കൊവിഡ് 19, സാമ്പത്തികപ്രതികസന്ധി, നോട്ടുകള്‍ പ്രിന്റ് ചെയ്യുന്നതാണ് ഒരേ ഒരു പരിഹാരം
Economic Crisis
കൊവിഡ് 19, സാമ്പത്തികപ്രതികസന്ധി, നോട്ടുകള്‍ പ്രിന്റ് ചെയ്യുന്നതാണ് ഒരേ ഒരു പരിഹാരം
ഫാറൂഖ്
Saturday, 4th April 2020, 3:02 pm

ചൈനയില്‍ നിന്ന് എന്തെങ്കിലും ഈ കൊറോണക്കാലത്ത് നമുക്ക് പഠിക്കാനുണ്ടെങ്കില്‍ അതിതാണ് – സര്‍ക്കാരുകള്‍ സുതാര്യമായിരിക്കണം. കാര്യങ്ങള്‍ മറച്ചു വയ്ക്കുന്നത് ദുരന്തങ്ങളിലേക്കെ നയിക്കൂ. ഇതു രോഗങ്ങളുടെ കാര്യത്തില്‍ മാത്രമല്ല സാമ്പത്തിക കാര്യങ്ങള്‍ക്കും ബാധകമാണ്, പ്രത്യേകിച്ച് കൊറോണ മൂലം മരിക്കുന്നതിനേക്കാള്‍ ആളുകള്‍ തൊഴിലില്ലായ്മയും പട്ടിണിയും മൂലം മരിക്കും എന്ന് കണക്കാക്കപ്പെടുന്ന ഇക്കാലത്ത്.

എവിടുന്നൊക്കെ കൊറോണക്കാര്‍ വരുന്നുണ്ടെന്നും എത്രപേര്‍ക്ക് സുഖമായി എന്നും എത്ര പേര്‍ ഒറ്റപെടുത്തപ്പെട്ടിരിക്കുകയാണെന്നും തുടങ്ങി മുഴുവന്‍ വിവരങ്ങളും ശൈലജ ടീച്ചര്‍ ദിവസവും വ്യക്തമായി നാട്ടുകാരോട് പറയുന്നുണ്ട്, അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍. അത് കൊണ്ട് തന്നെ ടീച്ചറെ ആരും അവിശ്വസിക്കുന്നില്ല, എന്ന് മാത്രമല്ല അവര്‍ എന്താണ് പറയാന്‍ പോകുന്നത് എന്ന് ആളുകള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നുണ്ട്.

കൊറോണയെക്കാളും വലിയ പ്രശ്‌നമായി തൊഴിലും ഭക്ഷണവും മാറിക്കൊണ്ടിരിക്കെ തോമസ് ഐസക് പറയുന്നതും ആളുകള്‍ വിശ്വസിക്കേണ്ടണ്ടതാണ്, അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ സത്യസന്ധമായി പറഞ്ഞാല്‍. ഉദാഹരണമായി അദ്ദേഹത്തിന് ഇങ്ങനെ പറയാം – ‘ മാര്‍ച്ച് മാസത്തില്‍ 100 രൂപ വരുമാനം ഉണ്ടാകുമെന്നായിരുന്നുപ്രതീക്ഷിച്ചിരുന്നത് , അതില്‍ 80 രൂപ ശമ്പളത്തിനും 20 രൂപ മറ്റാവശ്യങ്ങള്‍ക്കുമാണ് കണക്കാക്കിയിരുന്നത്. പക്ഷെ കൊറോണ മൂലം 40 രൂപയെ കിട്ടിയുള്ളൂ, കൊറോണ സംബന്ധമായി 30 രൂപ ചിലവാകുകയും ചെയ്തു. ബാക്കി 10 രൂപയെ ഉള്ളൂ, അത് തല്‍ക്കാലം ജീവനക്കാര്‍ക്ക് വീതിച്ചു തരാം’. അതിന് പകരം അദ്ദേഹം എന്തൊക്കെയാണ് പറയുന്നത് – സാലറി ചലഞ്ചു പോലുള്ള ആര്‍ക്കും മനസിലാകാത്ത വാക്കുകളും സ്‌കീമുകളും. ജാര്‍ഗണ്‍സ് അല്ലെങ്കില്‍ ഗിബ്ബറിഷ് എന്നൊക്കെ ഇംഗ്ലീഷുകാര്‍ പറയും.

സര്‍ക്കാര്‍ കാര്യസ്ഥനും ജനങ്ങള്‍ മുതലാളിയും ആണെന്നാണ് വെപ്പ്. ജനങ്ങളാണ് കാശിറക്കുന്നത്. ആ കാശ് ചിലവാക്കുന്ന പണിയേ കാര്യസ്ഥനുള്ളൂ. മുതലാളി കാശ് കൊടുത്തിട്ടില്ലെങ്കില്‍ കാര്യസ്ഥന് ചിലവാക്കാനാവില്ല. പക്ഷെ കാര്യസ്ഥന്‍ മുതലാളിയോട് കൃത്യമായി കാര്യങ്ങള്‍ വിശദീകരിക്കണം. വേറൊരു കാര്യത്തിലുമല്ലെങ്കിലും ഇക്കാര്യത്തില്‍ എ.കെ ആന്റണിയായിരിക്കണം മാതൃക. ഖജനാവില്‍ കാശില്ലെന്നു കണ്ടപ്പോള്‍ ആന്റണി നാട്ടുകാരോട് തുറന്നു പറഞ്ഞു – അഞ്ചു പൈസയില്ല കയ്യില്‍. ട്രോളുകള്‍ ഇല്ലാത്ത സമയമായതിനാല്‍ മിമിക്രിക്കാര്‍ അദ്ദേഹത്തെ കുറെ കളിയാക്കി എന്നതൊഴിച്ചാല്‍ പറഞ്ഞത് മനസിലാക്കാന്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.

വ്യക്തതയില്ലായ്മ മാത്രമല്ല, സാലറി ചാലഞ്ചിന് നൈതികമായും കുറെ കുഴപ്പങ്ങളുണ്ട്. നിര്‍മല മാഡത്തിന്റെ കാര്യം പറഞ്ഞതിന് ശേഷം അത് വിശദീകരിക്കാം.

കഴിഞ്ഞയാഴ്ച കേന്ദ്ര ധനകാര്യ മന്ത്രി എന്ന നിലയില്‍ നിര്‍മല സീതാരാമന്‍ 1.7 ലക്ഷം കോടിയുടെ ഒരു പാക്കേജ് പ്രഖ്യാപിച്ചു. പാക്കേജ് എന്നല്ല, റീപാക്കേജ് എന്നാണ് പറയേണ്ടത്. കാരണം പണ്ട് പ്രഖ്യാപിച്ച കുറെ സ്‌കീമുകള്‍ ഒന്ന് കൂടെ പുതിയ ഒരു പാക്കേജ് ആയി പ്രഖ്യാപിക്കുകയാണ് സീതാരാമന്‍ ചെയ്തത്. കിസാന്‍ യോജന, സൗജന്യ ഗ്യാസ്, തൊഴിലുറപ്പ് തുടങ്ങിയ പണ്ടേയുള്ള സ്‌കീമുകള്‍ പൊടി തട്ടി ഒന്ന് കൂടി പാക്ക് ചെയ്തു. പുതിയതായി പാക്കേജിലുള്ളത് സ്ത്രീകളുടെ ജന്‍ധന്‍ അക്കൗണ്ടിലേക്ക് 500 രൂപ ട്രാന്‍സ്ഫര്‍ ചെയ്യുമെന്ന ഒരു പ്രഖ്യാപനമാണ്, നല്ലത്. അതിനു നീക്കി വച്ച 31000 കോടിയാണ് ശരിക്കുള്ള പാക്കേജ്.

31000 എന്നത് 1.7 ലക്ഷം ആക്കി റീ-പായ്ക് ചെയ്തത് കൊണ്ടോ, അത് പ്രൊമോട്ട് ചെയ്യാന്‍ കുറെ സോഷ്യല്‍ മീഡിയ പരസ്യം ചെയ്തത് കൊണ്ടോ തൊഴില്‍ നഷ്ടപെടുന്ന കോടിക്കണക്കിനാളുകളുടെ ഒരു പ്രശ്‌നവും പരിഹരിക്കപ്പെടില്ല, അവരത് കാണുക പോലുമില്ല, നടുവൊടിഞ്ഞ എക്കണോമിയെ അത് ഉണര്‍ത്തുകയും ഇല്ല. അതിന് കൃത്യമായ നടപടികള്‍ വേണം. നടപടികള്‍ വെറുതെ വരില്ല, അതിനു പണം വേണം.

എത്ര പണം വേണം? കുറെ അധികം വേണ്ടി വരും. പട്ടിണി കിടക്കാതിരിക്കാന്‍ ആവശ്യമായ ഒരു മിനിമം തുക തൊഴില്‍ നഷ്ടപ്പെട്ട എല്ലാവര്‍ക്കും അല്ലെങ്കില്‍ തൊഴിലുണ്ടായിട്ടും ശമ്പളം കിട്ടാത്ത എല്ലാവര്‍ക്കും കൊടുക്കേണ്ടി വരും. അമേരിക്കന്‍ സര്‍ക്കാര്‍ അവരുടെ പൗരന്മാരില്‍ മുതിര്‍ന്നവര്‍ക്ക് 1200 ഡോളറും കുട്ടികള്‍ക്ക് 500 ഡോളറും വച്ച് കൊടുക്കും, ചെക്കായോ ക്യാഷ് ആയോ. കാനഡ സര്‍ക്കാര്‍ ശമ്പളം കൊടുക്കാന്‍ കഴിയാത്ത കമ്പനികള്‍ക്ക് ശമ്പളം കൊടുക്കാനുള്ള തുക നല്‍കും. ഇന്ത്യ പട്ടിണി മരണങ്ങള്‍ ഒഴിവാക്കാന്‍ തൊഴില്‍ നഷ്ടപെട്ട ഒരു കുടുംബത്തിന് 3000 മുതല്‍ 5000 വരെ മാസം കൊടുക്കേണ്ടി വരും എന്നാണ് പ്രോണോബ് സെന്‍ പറയുന്നത്.

അതിന്റെ കൂടെ തകരുന്ന ചെറുകിട ബിസിനെസ്സുകളെ സഹായിക്കേണ്ടി വരും, വായ്പ തിരിച്ചടവുകള്‍ വരാന്‍ സാധ്യതയില്ലാത്തതു കൊണ്ട് ബാങ്കുകള്‍ പൊളിയാതെ നോക്കേണ്ടി വരും, അതിനെല്ലാം പുറമെ ആരോഗ്യരംഗത്തും തരക്കേടില്ലാത്ത തുക ചിലവാകും. കൂടാതെ നിത്യച്ചിലവിന് കാശില്ലാതെയാകാന്‍ പോകുന്ന സംസ്ഥാനങ്ങളെ സഹായിക്കേണ്ടി വരും. ആറു ലക്ഷം കോടിക്ക് മുകളില്‍ അടിയന്തിരമായി വേണ്ടി വരും എന്നാണ് കണക്ക്. നികുതി വരുമാനത്തിലാണെങ്കില്‍ വന്‍ ഇടിവാണ് പ്രതീക്ഷിക്കുന്നത്.

കേരള സര്‍ക്കാരായാലും കേന്ദ്ര സര്‍ക്കാരായാലും പണം സൂക്ഷിച്ചു വക്കാനുള്ള ഒരു സംവിധാനമല്ല. പണം ഇന്ന് വരും നാളെ പോകും എന്നതാണ് അതിന്റെ ഒരു രീതി. മിക്കപ്പോഴും കടത്തിലായിരിക്കും, ധനക്കമ്മി എന്നാണ് അതിന്റെ ശാസ്ത്രീയ നാമം. അത് മൂന്നു ശതമാനം വരെ കുഴപ്പമില്ല, പക്ഷെ കൊറോണ വരുന്നതിന് മുമ്പേ തന്നെ അത് 6% വരെ എത്തിയിരുന്നു എന്നതാണ് സി.എ.ജി യുടെ റിപ്പോര്‍ട്ട്. ദുരിതകാലത്തേക്ക് പണം റിസര്‍വ് ചെയ്തു വെക്കേണ്ടത് പേര് പോലെ തന്നെ റിസേര്‍വ് ബാങ്കാണ്. കഴിഞ്ഞയാഴ്ച ഇതേ കോളത്തില്‍ വിശദീകരിച്ചത് പോലെ അത് ദുരിതം വരുന്നതിനു മുമ്പേ തന്നെ സര്‍ക്കാര്‍ വാങ്ങി ചിലവാക്കി.

നിര്‍മല സീതാരാമന്‍ ആദ്യം ചെയ്യേണ്ടതും നമ്മള്‍ ആദ്യം പറഞ്ഞത് തന്നെയാണ്. ജനങ്ങളോട് സത്യം തുറന്നു പറയണം. ആന്റണി പറഞ്ഞ പോലെ അഞ്ചു പൈസയില്ല കയ്യില്‍ എന്ന് പറയുന്നത് കുറച്ചിലാണെങ്കില്‍ മന്‍മോഹന്‍ സിങ് പറഞ്ഞത് പോലെ പറഞ്ഞാല്‍ മതി – സര്‍ക്കാരിന്റെ കയ്യില്‍ പണം കായ്ക്കുന്ന മരമില്ല.

അതിനു ശേഷം എന്താണ് ചെയ്യേണ്ടത് എന്ന് എക്കണോമിസ്റ്റായ സ്വാമിനാഥ അയ്യര്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ കോളത്തില്‍ വ്യക്തമാക്കുന്നുണ്ട്. ആവശ്യമുള്ള കാശ് റിസേര്‍വ് ബാങ്കിനോട് ചോദിക്കുക. റിസര്‍വ് മുഴുവന്‍ കഴിഞ്ഞ കൊല്ലം ചിലവാക്കിയ സ്ഥിതിക്ക് റിസര്‍വ് ബാങ്കിന് ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമേ ഉളളൂ – നോട്ടുകള്‍ അച്ചടിക്കുക. അങ്ങനെ കണക്കില്ലാത്ത നോട്ടുകള്‍ അച്ചടിച്ചാല്‍ പണപ്പെരുപ്പം കൂടും, മൂല്യശോഷണം ഉണ്ടാകും, വിലക്കയറ്റം ഉണ്ടാകും. പക്ഷെ വേറെ വഴിയില്ല.

കൊറോണക്കാലത്ത് അങ്ങനെ അച്ചടിച്ച പണം വിതരണം ചെയ്തു പട്ടിണി മാറ്റുക. അത് കഴിഞ്ഞു പുതിയ ടാക്‌സുകളും സെസ്സുകളും ഏര്‍പ്പെടുത്തി റിസേര്‍വ് ബാങ്കിന്റെ പണം അഞ്ചോ പത്തോ വര്‍ഷം കൊണ്ട് കൊടുത്തു തീര്‍ക്കുക, അത് വഴി പണപ്പെരുപ്പം കുറച്ചു കൊണ്ട് വരിക. ജനങ്ങളോട് സത്യം പറയുക, അവരെ വിശ്വാസത്തിലെടുക്കുക, അവര്‍ സഹകരിക്കും.

ഇനി നേരത്തെ പറഞ്ഞു വച്ച സാലറി ചലഞ്ചിലേക്ക്. പിഎം കെയെര്‍സ് എന്ന ഒരു പരിപാടി പ്രധാനമന്ത്രിയും തുടങ്ങിയിട്ടുണ്ട്, അത് കൊണ്ടാണ് രണ്ടും ഒന്നിച്ചു പറയാമെന്നു വച്ചത്. ചാരിറ്റി എന്നത് സര്‍ക്കാരിന്റെ പണിയല്ല, അതിന് ഒരുപാട് സംഘടനകള്‍ നാട്ടിലുണ്ട്. സര്‍ക്കാരുകള്‍ക്ക് പണം വേണമെങ്കില്‍ അതിനുള്ള വഴിയാണ് ടാക്‌സുകളും സെസ്സുകളും, അതാണെങ്കില്‍ സര്‍ക്കാരിന് മാത്രമേ ചെയ്യാനും പറ്റൂ. പരിമിതായി ചില ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന് ചെയ്യാം, അതിനാണ് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കളക്ടറുടേയുമൊക്കെ ദുരിതാശ്വാസ ഫണ്ട്. സര്‍ക്കാരിന്റെ ചാരിറ്റി അതിന്റെ പരിധിയില്‍ തന്നെ നിര്‍ത്തുന്നതാണ് നല്ലത്.

മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഒക്കെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്നതിന് രണ്ടു കുഴപ്പങ്ങളുണ്ട്. ആദ്യത്തേത് പ്രാഞ്ചിയേട്ടന്‍ വിശദീകരിച്ചിട്ടുണ്ട്. ‘അത് നഷ്ടാ മാഷെ, നമ്മളിറങ്ങിയാല്‍ കാശ് കിട്ടും, പക്ഷെ അവിടിന്നിങ്ങോട്ട് വിളി വരുമ്പോള്‍ ഇരട്ടി നമ്മള്‍ തിരിച്ചു കെട്ടണം’. ഇക്കണ്ട കള്ളപ്പണക്കാരും സിനിമാതാരങ്ങളുമൊക്കെ ചാടിക്കേറി സംഭാവന ചെയ്യുന്നതിന് ഒരു കാരണമേയുള്ളൂ. അവരുടെ ടാക്‌സ് വെട്ടിപ്പും കള്ളപ്പണ ഇടപാടും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കണം. മൊത്തത്തില്‍ നാട്ടുകാര്‍ക്ക് നഷ്ടമേ വരൂ.

അതിലും ഭീകരമാണ് രണ്ടാമത്തെ പ്രശ്‌നം. ഇന്നാട്ടിലെ ദിവസക്കൂലിക്കാരും പാവങ്ങളും ജീവിതം മുഴുവന്‍ ടാക്‌സുകളും സെസ്സുകളും അടച്ചു രാജ്യത്തെ പോറ്റിയവരാണ്. അവര്‍ക്കൊരു ദുരിതം വരുമ്പോള്‍ ചുരുങ്ങിയത് ഭക്ഷണം ലഭ്യമാക്കുക എന്നത് രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്, അല്ലെങ്കില്‍ അതിനൊക്കെയാണ് രാജ്യം. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ പണപ്പിരിവിന് ഇറങ്ങുക എന്നാല്‍ അതിന്റെ അര്‍ത്ഥം തൊഴില്‍ നഷ്ടപെട്ടവരെയും പാവങ്ങളെയും പണക്കാരുടെ ഔദാര്യത്തിന് വിട്ടു കൊടുക്കുക എന്നതാണ്. അത് കൊണ്ട്, സര്‍ക്കാരിന് പണം വേണമെങ്കില്‍ ദുരിതകാല സെസ്സ് ഏര്‍പ്പെടുത്തി പണമുള്ളവന്റെ കയ്യില്‍ നിന്ന് നിയമപരമായി ഈടാക്കണം.

പിന്‍കുറിപ്പ്: ആദ്യം ഒരു പേരുണ്ടാക്കി പിന്നീടതിന് ഒരു പൂര്‍ണരൂപം ഉണ്ടാക്കിയാല്‍ ഇങ്ങനെയിരിക്കും. പിഎം കെയെര്‍സ് എന്നതിന്റെ പൂര്‍ണരൂപം പ്രൈംമിനിസ്റ്റെര്‍സ് സിറ്റിസണ്‍ അസ്സിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമെര്‍ജന്‍സി സിറ്റുവേഷന്‍ ഫണ്ട് എന്നാണത്രെ (Prime Minister’s Citizen Assistance and Relief in Emergency Situations Fund) –

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ