'ദളിതരും മുസ്‌ലിങ്ങളും ആക്രമിക്കപ്പെടുന്നു'; ഇന്ത്യയില്‍ മനുഷ്യാവകാശം ഭീഷണിയിലെന്ന് ആംനസ്റ്റി റിപ്പോര്‍ട്ട്
Amnesty International report
'ദളിതരും മുസ്‌ലിങ്ങളും ആക്രമിക്കപ്പെടുന്നു'; ഇന്ത്യയില്‍ മനുഷ്യാവകാശം ഭീഷണിയിലെന്ന് ആംനസ്റ്റി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th February 2018, 7:53 am

ന്യൂദല്‍ഹി: രാജ്യത്ത് മനുഷ്യാവകാശം ഭീഷണിയിലാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്. രാജ്യം അഭിപ്രായ സ്വാതന്ത്ര്യ ഭീഷണി നേരിടുണ്ടെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമാകുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

“ദളിതര്‍ക്കും മുസ്‌ലിങ്ങള്‍ക്കും എതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു. ഹിന്ദു ദേശീയവാദ സര്‍ക്കാരിനുകീഴില്‍ രാജ്യത്ത് ഇസ്‌ലാമോഫോബിയ പടര്‍ന്നുപിടിക്കുകയാണ്. ”

പശു സംരക്ഷകരില്‍ നിന്ന് പത്തിലധികം മുസ്‌ലിങ്ങള്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സര്‍ക്കാരുകള്‍ക്ക് ഇത് തടയാനാകുന്നില്ലെന്നും പൗരന് സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

അന്തരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കിയെന്ന് ആരോപിച്ച് പീപ്പിള്‍സ് വാച്ച് അടക്കമുള്ള സംഘടനകള്‍ക്ക് ആഭ്യന്തരമന്ത്രാലയം വിദേശ ഫണ്ട് നിരസിച്ചതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ബ്ലോഗര്‍മാര്‍, ആക്ടിവിസ്റ്റുകള്‍, ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഭയപ്പെടുത്തലുകള്‍ക്കും ഭീഷണികള്‍ക്കും അതിക്രമങ്ങള്‍ക്കും വിധേയമാകുന്നു. അടിച്ചമര്‍ത്തല്‍ നിയമങ്ങളിലൂടെ ആവിഷ്‌കാരസ്വാതന്ത്ര്യവും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സര്‍വകലാശാലകളില്‍ അഭിപ്രായസ്വാതന്ത്ര്യം നഷ്ടപ്പെടുന്നതായും റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.