ലണ്ടൻ : ലണ്ടനിൽ ഗാന്ധിജിയുടെ പ്രതിമയ്ക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ച് ഇന്ത്യൻ എംബസി. ലണ്ടനിലെ ടാവിസ്റ്റോക് സ്ക്വയറിയിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയ്ക്ക് നേരെയാണ് ആക്രമണം. ഗാന്ധി പ്രതിമയുടെ താഴെ ചില ചുവരെഴുത്തുകളും കണ്ടെത്തി. ഇത് യു.കെയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ രോഷമുണ്ടാക്കിയിട്ടുണ്ട്.
ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിലെ മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ചതിൽ ദുഖമുണ്ടെന്നും അതിനെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്ത്യൻ ഹൈക്കമ്മീഷൻ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.
ഗാന്ധി ജയന്തിയുടെ മൂന്നുദിവസം മുമ്പ് നടത്തിയ ഈ പ്രവൃത്തി വെറും നശീകരണ പ്രവർത്തനം മാത്രമല്ലെന്നും അഹിംസയുടെ ആശയങ്ങൾക്കും മഹാത്മാഗാന്ധിയുടെ പൈതൃകങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും പ്രതിമ പുനസ്ഥാപിക്കുന്നതിനായി അധികാരികളുമായി ചർച്ച ചെയ്യുന്നുണ്ടെന്നും ഇന്ത്യൻ ഹൈക്കമ്മീഷൻ കൂട്ടിച്ചേർത്തു.
ഗാന്ധി പ്രതിമ തകർത്തതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പരിശോധിക്കുകയാണെന്ന്
മെട്രോപൊളിറ്റിൻ പൊലീസും കാംഡൻ കൗൺസിൽ അധികൃതരും പി.ടി.ഐയെ അറിയിച്ചു.
പോളിഷ് ശില്പി ഫ്രെഡ ബ്രില്യന്റാണ് ഈ പ്രതിമ നിർമിച്ചത്. യു.കെയിലെ ഗാന്ധിജയന്തി പരിപാടികൾ സാധാരണയായി നടക്കുന്നത് ഇവിടെയാണ്. പ്രതിമയുടെ താഴെയായി ‘ മഹാത്മാഗാന്ധി 1869 – 1948’ എന്ന് എഴുതിയിട്ടുണ്ട്.
1968ൽ ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ നിയമ വിദ്യാർത്ഥിയായിരുന്ന മോഹൻ ദാസ് കരം ചന്ദ് ഗാന്ധിയോടുള്ള ആദരസൂചകമായി നിർമ്മിച്ചതാണ് ടാവിസ്റ്റോക്ക് സ്ക്വയറിലെ വെങ്കല പ്രതിമ.
യു.കെയിൽ ഗാന്ധിയുടെ പ്രതിമ നശിപ്പിക്കുന്നത് ആദ്യമായല്ല 2014 ൽ ലെസ്റ്ററിലെ പ്രതിമയും നശിപ്പിക്കപ്പെട്ടിരുന്നു. ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.കെയുടെ ചില ഭാഗങ്ങളിൽ പ്രചാരണങ്ങൾ നടന്നിട്ടുണ്ട്.
Content Highlight: Indian Embassy condemns attack on Gandhi statue in London