ആഹാ അക്ഷയ് കുമാറൊക്കെ ഉണ്ടല്ലോ; വിസേരിസ് ടാര്‍ഗേറിയനെ കണ്ട് അമ്പരന്ന് ഇന്ത്യന്‍ ആരാധകര്‍
Film News
ആഹാ അക്ഷയ് കുമാറൊക്കെ ഉണ്ടല്ലോ; വിസേരിസ് ടാര്‍ഗേറിയനെ കണ്ട് അമ്പരന്ന് ഇന്ത്യന്‍ ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th August 2022, 11:09 am

ലോകമെമ്പാടുമുള്ള വെബ് സീരിസ് പ്രേമികള്‍ കാത്തിരുന്ന ഹൗസ് ഓഫ് ദി ഡ്രാഗണ്‍ ഓഗസ്റ്റ് 21നാണ് എച്ച്.ബി.ഒ മാക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചത്. പ്രതീക്ഷിച്ചത് പോലെ തന്നെ റെക്കോഡ് പ്രേക്ഷകരാണ് സീരിസിന്റെ ആദ്യ എപ്പിസോഡ് കണ്ടത്.

ഇന്ത്യയിലും ഹൗസ് ഓഫ് ദി ഡ്രാഗണ് പ്രേക്ഷകര്‍ ഒട്ടും കുറവല്ല. ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിനാണ് ഹൗസ് ഓഫ് ഡ്രാഗണ്‍ ഇന്ത്യയില്‍ സ്ട്രീം ചെയ്യാനുള്ള അവകാശം ലഭിച്ചിരിക്കുന്നത്. ഫസ്റ്റ് എപ്പിസോഡിലെ ബോളിവുഡ് കണക്ഷന്‍ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ നെറ്റിസണ്‍സ്.

കിങ് വിസേരിസ് ടാര്‍ഗേറിയന്റെ അക്ഷയ് കുമാറുമായുള്ള മുഖസാദൃശ്യം കണ്ടാണ് പ്രേക്ഷകര്‍ അമ്പരന്നിരിക്കുന്നത്. പാഡി കോണ്‍സിഡൈനാണ് സീരിസില്‍ കിങ് വിസേരിസിനെ അവതരിപ്പിച്ചത്. അക്ഷയ് കുമാറും കിങ് വിസേരിസും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെക്കുകയാണ് ഹൗസ് ഓഫ് ദി ഡ്രാഗണ്‍ ആരാധകര്‍.

‘കിങ് വിസേരിസായി ഹൗസ് ഓഫ് ദി ഡ്രാഗണില്‍ നമ്മുടെ അക്ഷയ് കുമാറെത്തിയിരിക്കുന്നു’, ‘വിസേരിസിനെ കാണാന്‍ അക്ഷയ് കുമാറിനെ പോലെയുണ്ടെന്ന് ചിന്തിക്കുന്നത് ഞാന്‍ മാത്രമാണോ’, ‘ഹൗസ് ഓഫ് ദി ഡ്രാഗണില്‍ കിങ് വിസേരിസായി അക്ഷയ് കുമാറാണ് എത്തുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു’, ‘ഹൗസ് ഓഫ് ദി ഡ്രാഗണില്‍ അക്ഷയ് കുമാര്‍ മികച്ച അഭിനയമാണ് കാഴ്ച്ച വെച്ചത്. ഒടുവില്‍ അദ്ദേഹം കംഫര്‍ട്ട് സോണ്‍ വിട്ട് നല്ല റോള്‍ ചെയ്യുന്നു,’ എന്നൊക്കെയാണ് സാര്‍ക്കാസ്റ്റിക്കായി ട്വീറ്റുകള്‍ നിറയുന്നത്. ചില ട്വീറ്റുകള്‍ അക്ഷയ് കുമാര്‍ തന്നെ ലൈക്കും ചെയ്തിട്ടുണ്ട്.

 

ആര്‍.ആര്‍. മാര്‍ട്ടിന്റെ ഫയര്‍ ആന്‍ഡ് ബ്ലഡ് എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഹൗസ് ഓഫ് ദി ഡ്രാഗണ്‍ ഒരുങ്ങുന്നത്. ഗെയിം ഓഫ് ത്രോണ്‍സിലെ സംഭവങ്ങള്‍ക്കും 100 വര്‍ഷം മുമ്പേ നടക്കുന്ന കാര്യങ്ങളാണ് ഹൗസ് ഓഫ് ദി ഡ്രാഗണില്‍ പറയുന്നത്. പാഡി കോണ്‍സിഡൈന് പുറമേ എമ്മ ഡി ആര്‍സി, മാറ്റ് സ്മിത്ത്, ഒലിവിയ കുക്ക്, സ്റ്റീവ് ടൗസൈന്റ് എന്നിവരാണ് പ്രീക്വലില്‍ അഭിനയിക്കുന്നത്.

Content Highlight: indian audience is surprised to see the resemblance of King Viserys Targaryen with Akshay Kumar