ഇന്ത്യന്‍ ദമ്പതികള്‍ യു.എസിലെ അപ്പാര്‍ട്‌മെന്റില്‍ മരിച്ച നിലയില്‍; ബാല്‍ക്കണിയില്‍ കരഞ്ഞുതളര്‍ന്ന് നാലുവയസുകാരി
World
ഇന്ത്യന്‍ ദമ്പതികള്‍ യു.എസിലെ അപ്പാര്‍ട്‌മെന്റില്‍ മരിച്ച നിലയില്‍; ബാല്‍ക്കണിയില്‍ കരഞ്ഞുതളര്‍ന്ന് നാലുവയസുകാരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th April 2021, 11:22 am

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്സിയില്‍ ഇന്ത്യക്കാരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരായ ബാലാജി ഭരത് രുദ്രവാര്‍ (32), ഭാര്യ ആരതി ബാലാജി (30) എന്നിവരെയാണ് നോര്‍ത്ത് ആര്‍ലിങ്ടണ്‍ ബറോയിലുള്ള വീട്ടില്‍ ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവരുടെ നാലുവയസുകാരിയായ മകള്‍ വീടിന്റെ ബാല്‍ക്കണിയില്‍ ഒറ്റയ്ക്കു നിന്ന് കരയുന്നത് ശ്രദ്ധയില്‍ പെട്ട അയല്‍വാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്. മൃതദേഹം കുത്തേറ്റനിലയിലായിരുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

മഹാരാഷ്ട്ര ബീഡിലുള്ള ബാലാജിയുടെ അച്ഛന്‍ ഭരത് രുദ്രാവറിനെ പൊലീസ് വ്യാഴാഴ്ചയാണ് വിവരമറിയിച്ചത്. മരണകാരണം വ്യക്തമല്ലെന്ന് ഭരത് രുദ്രാവര്‍ പറഞ്ഞു. മൃതദേഹ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ വിവരമറിയിക്കാമെന്ന് യു.എസ് പൊലീസ് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

മരുമകള്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നുവെന്നും പ്രസവസംബന്ധമായി തങ്ങള്‍ യു.എസിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നുവെന്നും ഭരത് രുദ്രാവര്‍ പറഞ്ഞു.

വിദഗ്ധ പരിശോധനയുടെ റിപ്പോര്‍ട്ടു കിട്ടിയശേഷമെ ഇരുവരുടേയും മരണകാരണം വ്യക്തമാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബാലാജി, ആരതിയുടെ വയറ്റില്‍ കുത്തിയതിന്റെയും വീട്ടില്‍ പിടിവലി നടന്നതിന്റെയും ലക്ഷണങ്ങളുണ്ടെന്നും ചില യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

അതേസമയം മകന്റേത് സന്തുഷ്ട കുടുംബമായിരുന്നുവെന്നും അയല്‍വാസികളുമായി നല്ല ബന്ധത്തിലായിരുന്നുവെന്നും ബാലാജിയുടെ അച്ഛന്‍ പ്രതികരിച്ചു. ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം എട്ട്-പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കുമെന്ന് യു.എസ് അധികൃതര്‍ അറിയിച്ചതായും ഭരത് പറഞ്ഞു. പേരക്കുട്ടി മകന്റെ സുഹൃത്തിനൊപ്പമാണ് ഇപ്പോഴുള്ളതെന്നും ഭരത് രുദ്രാവര്‍ അറിയിച്ചു.

2014 ഡിസംബറില്‍ വിവാഹിതരായ ബാലാജിയും ആരതിയും 2015 ലാണ് ന്യൂജഴ്‌സിയിലേക്ക് പോയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Indian Couple Dead In US NewJersy