ചോദിക്കാതിരിക്കാനും പറയാതിരിക്കാനും | Opinion
Economy
ചോദിക്കാതിരിക്കാനും പറയാതിരിക്കാനും | Opinion
ഫാറൂഖ്
Monday, 7th September 2020, 1:55 pm

സാധാരണ മനുഷ്യര്‍ എന്ന നിലക്ക് ജി.ഡി.പിയോ മറ്റു സ്റ്റാറ്റിസ്റ്റിക്കു‌കളോ നമുക്ക് മനസ്സിലാവില്ല, നമ്മള്‍ സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചിട്ടില്ല, അത് നമ്മുടെ ജോലിയുടെ ഭാഗവുമല്ല. കൊറോണ വന്നു മരിക്കുമോ എന്നാലോചിച്ചു വിഷമിച്ചിരിക്കുമ്പോള്‍ പഠിക്കാന്‍ പറ്റിയ വിഷയമല്ല സ്റ്റാറ്റിസ്റ്റിക്സ്.

അതുകൊണ്ട് തന്നെ രാജ്യത്തിന്റെ ജി.ഡി.പി 24% കൂപ്പു കുത്തി എന്ന് കേള്‍ക്കുമ്പോള്‍ ശരാശരി ഇന്ത്യക്കാരെ അതെങ്ങനെ ബാധിക്കും എന്ന് നമുക്ക് മനസ്സിലാവില്ല. അതൊരു കുറ്റമല്ല. പക്ഷെ അത് നമുക്ക് മനസ്സിലാക്കി തരേണ്ട കടമയുള്ളവരാണ് മാധ്യമങ്ങള്‍ എന്നാണ് വെയ്പ്. അതിനാണ് നമ്മള്‍ ടി.വി കാണുന്നതും പത്രം വായിക്കുന്നതും.

ജി.ഡി.പി കൂപ്പുകുത്തിയ വാര്‍ത്ത വന്ന ദിവസം, സുശാന്ത് സിംഗിന്റെ ആത്മഹത്യ കൊലപാതകമാക്കാനും റിയ ചക്രബര്‍ത്തി എന്ന നടിക്ക് നടക്കാത്ത കൊലപാതകത്തില്‍ ഇല്ലാത്ത പങ്ക് ഉണ്ടാക്കാനുമായി മാസങ്ങളായി പ്രൈം ടൈമില്‍ ചര്‍ച്ച നടത്തുന്ന, ദേശീയ ചാനല്‍ എന്ന് സ്വയം വിളിക്കുന്ന ഉത്തരേന്ത്യന്‍ ഇംഗ്ലീഷ് ചാനലിന്റെ അവതാരകനോട് ഒരു പാനെലിസ്‌റ് ചോദിച്ചു, ഇന്നെങ്കിലും നമുക്ക് നാട്ടുകാരുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് അല്പം സംസാരിച്ചു കൂടെ എന്ന്, ഉത്തരമായി അവതാരകന്‍ അലറി – നിങ്ങള്‍ ഈ ചാനലിന്റെയും കാഴ്ചക്കാരുടെയും ഈ രാജ്യത്തിന്റെയും സമയം പാഴാക്കരുത്, നമ്മുടെ വിഷയത്തിലേക്ക് തിരിച്ചു വരൂ !

ചോദിക്കാനും പറയാനും എന്ന പരസ്യ വാചകമുള്ള ചാനലിലും ഈ ചോദ്യമുയര്‍ന്നു, പാനെലിസ്റ്റായി വന്ന മുന്‍ എം.പി യായിരുന്ന എം.ബി രാജേഷ് പ്രൈം ടൈം അവതാരകയോട് ഏകദേശം ഇതേ പോലെ ഒരു ചോദ്യം ചോദിച്ചു. വിഷയത്തിലേക്ക് മടങ്ങി വരാനായിരുന്നു അവതാരകയുടെ നിര്‍ദ്ദേശം, എന്തായിരുന്നു വിഷയം – ഒപ്പു വിവാദം !

സ്റ്റാറ്റിറ്റിക്സ് മനസ്സിലാവില്ലെങ്കിലും മാധ്യമങ്ങള്‍ വിശദീകരിച്ചു തന്നില്ലെങ്കിലും മിക്കവരും അനുഭവം കൊണ്ടറിയുന്നുണ്ട് ഇപ്പോഴത്തെ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി, ഇനി അഥവാ ഇപ്പോഴും സേഫ് സോണിലുള്ളവരാണ് നിങ്ങളെങ്കില്‍ പുറത്തിറങ്ങി നാലു പേരോട് സംസാരിച്ചാല്‍ മതി.

ഇന്ത്യയിലെ ഏതു നഗരത്തിലായാലും നിങ്ങള്‍ സംസാരിക്കുന്ന മിക്കവാറും പേര്‍ ഒരു തരത്തിലല്ലെങ്കില്‍ വേറൊരു തരത്തില്‍ തൊഴില്‍ നഷ്ടമോ വരുമാന നഷ്ടമോ അനുഭവിക്കുന്നവരാകും.

ജോലി നഷ്ടപ്പെട്ട ഫാക്ടറി തൊഴിലാളികള്‍, കച്ചവടം കുറഞ്ഞത് മൂലം പിരിച്ചു വിടപ്പെട്ട ഷോറൂം ജീവനക്കാര്‍, കച്ചവടം നഷ്ടത്തിലായത് കാരണം കുടുംബം പോറ്റാന്‍ പറ്റാത്ത ചെറുകിട കച്ചവടക്കാര്‍, ഒരു വരുമാനവുമില്ലാത്ത നിര്‍മാണ തൊഴിലാളികള്‍ എന്നിങ്ങനെ.

ഗ്രാമങ്ങളില്‍ കെട്ടിട നിര്‍മാണം മാത്രമല്ല, കല്യാണങ്ങളോടും അനുബന്ധ ചടങ്ങുകളോടും അനുബന്ധിച്ചുള്ള ഗ്രാമീണ സമ്പദ് വ്യവസ്ഥയും തകര്‍ന്നു. പന്തല്‍ പണിക്കാര്‍, പാചകക്കാര്‍, പെയിന്റ് പണിക്കാര്‍ തുടങ്ങിയവരൊക്കെ വീട്ടിലിരിപ്പാണ്.

കല്യാണങ്ങളിലും മറ്റു ചടങ്ങുകളിലും വന്ന ലാളിത്യം പെണ്‍കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വലിയ ആശ്വാസമായെങ്കില്‍, ഗ്രാമങ്ങളില്‍ നിലനിന്ന ഒട്ടേറെ തൊഴിലുകളാണ് ഇല്ലാതായത്, തിരിച്ചു വരുമെന്ന് ഉറപ്പില്ലാത്ത വിധം.

വാഹനത്തിനായാലും വീട് വെക്കാനായാലും എന്തെങ്കിലും ലോണ്‍ ഇല്ലാത്ത ആളുകളില്ല നാട്ടില്‍. അവരുടെ ലോണ്‍ തിരിച്ചടവിന് മൂന്നു മാസത്തേക്ക് കൊടുത്തിരുന്ന മൊറട്ടോറിയം ഈ മാസം തുടക്കത്തോടെ അവസാനിച്ചു. ആ മൂന്നു മാസത്തെ പലിശ മുതലിനോട് ചേര്‍ത്ത് പുതുക്കിയ ഇ.എം.ഐ ഈ മാസം മുതല്‍ അടച്ചു തുടങ്ങണം, മൂന്നു മാസം മുമ്പുള്ള തൊഴില്‍ സാഹചര്യങ്ങളില്‍ പ്രത്യേകിച്ച് മാറ്റമൊന്നും വന്നിട്ടുമില്ല.

ജി.എസ്.ടി കോമ്പന്‍സേഷന്‍ കിട്ടിയില്ലെങ്കില്‍ മിക്ക സംസ്ഥാനങ്ങളും ഡിസംബറോടെ പാപ്പരാവും. പണച്ചെലവുള്ള എല്ലാ കാര്യങ്ങളും ചെയ്യേണ്ടത് സംസ്ഥാനങ്ങളാണ്. ആരോഗ്യവും വിദ്യാഭ്യാസവും ക്രമാസമാധാനവുമൊക്കെ,  മിക്കവാറും നിലക്കും, ശമ്പളവും. അതൊഴിവാക്കണമെങ്കില്‍ ഓരോ സംസ്ഥാനവും വന്‍തോതില്‍ കടമെടുക്കേണ്ടി വരും.

അടുത്ത ബജറ്റ് മുതല്‍ ആ കടം വീട്ടാന്‍ വലിയൊരു തുക നീക്കി വെക്കേണ്ടിയും വരും. അടുത്ത കൊല്ലവും ജി.എസ്.ടി പണം കേന്ദ്രത്തില്‍ നിന്ന് കിട്ടുമെന്ന് ഉറപ്പില്ല, പ്രാര്‍ത്ഥിക്കാം. സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ പ്രാര്‍ത്ഥിക്കാനുള്ള അവകാശമേ ഉള്ളൂ. ജി.എസ്.ടി എന്ന ഊരാക്കുടുക്കിലേക്ക് നമ്മള്‍ എങ്ങനെ എത്തിപ്പെട്ടു എന്നും അതില്‍ നിന്ന് എങ്ങനെ പുറത്തു കടക്കാമെന്നും ഒരു മാധ്യമവും ചര്‍ച്ച ചെയ്തു കാണുന്നില്ല.

ഇപ്പറയുന്ന മാധ്യമങ്ങളില്‍ തന്നെ വന്‍തോതില്‍ പിരിച്ചുവിടലുകള്‍ നടന്നിട്ടുണ്ട്. ബ്യുറോകള്‍ അടച്ചു പൂട്ടപ്പെട്ടിട്ടുണ്ട്, ഒട്ടേറെ തസ്തികകള്‍ ഇല്ലാതായിട്ടുണ്ട്. ശമ്പളം വെട്ടിക്കുറക്കുന്നതും വ്യാപകമായിട്ടുണ്ട്.

ഇതിന്റെയൊക്കെ സ്റ്റാറ്റിസ്റ്റിക്സ് രൂപമാണ് ജി.ഡി.പി എന്ന പേരില്‍ വരുന്നത്. ജി.ഡി.പി 24% കുറഞ്ഞു എന്നാല്‍ നമ്മള്‍ മുമ്പ് കേള്‍ക്കുന്ന വളര്‍ച്ചാ നിരക്ക് കുറഞ്ഞു എന്നതല്ല. ഇത് ജി.ഡി.പി തന്നെ കുറഞ്ഞതാണ്. ( വളര്‍ച്ചാ നിരക്ക് കുറയുന്നതിനെ പറ്റി കഴിഞ്ഞ കൊല്ലം ഇതേ കോളത്തില്‍ വിശദീകരിച്ചിരുന്നു. വായിക്കാത്തവര്‍ക്ക് ഇവിടെ വായിക്കാം – ഹിന്ദു വളര്‍ച്ചാ നിരക്ക്)

ജി.ഡി.പി എന്നതിനെ ലളിതമായി പറഞ്ഞാല്‍ രാജ്യത്ത് മൊത്തം ഉല്പാദിപ്പിക്കുന്ന സാധനങ്ങളും സേവനങ്ങളും ഒരു പ്രത്യേക അനുപാതത്തില്‍ കൂട്ടിയാല്‍ ജി.ഡി.പി ആയി. ടൂത്പേസ്റ്റ്, മോട്ടോര്‍സൈക്കിള്‍, അരി, പഴങ്ങള്‍ തുടങ്ങി റോക്കറ്റുകള്‍ വരെ സാധനങ്ങളുടെ കൂട്ടത്തിലും , ബാര്‍ബര്‍, ഡോക്ടര്‍, ഡ്രൈവര്‍, ശാസ്ത്രഞ്ജര്‍ തുടങ്ങി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ വരെ ചെയ്യുന്ന ജോലികള്‍ സേവനങ്ങളുടെ കൂട്ടത്തിലും പെടും.

ഇക്കൊല്ലത്തെ ജി.ഡി.പി യില്‍ നിന്ന് കഴിഞ്ഞ കൊല്ലത്തേത് കുറച്ചാല്‍ കിട്ടുന്ന സംഖ്യയാണ് സാമ്പത്തിക വളര്‍ച്ചാ നിരക്ക് എന്ന് പറയുന്ന, നമ്മള്‍ക്കൊക്കെ വാട്സാപ്പില്‍ ലഭിക്കുന്ന നമ്പര്‍.

ഇപ്പോള്‍ കുറഞ്ഞത് വളര്‍ച്ചാ നിരക്കും വളര്‍ച്ചയുമൊന്നുമല്ല. ജി.ഡി.പി തന്നെയാണ്. കൃത്യമായി പറഞ്ഞാല്‍ ഏപ്രിലിന് മുമ്പ് ഇന്ത്യയുടെ മൊത്തം സ്വത്ത്, വിശാലാര്‍ത്ഥത്തില്‍, 35.4 ലക്ഷം കോടിയായിരുന്നത് ജൂണ്‍ അവസാനിച്ചപ്പോള്‍ 26.9 ലക്ഷം കോടിയായി കുറഞ്ഞു, ഇത് ഓര്‍ഗനൈസ്ഡ് സെക്ടറിലെ മാത്രം കണക്കാണ്. അണ്‍ ഓര്‍ഗനൈസ്ഡ് സെക്ടറില്‍ ഒലിച്ചു പോയ സമ്പത്തിനു കണക്കില്ല.

ഇങ്ങനെ ഒലിച്ചു പോയ ജി.ഡി.പി പഴയ നിലയില്‍, അഥവാ ഇക്കൊല്ലം തുടങ്ങുമ്പോഴത്തെ നിലയില്‍ എത്തിക്കാന്‍ ചുരുങ്ങിയത് മൂന്നു കൊല്ലം എടുക്കും എന്നതാണ് കണക്ക്. താരതമ്യ കാണക്കായത് കൊണ്ട് ഇക്കൊല്ലം സാമ്പത്തികാവസ്ഥ പടുകുഴിയിലായത് കാരണം അടുത്ത കൊല്ലം വന്‍ വളര്‍ച്ചയായിരിക്കും രേഖപ്പെടുത്തുക.

ഒരു ശതമാനം ജി.ഡി.പി വര്‍ധന 10 ലക്ഷം തൊഴിലുകള്‍ ഉണ്ടാക്കും എന്നതാണ് ഏകദേശ കണക്ക്. തിരിച്ചു പറഞ്ഞാല്‍ ഒരു ശതമാനം കുറവ് 10 ലക്ഷം തൊഴിലുകള്‍ ഇല്ലാതാക്കും, ആ അവസ്ഥയിലാണ് 24% തളര്‍ച്ചയെ കാണേണ്ടത്. ഇന്ത്യയിലെ ജനസംഖ്യാ വര്‍ധനവും കോളേജുകളില്‍ നിന്ന് പുറത്തു വരുന്ന കുട്ടികളുടെ എണ്ണവും കണക്കാക്കുമ്പോള്‍ ഏകദേശം ഒരു കോടി ജോലികള്‍ ഓരോ കൊല്ലവും പുതുതായി ഉണ്ടാകണം.

മഹാമാരിയുടെ സമയത്ത് നഷ്ടമായ നല്ലൊരു ശതമാനം തൊഴിലും തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം. പക്ഷെ തിരിച്ചു വരാത്ത ജോലികളും ഉണ്ട്.

ഉദാഹരണത്തിന് തൊഴില്‍ നഷ്ടപെട്ട നാല്‍പതു വയസ്സിനു മുകളിലുള്ളവരില്‍ നല്ലൊരു ശതമാനം ആളുകള്‍ക്കും പുതിയൊരു ജോലി കണ്ടു പിടിക്കുക എന്നത് കഠിനമായിരിക്കും. നേരത്തെ പറഞ്ഞ കല്യാണങ്ങളോടും മറ്റു ചടങ്ങുകളോടും അനുബന്ധിച്ചു ഗ്രാമങ്ങളില്‍ നഷ്ടമായ നല്ലൊരു പങ്ക് ജോലികളും തിരിച്ചു വരില്ല.

ഒട്ടേറെ ജോലികള്‍ ഓണ്‍ലൈനിലേക്ക് മാറിയത് കൊണ്ട് വൈറ്റ് കോളര്‍ ജോലികളില്‍ ഇനിയും പിരിച്ചുവിടലുകള്‍ കൂടിയേക്കാം, പിരിച്ചുവിടപ്പെടാതെ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നവര്‍ക്ക് വിലപേശല്‍ ശക്തിയും ഇല്ലാതാകുകയാണ്. മാനേജ്മന്റ് പറയുന്ന ശമ്പളത്തിന് ജോലി ചെയ്യാന്‍ നിര്‍ബന്ധിതമാകുകയാണ് മിക്കവാറും.

ഇങ്ങനെ തൊഴിലിലുള്ള അനിശ്ചിതത്വം കാരണം ആരും വാഹനങ്ങള്‍ വാങ്ങുകയോ വീട് വയ്ക്കുകയോ ചെയ്യാതെ വരും. അത് ഇപ്പോള്‍ തന്നെ തകര്‍ന്നു കിടക്കുന്ന നിര്‍മാണ മേഖലയെ നിലം പരിശാക്കും. ആളുകള്‍ ലോണ്‍ എടുക്കാന്‍ ഭയക്കുന്നതും എടുത്ത ലോണ്‍ തിരിച്ചടക്കാന്‍ മടിക്കുന്നതും ബാങ്കിങ് മേഖലയെയും തകര്‍ക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ കൊടുത്ത മുദ്ര ലോണുകളില്‍ നല്ലൊരു പങ്കും കിട്ടാകടമായി മാറുകയാണ്.  (പ്രാരാബ്ദക്കാരനായ സര്‍ക്കാരും പൊളിയുന്ന ബാങ്കുകളും)

ഇത് മുഴുവന്‍ സര്‍ക്കാരിന് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നമാണെന്നൊന്നുമല്ല. പക്ഷെ ദൈവത്തിന്റെ പ്രവര്‍ത്തിയാണെന്ന് പറഞ്ഞു സര്‍ക്കാര്‍ കൈ കഴുകേണ്ട അവസ്ഥയാണോ ഉള്ളത്. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന ഒന്നുമില്ലേ. ഉദാഹരണമായി ജനങ്ങളുടെ കയ്യിലേക്ക് പണമെത്തിച്ചു ജനങ്ങളുടെ ക്രയവിക്രയ ശേഷി കൂട്ടിയാലല്ലാതെ സാമ്പത്തിക രംഗം മെച്ചപ്പെടില്ല എന്നാണ് ലോകത്തിലെ മുഴുവന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്മാരും പറയുന്നത്.

ലോക രാജ്യങ്ങള്‍ മുഴുവന്‍ ആ വഴിക്കാണ് പോകുന്നത്. ( കൊവിഡ് 19, സാമ്പത്തികപ്രതികസന്ധി, നോട്ടുകള്‍ പ്രിന്റ് ചെയ്യുന്നതാണ് ഒരേ ഒരു പരിഹാരം ) അമേരിക്കക്കും, കാനഡക്കും പിറകെ അവസാനം ഏറ്റവും വലിയ വലതുപക്ഷ സര്‍ക്കാരായ ബ്രസീലിലെ ബോല്‍സനാരോ സര്‍ക്കാര്‍ പോലും ജനങ്ങള്‍ക്ക് നേരിട്ട് പണം നല്‍കിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യ ജനങ്ങളുടെ ക്രയശേഷി ഉയര്‍ത്തുന്ന രീതിയില്‍ ഒന്നും ചെയ്യാതിരിക്കുന്നതിന് കാരണമായി നിരീക്ഷകര്‍ കാണുന്നത് റേറ്റിംഗ് ഏജന്‍സികള്‍ റേറ്റിംഗ് കുറക്കുന്നതിനെ സര്‍ക്കാര്‍ പേടിക്കുന്നു എന്നതാണ്, ധനക്കമ്മി കൂടും എന്നതാണ് മറ്റൊരു പേടി. ഇതൊന്നുമല്ലാത്ത മറ്റു കാരണങ്ങളുമുണ്ടാകാം, അത് ന്യായവുമായിരിക്കാം.

പക്ഷെ ആരെങ്കിലും സംസാരിച്ചാലല്ലേ നമുക്കറിയാന്‍ പറ്റൂ. പ്രധാനമന്ത്രി മയിലിന്റെ ഫോട്ടോ എടുത്തു നടപ്പാണ്, കൂടെ പട്ടി വളര്‍ത്താനുള്ള ഉപദേശവും. ധനമന്ത്രി നിര്‍മല സീതാരാമനെ അവസാനമായി കണ്ടിട്ട് രണ്ടു മാസം കഴിഞ്ഞു. കൊവിഡ് കാലത്തു ആകെ നടക്കുന്നത് രാജ്യത്തിന്റെ സ്വത്തുക്കള്‍ മുഴുവന്‍ പ്രധാനമന്ത്രിയുടെ രണ്ടു ഗുജറാത്തി ക്രോണികള്‍ക്ക് എഴുതിക്കൊടുക്കുന്നതാണ്. അതില്‍ എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും ഖനികളും ഒക്കെ പെടും.

ഇവരോടൊക്കെ നിരന്തരം ചോദ്യങ്ങള്‍ ചോദിക്കേണ്ട, ഇക്കാര്യങ്ങളൊക്കെ നമ്മോട് വിശദീകരിക്കേണ്ട മാധ്യമങ്ങളാണ് റിയ ചക്രബര്‍ത്തിയിലും സ്വപ്ന സുരേഷിലും ഒപ്പു വിവാദത്തിലുമൊക്കെ അഭിരമിക്കുന്നത്.

ഒരു കഥ പഠിക്കാനുണ്ടായിരുന്നു പണ്ട്. ഖലീഫ ഒമര്‍ വേഷം മാറി സഞ്ചരിക്കുന്ന സമയം ഒരു വീട്ടില്‍ ഒരു വൃദ്ധ പാത്രത്തില്‍ എന്തോ കയില്‍ കൊണ്ടിളക്കി കൊണ്ടിരിക്കുന്നത് കാണാനിടയായി, കയില്‍ എന്നത് പിണറായി പ്രശസ്തമാക്കിയ പദമാണ്, കഥയിലെ വാക്ക് തവി. അരികില്‍ ഒരു കുട്ടി വിശന്ന് കരഞ്ഞു ഇരിപ്പുണ്ട്. എന്താണ് ഉണ്ടാക്കുന്നത് എന്ന് ഒമര്‍, വെറും വെള്ളം മാത്രമാണ് അരി വാങ്ങാന്‍ കാശില്ലായിരുന്നു എന്ന് ‘വൃദ്ധ . കുറെ നേരം ഇളക്കുമ്പോഴേക്ക് വിശന്നു കരയുന്ന കുട്ടി ഉറങ്ങുമല്ലോയെന്ന് ആഗ്രഹിച്ചോ ആശ്വസിച്ചോ ഇരിക്കുകയാണ് വൃദ്ധ.

ആ വൃദ്ധയെ പോലെ പച്ചവെള്ളത്തില്‍ കയില്‍ കൊണ്ട് ഇളക്കുന്ന പണിയാണിപ്പോള്‍ മാധ്യമങ്ങളുടേത്, ചോദിക്കാതിരിക്കാനും പറയാതിരിക്കാനും.

ഫാറൂഖിന്റെ മറ്റ് ലേഖനങ്ങള്‍ വായിക്കാം

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Indian Economy GDP GST Covid 19

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ