വീണ നായരുടെ പോസ്റ്റര്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവം; കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ മോഷണക്കുറ്റം; യൂത്ത് കോണ്‍ഗ്രസിന്റെ പരാതി
Kerala
വീണ നായരുടെ പോസ്റ്റര്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവം; കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ മോഷണക്കുറ്റം; യൂത്ത് കോണ്‍ഗ്രസിന്റെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th April 2021, 11:05 am

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ എസ്. നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ്.

നന്തന്‍കോട് സ്വദേശി ബാലുവിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയത്. മോഷണക്കുറ്റത്തിനടക്കമാണ് ബാലുവിനെതിരെ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്. ബാലു പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.

ഉപയോഗിക്കാത്ത അമ്പത് കിലോ പോസ്റ്ററുകളായിരുന്നു ആക്രിക്കടയില്‍ കണ്ടെത്തിയത്. നന്തന്‍കോഡ് വൈ.എം.ആര്‍ ജംക്ഷനിലെ ആക്രിക്കടയിലാണ് പോസ്റ്ററുകള്‍ കണ്ടെത്തിയത്.

കടുത്ത തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന വട്ടിയൂര്‍കാവില്‍ 50 കിലോയിലധികം പോസ്റ്ററുകള്‍ ബാക്കിവന്നത് പ്രാദേശിക പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയുടെ ഭാഗമായാണ് പോസ്റ്റര്‍ വിറ്റതെന്നും ആരോപണം ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസം രാവിലെയാണ് പോസ്റ്ററുകള്‍ ആക്രിക്കടയുടെ പുറത്തെ ഷെഡില്‍ കൂട്ടിയിട്ടിരിക്കുന്ന നിലയില്‍ കാണപ്പെട്ടത്. കിലോയ്ക്ക് 10 രൂപ നിരക്കിലാണ് വാങ്ങിയതെന്നും കൊണ്ടുവന്നയാളെ അറിയില്ലെന്നും ആക്രിക്കടയുടമ പറഞ്ഞിരുന്നു.

അതേസമയം പോസ്റ്റര്‍ ആക്രിക്കടയില്‍ വിറ്റത് കോണ്‍ഗ്രസില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.

വോട്ടെടുപ്പ് ദിനം ബൂത്ത് അലങ്കരിക്കാന്‍ നല്‍കിയ പോസ്റ്ററിന്റെ ബാക്കി പ്രവര്‍ത്തകരിലാരെങ്കിലും ആക്രക്കടയില്‍ എത്തിച്ചതാകാമെന്നായിരുന്നു തുടക്കത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞത്.

പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ ഡി.സി.സി ഭാരവാഹിയെ ചുമതലപ്പെടുത്തിയതായി തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ പറഞ്ഞിരുന്നു. വിഷയം കെ.പി.സി.സി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ട്. ആരെങ്കിലും മനപ്പൂര്‍വം ചെയ്തതാണെങ്കില്‍ നടപടിയുണ്ടാകുമെന്നും സനല്‍ പറഞ്ഞു.

ശക്തമായ ത്രികോണ മല്‍സരം നടന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. മണ്ഡലം രൂപീകരിച്ചശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസാണ് വിജയിച്ചത്. എന്നാല്‍ 2019 ലെ ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലം ഇടതുമുന്നണിക്കൊപ്പം നിന്നു. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുക ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് യുവനേതാവ് വീണ നായരെ സ്ഥാനാര്‍ത്ഥിയാക്കിയത്.

നിലവിലെ എം.എല്‍.എ വി.കെ പ്രശാന്താണ് ഇത്തവണയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. അതേസമയം നേമത്തിനുശേഷം ബി.ജെ.പി പ്രതീക്ഷ വയ്ക്കുന്ന തിരുവനന്തപുരം ജില്ലയിലെ എന്‍.ഡി.എയുടെ എ പ്ലസ് മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Veena Nair Poster Controversy Youth Congress File Complaint against Congress Worker