ഫലസ്തീന്‍ അനുകൂല പ്രസംഗം നടത്തിയ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിക്ക് ബിരുദദാന ചടങ്ങില്‍ വിലക്ക്
World News
ഫലസ്തീന്‍ അനുകൂല പ്രസംഗം നടത്തിയ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിക്ക് ബിരുദദാന ചടങ്ങില്‍ വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 31st May 2025, 10:40 pm

മസാച്യുസെറ്റ്സ്: ഫലസ്തീന്‍ അനുകൂല പ്രസംഗം നടത്തിയ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് വിലക്കി യു.എസിലെ മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. വെള്ളിയാഴ്ച ചടങ്ങില്‍ നിന്ന് മേഘ വെമുരി എന്ന വിദ്യാര്‍ത്ഥിയെയാണ് വിലക്കിയത്.

നടപടി അച്ചടക്ക ലംഘനത്തിന്റെ ഭാഗമെന്നാണ് വിശദീകരണം. മേഘയുടെ പേര് പരാമര്‍ശിക്കാതെയാണ് സര്‍വകലാശാല അച്ചടക്ക നടപടി സ്വീകരിച്ചത്.

‘ആ വിദ്യാര്‍ത്ഥിക്ക് ബിരുദദാന ചടങ്ങില്‍ ഷെഡ്യൂള്‍ ചെയ്ത ഒരു റോളുണ്ടായിരുന്നു. എന്നാല്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് അനുവാദമില്ല. അവര്‍ തെറ്റിദ്ധാരണ പരത്തുന്ന വിധത്തില്‍ തുടര്‍ച്ചയായി പ്രതിഷേധിക്കുകയും ചടങ്ങ് തടസപ്പെടുത്തുകയും ചെയ്തു. അച്ചടക്ക ലംഘനത്തിനാണ് വിദ്യാര്‍ത്ഥിക്കെതിരായ നടപടി,’ എം.ഐ.ടി വക്താവ് കിംബര്‍ലി അലന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഇസ്രാഈലിനെതിരായ മേഘയുടെ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ വ്യാപാരമായി പ്രചരിച്ചിരുന്നു. ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദിനംപ്രതി പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനിടെയാണ് മേഘ വെമുരി ഫലസ്തീന്‍ അനുകൂല പ്രസംഗം നടത്തി ശ്രദ്ധിക്കപ്പെട്ടത്.

ഫലസ്തീന്‍ സ്വതന്ത്ര പോരാട്ടത്തിന്റെ പ്രതീകമായ കഫിയ ധരിച്ചുകൊണ്ടായിരുന്നു മേഘ പ്രസംഗിച്ചത്. ഇസ്രഈല്‍ ഭൂമിയില്‍ നിന്ന് ഫലസ്തീനെ തുടച്ചുനീക്കാന്‍ ശ്രമിക്കുകയാണെന്നും എം.ഐ.ടി അതിന് കൂട്ടുനില്‍ക്കുന്നുവെന്നുമായിരുന്നു മേഘയുടെ പരാമര്‍ശം.

നമ്മള്‍ ബിരുദം നേടി ജീവിതവുമായി മുന്നോട്ടുപോകുമ്പോള്‍ ഗസയില്‍ ഒരു സര്‍വകലാശാല പോലും അവശേഷിക്കുന്നില്ലെന്നും മേഘ ചൂണ്ടിക്കാട്ടിയിരുന്നു. ബിരുദദാന ചടങ്ങിന്റെ തലേദിവസം നടന്ന പരിപാടിയില്‍ മേഘ സംസാരിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

ഇസ്രഈല്‍ സൈന്യവുമായുള്ള ബന്ധം സര്‍വകലാശാല തുടരുകയാണെന്നും എം.ഐ.ടിയ്ക്ക് ഗവേഷണ ബന്ധമുള്ള ഒരേയൊരു സേന ഇസ്രഈലിന്റേതാണെന്നും മേഘ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനുപിന്നാലെയാണ് മേഘ വെമുരിക്കെതിരെ സര്‍വകലാശാല നടപടിയെടുത്തത്. സര്‍വകലാശാലയിലെ സീനിയര്‍ ക്ലാസ് പ്രസിഡന്റ് കൂടിയാണ് മേഘ.

മേഘയുടെ പ്രസംഗത്തെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് ക്രിപ്റ്റോകറന്‍സി മേഖലയിലെ ഇസ്രഈല്‍ സി.ഇ.ഒയായ ഔറിയല്‍ ഒഹായോണ്‍ രംഗത്തെത്തിയിരുന്നു. മേഘ ഒരിക്കലും തന്റെ കരിയര്‍ കണ്ടെത്താതെ പോകട്ടെ എന്നായിരുന്നു ഔറിയലിന്റെ സോഷ്യല്‍ മീഡിയയിലെ കുറിപ്പ്.

ചിലര്‍ മേഘയെ നാടുകടത്തണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെട്ടു. ഫലസ്തീന്‍ അനുകൂല പ്രസംഗത്തിലൂടെ മേഘ ശ്രദ്ധ പിടിച്ചുമാറ്റാനുള്ള ശ്രമമാണ് നടത്തിയതെന്നും ചിലര്‍ പറയുന്നു.

Content Highlight: Indian-origin MIT class president barred from graduation commencement after pro-Palestine speech