ഹിന്ദു വളര്‍ച്ചാ നിരക്ക്
Opinion
ഹിന്ദു വളര്‍ച്ചാ നിരക്ക്
ഫാറൂഖ്
Saturday, 15th June 2019, 6:44 pm

കന്നിമാസം വന്നോ എന്നറിയാന്‍ പട്ടിക്ക് കലണ്ടര്‍ നോക്കണ്ട എന്ന പോലെ രാജ്യത്തിന് സാമ്പത്തിക അഭിവൃദ്ധി ഉണ്ടോ എന്നറിയാന്‍ നാട്ടുകാര്‍ക്ക് ജി.ഡി.പി നമ്പര്‍ നോക്കേണ്ട ആവശ്യമില്ല, ഓരോരുത്തനും അത് അനുഭവത്തിലറിയും. എന്നാലും കഴിഞ്ഞ നാലഞ്ചു കൊല്ലം നമുക്ക് വാട്‌സപ്പില്‍ ലഭിച്ച ജി.ഡി.പി ഡാറ്റക്ക് കണക്കില്ല.

സാമ്പത്തികമായി രാജ്യം പുരോഗമിക്കുമ്പോള്‍ സാധാരണക്കാരന് ജോലി ലഭിക്കാനുള്ള സാദ്ധ്യതകള്‍ കൂടും. കൂലി പണിക്കാര്‍ക്ക് ദിവസവും ജോലിയുണ്ടാകും, ജോലിയുള്ളവര്‍ക്ക് കൂലി കൂടി കൂടി വരും. കൂലി കൂടുതല്‍ ലഭിക്കുമ്പോള്‍ കൂടുതല്‍ നല്ല ഭക്ഷണം കഴിക്കാന്‍ തുടങ്ങും, അപ്പോള്‍ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ ഡിമാന്‍ഡ് ഉണ്ടാവും, അവര്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കും. അങ്ങനെ മിച്ചം കാശു കയ്യില്‍ വരുമ്പോള്‍ ആളുകള്‍ മോട്ടോര്‍ സൈക്കിള്‍, കാര്‍, വാഷിംഗ് മെഷീന്‍, ടി.വി, മൊബൈല്‍ ഒക്കെ വാങ്ങും. അപ്പോള്‍ അതുണ്ടാക്കുന്ന ഫാക്ടറികള്‍, അവയുടെ വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങിയവ ഉയര്‍ന്നു വരും, അവിടെയൊക്കെ ആളുകള്‍ക്ക് തൊഴില്‍ ലഭിക്കും.

അങ്ങനെ കയ്യില്‍ കാശു വരുന്നവര്‍ വീട് വയ്ക്കാന്‍ ആലോചിക്കും, ഫ്‌ലാറ്റോ ഭൂമിയോ വാങ്ങും. അങ്ങനെ ഫ്‌ലാറ്റിനും ഭൂമിക്കും വില കൂടും. സ്വാഭാവികമായും കൂടുതല്‍ നിര്‍മാണം വേണ്ടി വരും. അപ്പോള്‍ നിര്‍മാണ തൊഴിലാളികള്‍ക്ക് ജോലി ലഭിക്കും. കുറേപേര്‍ ബ്രോക്കര്‍ പണി തുടങ്ങും. നിര്‍മാണം കൂടുമ്പോള്‍ കൂടുതല്‍ സിമന്റ്, കമ്പി ഒക്കെ വേണ്ടി വരും. അപ്പോള്‍ അതിനായി പുതിയ ഫാക്ടറികള്‍ ഉയര്‍ന്നു വരും, അവയ്ക്ക് ഏജെന്‍സികള്‍, ഗോഡൗണുകള്‍ ഒക്കെ വേണ്ടി വരും. അവിടെയും ആളുകള്‍ക്ക് തൊഴില്‍ ലഭിക്കും. കൂലി പിന്നെയും കൂടും, കൂടെ ജീവിത രീതികളും. ആളുകള്‍ വാരാന്ത്യം സിനിമക്ക് പോകും, ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കും, കുടുംബവുമായി യാത്രകള്‍ പോകും, പുതിയ ഫര്‍ണിച്ചറുകള്‍ വാങ്ങും. ഈ മേഖലകളിലൊക്കെ തൊഴില്‍ ലഭ്യത കൂടും. അങ്ങനെ അങ്ങനെ.

ഇപ്പറഞ്ഞതൊക്കെ രാജ്യം അനുഭവിച്ച വര്‍ഷങ്ങളുണ്ടായിരുന്നു, പക്ഷെ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നേരെ എതിരായാണ് കാര്യങ്ങള്‍ സംഭവിച്ചത്. തൊഴില്‍ ലഭ്യത നാല്‍പത്തഞ്ചു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി, വേതന വര്‍ധന സ്വപ്നം മാത്രമായി. ഫ്‌ളാറ്റുകള്‍ക്കും ഭൂമിക്കും വില കുറഞ്ഞു പാതാളം വരെയെത്തി.

നിര്‍മാണവും നിര്‍മാണ ജോലികളും ഇല്ലാതെയായി. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ തുച്ഛ വിലക്ക് പോലും വാങ്ങാന്‍ ആളില്ലാതെയായി. പുതിയ ഫാക്ടറികള്‍ തുടങ്ങിയില്ല എന്ന് മാത്രമല്ല പഴയവ പലതും പൂട്ടുകയും ചെയ്തു. ടെലികോം കമ്പനികള്‍ മുതല്‍ വിമാനകമ്പനികള്‍ വരെ പൊളിഞ്ഞു പാപ്പരായി. പക്ഷെ ജി.ഡി.പി കണക്ക് മാത്രം പൊങ്ങി പൊങ്ങി വന്നു. ലോകത്തില്‍ ഏറ്റവും വളരുന്ന രാജ്യം ആണ് നമ്മുടെ ഇന്ത്യ എന്ന് വാട്‌സാപ്പ് ദിവസവും നമ്മെ ഓര്‍മിപ്പിച്ചു.

ജി.ഡി.പി – ലളിതമായി പറഞ്ഞാല്‍ രാജ്യത്ത് മൊത്തം ഉല്പാദിപ്പിക്കുന്ന സാധനങ്ങളും സേവനങ്ങളും ഒരു പ്രത്യേക അനുപാതത്തില്‍ കൂട്ടിയാല്‍ ജി.ഡി.പി ആയി. ടൂത്‌പേസ്റ്റ്, മോട്ടോര്‍സൈക്കിള്‍, അരി, പഴങ്ങള്‍ തുടങ്ങി റോക്കറ്റുകള്‍ വരെ സാധനങ്ങളുടെ കൂട്ടത്തിലും , ബാര്‍ബര്‍, ഡോക്ടര്‍, ഡ്രൈവര്‍, ശാസ്ത്രഞ്ജര്‍ തുടങ്ങി സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍ വരെ ചെയ്യുന്ന ജോലികള്‍ സേവനങ്ങളുടെ കൂട്ടത്തിലും പെടും. ഇക്കൊല്ലത്തെ ജി.ഡി.പി യില്‍ നിന്ന് കഴിഞ്ഞ കൊല്ലത്തേത് കുറച്ചാല്‍ കിട്ടുന്ന സംഖ്യയാണ് സാമ്പത്തിക വളര്‍ച്ചാ നിരക്ക് എന്ന് പറയുന്ന, നമ്മള്‍ക്കൊക്കെ വാട്‌സാപ്പില്‍ ലഭിക്കുന്ന നമ്പര്‍.

ഈ സംഖ്യ ഇന്ത്യയില്‍ കുറച്ചു കാലമായി അഞ്ചിന്റെയും ഒമ്പതിന്റെയും ഇടയില്‍ കറങ്ങുകയാണ്, മന്‍മോഹന്‍ സിങ്ങിന്റെ കാലത്തു ഒന്ന് രണ്ടു വര്‍ഷം പത്തിന്റെ മുകളില്‍ പോയിരുന്നു. വികസിത രാഷ്ട്രങ്ങളില്‍ വളര്‍ച്ചാ നിരക്ക് കുറവായിരിക്കും, കാരണം അവര്‍ ഇപ്പോള്‍ത്തന്നെ വളര്‍ന്നവരാണ് എന്നത് കൊണ്ട് തന്നെ. നമ്മള്‍ കുട്ടികളായിരിക്കുമ്പോള്‍ ഷര്‍ട്ടിന്റെ സൈസ് ഒരോ കൊല്ലവും കൂടി കൂടി വരും പോലെ മുതിര്‍ന്നാല്‍ വേണ്ടല്ലോ. അമേരിക്ക, ബ്രിട്ടണ്‍, സ്‌കാന്ഡിനേവിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വളര്‍ച്ച നിരക്ക് ഒന്നിന്റെയും മൂന്നിന്റേയും ഇടക്കായിരിക്കും പൊതുവെ.

അവരുടെ ജനസംഖ്യയില്‍ എല്ലാവര്‍ക്കും വീട്, കാര്‍, വാഷിങ് മെഷീന്‍, ഡ്രയര്‍, ടി വി, കുടിവെള്ളം, മെച്ചപ്പെട്ട വിദ്യാഭ്യാസം, നല്ല ഭക്ഷണം, സാനിറ്റേഷന്‍ സൗകര്യങ്ങള്‍, മിനിമം വേജസ് ഗ്യാരണ്ടി ഉള്ള ജോലി, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, സോഷ്യല്‍ സെക്യൂരിറ്റി എന്നിവ ഇപ്പോള്‍ തന്നെ ഉണ്ട്. അത് കൊണ്ട് അവര്‍ക്ക് വല്ലാതെ വളരേണ്ടതില്ല. ജനസംഖ്യയില്‍ മുക്കാല്‍ ഭാഗത്തിനും ഇപ്പറഞ്ഞ യാതൊരു സൗകര്യങ്ങളും ഇല്ലാത്ത നമുക്ക് അവരോടൊപ്പം എത്താന്‍ ഒരു പാട് വളരണം. ചൈന എട്ട് മുതല്‍ പത്തു ശതമാനം വരെ വച്ച് 30 കൊല്ലം വളര്‍ന്നിട്ടാണ് ഇപ്പോഴുള്ള അവസ്ഥയിലെത്തിയത്. നമ്മള്‍ 10 ശതമാനം വച്ച് മുപ്പതു കൊല്ലം വളര്‍ന്നാലേ ഒരു വികസിത രാജ്യത്തിലെ പൗരന്റെ ഇപ്പോഴുള്ള ജീവിത സൗകര്യങ്ങള്‍ നമുക്ക് അന്ന് ലഭിക്കൂ എന്നാണ് കണക്ക്.

അവരുടെ വളര്‍ച്ച എന്നാല്‍ നിലവിലെ ജീവിത സൗകര്യങ്ങള്‍ നില നിര്‍ത്താനും ജനസംഖ്യയിലെ വളര്‍ച്ച അഭിമുഖീകരിക്കാനുമാണ്. പക്ഷെ അവര്‍ക്കു ജനസംഖ്യയിലുണ്ടാകുന്ന വര്‍ധനവും തുച്ഛമാണ്. ജര്‍മ്മനി, ജപ്പാന്‍, ഇറ്റലി റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ മരണത്തേക്കാള്‍ കുറവാണ് ജനനം, ജനസംഖ്യ കുറഞ്ഞു വരുകയാണെന്നര്‍ത്ഥം, ഈ രാജ്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ച നിരക്ക് നെഗറ്റിവ് ആയാലും അവരുടെ ഭാവി തലമുറ ഇപ്പോഴത്തേതിലും നന്നായി ജീവിക്കും.

നമ്മുടെ ജനസംഖ്യ വളര്‍ച്ച നോക്കുമ്പോള്‍ നിലവിലുള്ള ദാരിദ്യം നില നിര്‍ത്തണമെങ്കില്‍ പോലും ഇപ്പോഴുള്ളതിനേക്കാള്‍ വളര്‍ച്ച വേണ്ടി വരും. രണ്ടായിരാമാണ്ടില്‍ 100 കോടിയുണ്ടായിരുന്ന നമ്മള്‍ ഇപ്പോള്‍ 130 കോടിയാണ്. അത് കൊണ്ട് ലോകത്തിലെ ഏറ്റവും വളര്‍ച്ചാ നിരക്കുള്ള രാജ്യമാണ് നമ്മളെന്ന സന്ദേശം അടുത്ത പ്രാവശ്യം വാട്‌സാപ്പില്‍ ലഭിക്കുമ്പോള്‍ അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്‌തേക്കണം, അതില്‍ പ്രത്യേകിച്ച് ഒരു കാര്യവുമില്ല.

10 ശതമാനം വച്ച് മുപ്പതു കൊല്ലം വളര്‍ന്നാലേ ഒരു വികസിത രാജ്യത്തിലെ പൗരന്റെ ഇപ്പോഴുള്ള ജീവിത സൗകര്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് അന്ന് ലഭിക്കൂ എന്ന പൊതുവെ അംഗീകരിക്കപ്പെട്ട തത്വം നിലനില്‍ക്കുമ്പോഴാണ് മോദിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യം ഇന്ത്യ ഇപ്പോള്‍ പറയുന്ന കണക്കൊക്കെ തട്ടിപ്പാണെന്നും സത്യത്തില്‍ നമ്മള്‍ 4.5 നിരക്കില്‍ മാത്രമേ വളരുന്നുള്ളൂ എന്ന് തെളിയിക്കുന്ന പ്രബന്ധം ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രസിദ്ധീകരിക്കുന്നത്. അരവിന്ദ് സുബ്രഹ്മണ്യം ചില്ലറക്കാരനല്ല, രഘുറാം രാജന്‍ ആര്‍.ബി.ഐ ഗവര്‍ണറായി പോയപ്പോള്‍ വന്ന ഉപദേശകന്റെ ഒഴിവിലേക്ക് മോദി അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത വിദഗ്ദ്ധനാണ്. സത്യസന്ധനായ സാമ്പത്തിക വിദഗ്ദ്ധന്‍ എന്ന് മോഡി തന്നെ സര്‍ട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ട്.

അരവിന്ദ് സുബ്രഹ്മണ്യം ഇത് പറയുന്ന ആദ്യത്തെ ആളല്ല, സാമ്പത്തിക രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവരും രഹസ്യമായി പണ്ടേ പറയുന്നതാണ്, മോദിയെ പേടിച്ചു ആരും പുറത്തു പറയാറില്ല എന്ന് മാത്രം. അടുത്തിടെ ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ്സ് പുറത്തു കൊണ്ട് വന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം ജി.ഡി.പി കണക്കാക്കാന്‍ ഉപയോഗിക്കുന്ന ലിസ്റ്റിലുള്ള മുപ്പത്തഞ്ചു ശതമാനം കമ്പനികള്‍ക്കും മേല്‍വിലാസം ഇല്ല. സര്‍ക്കാര്‍ റിപ്പോര്‍ട്ട് അല്ല മറിച്ചു അരവിന്ദ് സുബ്രഹ്മണ്യന്‍ പുറത്തു വിട്ട കണക്കാണ് വിശ്വസിക്കേണ്ടത് എന്ന മട്ടിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. അങ്ങനെയാണെങ്കില്‍, 4.5% വളര്‍ച്ചയില്‍, ഒരു വികസിത രാജ്യത്തിലെ പൗരന്മാരുടെ ഇന്നത്തെ ജീവിത നിലവാരത്തിലെത്താന്‍ ഇന്ത്യക്കാര്‍ക്ക് എഴുപതോളം വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും.

ഹിന്ദു റേറ്റ് ഓഫ് ഗ്രോത്ത്, അഥവാ ഹിന്ദു വളര്‍ച്ചാ നിരക്ക് എന്ന പദം സാമ്പത്തിക ശാസ്ത്ര നിഘണ്ടുവിലേക്ക് ആദ്യമായി പരിചയപ്പെടുത്തുന്നത് ബി.പി.ആര്‍ വിത്തല്‍ എന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ്, 1973 ല്‍. രാജ് കൃഷ്ണ എന്ന മറ്റൊരു സാമ്പത്തിക ശാസ്ത്രഞ്ജന്‍ അതിനു അന്താരാഷ്ട്ര സ്വീകാര്യത നേടിക്കൊടുത്തു. ഇന്നിപ്പോള്‍ ലോകമൊട്ടാകെ ഉപയോഗിക്കുന്ന പദമാണ് ഹിന്ദു റേറ്റ് ഓഫ് ഗ്രോത്ത്. പരമ്പരാഗത ഹിന്ദു കുടുംബ രീതികളില്‍ ജീവിക്കുന്ന മഹാ ഭൂരിപക്ഷം ഉള്ള ഒരു രാജ്യത്ത് സാമ്പത്തിക വളര്‍ച്ച മൂന്ന് മൂന്നര ശതമാനത്തിനപ്പുറം പോകില്ല എന്ന തിയറിയാണ് ഇവര്‍ മുന്നോട്ടു വച്ചത്.

ജാതി അധിഷ്ഠിതമായ ജന സമൂഹത്തില്‍ ഏറ്റവും മുകള്‍ത്തട്ടിലുള്ള ജാതിയില്‍ പെട്ട പുരുഷന്മാര്‍ക്ക് മാത്രമേ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുമായിരുന്നുള്ളൂ. വികസിത രാഷ്ട്രങ്ങളില്‍ പുരുഷന്മാരും സ്ത്രീകളുമടക്കം ഏകദേശം മുഴുവന്‍ പേരും സ്വതന്ത്ര തീരുമാനമെടുക്കുന്ന സമയത്തായിരുന്നു ഇത്.

കൂടാതെ മുജ്ജന്മ പാപത്തിലുള്ള വിശ്വാസം, വിധിയിലുള്ള വിശ്വാസം, ജ്യോതിഷം പോലുള്ള മറ്റ് അന്ധവിശ്വാസങ്ങള്‍, കുടുംബത്തില്‍ പുരുഷന്മാര്‍ മാത്രം തീരുമാനങ്ങള്‍ എടുക്കുന്ന അവസ്ഥാ, അറേഞ്ച്ഡ് മാര്യേജ്, തൊട്ടു കൂടായ്മ, ശാസ്ത്ര നിരാസം തുടങ്ങി അന്ന് നിലവിലുണ്ടായിരുന്ന ജീവിത രീതികള്‍ ഇന്ത്യയെ ഒരു ദരിദ്ര രാഷ്ട്രമായി നിര്‍ത്തും എന്നതായിരുന്നു അവരുടെ തിയറി. ഇത്തരം വിശ്വാസ രീതികളില്‍ നിന്ന് എത്രത്തോളം അകലുന്നോ അത്രയും സാമ്പത്തിക വളര്‍ച്ച ഉണ്ടാകുകയും ചെയ്യും. ഹിന്ദു മതത്തിനു മാത്രമല്ല, മറ്റുള്ളവര്‍ക്കും ഇത് ബാധകമാണ്. ഉദാഹരണത്തിന് ഇസ്ലാമിക വിപ്ലവം നടക്കുന്നതിനു മുമ്പ് മിഡ്ഡില്‍ ഈസ്റ്റിലെ ഏറ്റവും സമ്പന്ന രാഷ്ട്രങ്ങളിലൊന്നായിരുന്ന ഇറാന്‍ ഇന്ന് എണ്ണ സമ്പന്നമായിരുന്നിട്ടു കൂടി ഏറ്റവും പിറകിലാണ്, അതേപോലെ തന്നെ സിയഉല്‍ ഹഖിന് ശേഷമുള്ള പാകിസ്താനും.

ഏതായാലും 2014 ല്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാകാന്‍ തത്വത്തില്‍ തീരുമാനിച്ചു, 2019 ല്‍ അത് ഊട്ടിയുറപ്പിച്ചു. ജ്യോതിഷം നോക്കാതെ വീട് വക്കുന്നവരെയോ രാഹുവും കേതുവും നോക്കാതെ വല്ലതും ചെയ്യുന്നവരെയുമൊക്കെ ഇപ്പോള്‍ അപൂര്‍വമായേ കാണാറുള്ളൂ. ജാതി വ്യവസ്ഥ, ദളിതുകളെ തല്ലി കൊല്ലല്‍ തുടങ്ങിയവ ശക്തമായി തിരിച്ചു വരുന്നു. ആര്‍ത്തവ അയിത്തം നിലനിര്‍ത്തണമെന്ന് സ്ത്രീകളടക്കം വാദിക്കുന്നു, ലോകത്തില്‍ ഏറ്റവും കൂടുതല്‍ പോഷകക്കുറവുള്ള ഇന്ത്യയില്‍ ഏറ്റവും പോഷകമൂല്യമുള്ള ബീഫ് നിരോധിക്കപെടുന്നു.

ബാബ രാംദേവ് മുതല്‍ ജെയിംസ് വടക്കാഞ്ചേരി വരെയുള്ള ശാസ്ത്ര നിരാസം പ്രചരിപ്പിക്കുന്ന മുറി വൈദ്യന്മാര്‍ സമൂഹത്തിലെ ഹീറോകളാകുന്നു. മിശ്രവിവാഹം ലവ് ജിഹാദ് ആകുന്നു, ഓരോ ജാതിക്കും പ്രത്യകം പ്രത്യേകം മാട്രിമോണിയല്‍ സൈറ്റുകള്‍ വരുന്നു, പ്രധാനമന്ത്രി വരെ യോഗ പ്രചരിപ്പിക്കുന്നു.

ആധുനിക കാലത്തെ സാമ്പത്തിക വികസനം പൂര്‍ണമായും ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് മുന്നോട്ട് പോകുക. കാറും ഫ്രിഡ്ജും വാഷിംഗ് മെഷീനും മുതല്‍ സാറ്റ്‌ലൈറ്റും ഇന്റര്‍നെറ്റും അലോപ്പതി മരുന്നുകളും വരെ ഉണ്ടാകണമെങ്കില്‍ ശാസ്ത്ര ബോധവും ശാസ്ത്രീയ കണ്ടു പിടുത്തങ്ങളും അനിവാര്യമാണ്. യോഗയും ധ്യാനവും ജ്യോതിഷവും പ്രാര്‍ഥനയും കൊണ്ട് കുറച്ചു തട്ടിപ്പുകാര്‍ക്ക് കുറച്ചു സമയം ജീവിക്കാനുള്ള വരുമാനം ലഭിക്കുമെന്നല്ലാതെ ജി.ഡി.പി ഒരു പോയിന്റ് പോലും മുന്നോട്ടു പോകില്ല. ബാബാ രാംദേവിന്റെ കമ്പനിയില്‍ പണം നിക്ഷേപിച്ചു ലാഭവിഹിതം കാത്തിരിക്കുന്നതും ഒരു മതാധിഷ്ടിത രാഷ്ട്രത്തിനു വേണ്ടി വോട്ട് ചെയ്തു രാജ്യത്തിന് സാമ്പത്തിക അഭിവൃദ്ധി പ്രതീക്ഷിക്കുന്നതും ഒരേ പോലെയാണ്.

‘എക്കണോമിക്‌സ് ഈസ് എ സോഷ്യല്‍ സയന്‍സ്’ എന്നാണ് എക്കണോമിക്‌സ് ക്ലാസ്സില്‍ ആദ്യ ദിവസം തന്നെ പഠിപ്പിക്കുക. സമൂഹത്തിനു ഒരു ദിശയിലും ഇക്കണോമിക്ക് വേറൊരു ദിശയിലും പോകാന്‍ കഴിയില്ല എന്ന് മനസ്സിലാക്കാന്‍ എക്കണോമിക്‌സ് പഠിച്ചവര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ല. ഹിന്ദു രാഷ്ട്രവും ഹിന്ദു വളര്‍ച്ചാ നിരക്കും ഒന്നിച്ചാണ് വരിക. ആദ്യത്തേത് തിരഞ്ഞെടുത്ത നമുക്ക് ഫ്രീയായി കിട്ടുന്നതാണ് രണ്ടാമത്തേത്. മൂന്നു മുതല്‍ മൂന്നര ശതമാനം മാത്രം വളര്‍ച്ചാ നിരക്ക് എന്നാല്‍ സാമ്പത്തിക ശാസ്ത്രം പഠിക്കാത്ത നമ്മെപ്പോലുള്ളവര്‍ ഒന്നേ മനസിലാക്കേണ്ടതുള്ളു – പട്ടിണിയും പരിവട്ടവുമാണ് മുന്നില്‍.

 

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ