാടികളുമായി മുന്നോട്ടുപോയി. 2002ല്‍ അട്ടിമറി നടത്തി ഷാവേസിനെ പുറത്താക്കാന്‍ അമേരിക്ക ശ്രമിച്ചെങ്കിലും വമ്പിച്ച ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് അമേരിക്കക്ക് കീഴടങ്ങേണ്ടി വരികയും ഷാവേസ് അധികാരത്തിലേക്ക് തിരിച്ചുവരികയും ചെയ്തത് ചരിത്രമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

എണ്ണ കവര്‍ച്ചക്കായി ഇറാഖിനെ ആക്രമിച്ച് ശിഥിലമാക്കിയ അതേ മനോഭാവത്തോടെയാണ് അമേരിക്ക ഇപ്പോള്‍ വെനസ്വേലക്ക് നേരേ തിരിഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതിയെ അംഗീകരിക്കാത്ത അമേരിക്ക അവരുടെ സ്വന്തം കോടതിയില്‍ മഡുറോയെ വിചാരണ ചെയ്യുമെന്നാണ് പറയുന്നത്. മഡുറോയും ഭാര്യയും എവിടെയാണെന്നറിയാന്‍ വെനസ്വേലയിലെ ജനങ്ങള്‍ക്കും ലോകത്തിനാകെത്തന്നെയും അവകാശമുണ്ടെന്നും എം.ബി. രാജേഷ് പറഞ്ഞു.

അമേരിക്ക ഇക്കാര്യം വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെനസ്വേലയുടെ സ്വയംനിര്‍ണയ അവകാശം പാലിക്കപ്പെടണം. ഇതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദം ശക്തമായി ഉണ്ടാകേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മൗനം കുറ്റകരവും അപകടകരവുമാണ്. മോദി സര്‍ക്കാരിനെ ശക്തമായ പ്രതികരണത്തിന് നിര്‍ബന്ധിക്കും വിധം ജനകീയ ശബ്ദം ഇക്കാര്യത്തില്‍ ഉയര്‍ന്നുവരണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

അമേരിക്കയ്ക്കും ട്രംപിനും മുന്നില്‍ മുട്ട് വിറയ്ക്കുന്നവരുണ്ടാകാം. പക്ഷേ അതിശക്തരായ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പൊരുതിയകറ്റിയ ഇന്ത്യന്‍ ജനതയ്ക്ക് അമേരിക്കയെ പേടിയില്ല. അവര്‍ ഈ ധിക്കാരത്തെ ചോദ്യം ചെയ്യുമെന്നും എം.ബി. രാജേഷ് പറഞ്ഞു.

Content Highlight: Indian people are not afraid of US; they should raise their voice in taking action against Venezuela: M.B. Rajesh

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.