ഇതില്‍ ജോയിന്‍ ചെയ്ത സമയത്ത് ഞാന്‍ സിംഗിളായിരുന്നു, നാലാമത്തെ ഷെഡ്യൂളായപ്പോള്‍ കൊച്ചിന് അഞ്ച് മാസമായി; പ്രൊമോഷന്‍ പരിപാടിയില്‍ തഗ് ഡയലോഗടിച്ച് മിയ
Entertainment news
ഇതില്‍ ജോയിന്‍ ചെയ്ത സമയത്ത് ഞാന്‍ സിംഗിളായിരുന്നു, നാലാമത്തെ ഷെഡ്യൂളായപ്പോള്‍ കൊച്ചിന് അഞ്ച് മാസമായി; പ്രൊമോഷന്‍ പരിപാടിയില്‍ തഗ് ഡയലോഗടിച്ച് മിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th August 2022, 10:50 am

വിക്രം നായകനായെത്തുന്ന കോബ്ര ഓഗസ്റ്റ് 31ന് റിലീസിനൊരുങ്ങിയിരിക്കുകയാണ്. മലയാളി താരങ്ങളായ റോഷന്‍ മാത്യുവും മിയ ജോര്‍ജും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ കെ.ജി.എഫ് താരം ശ്രീനിധി ഷെട്ടിയാണ് നായികയാകുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി വിക്രം കേരളത്തിലെത്തിയിരുന്നു. റോഷന്‍, മിയ, വിക്രം, ശ്രീനിധി എന്നിവരായിരുന്നു കൊച്ചിയില്‍ നടന്ന പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുത്തത്.

പരിപാടിക്കിടെ നടി മിയ സംസാരിക്കുന്നതിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഏറെക്കാലം നീണ്ടുപോയ കോബ്രയുടെ ഷൂട്ടിനിടെ തന്റെ ലൈഫില്‍ വന്ന ‘മാറ്റങ്ങളെ’ കുറിച്ചാണ് മിയ സംസാരിക്കുന്നത്.

”ഈ പടത്തില്‍ ആദ്യം ജോയിന്‍ ചെയ്ത സമയത്ത് ഞാന്‍ സിംഗിളായിരുന്നു. സെക്കന്‍ഡ് ഷെഡ്യൂളിന് വേണ്ടി ജോയിന്‍ ചെയ്തപ്പോള്‍ ഞാന്‍ മാരീഡ് ആയിരുന്നു.

സിനിമയുടെ മൂന്നാമത്തെ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ഈ പടത്തിന്റെ നാലാമത്തെ ഷെഡ്യൂളിന് വേണ്ടി ജോയിന്‍ ചെയ്തപ്പോള്‍ എന്റെ കൊച്ചിന് അഞ്ച് മാസം പ്രായമായിരുന്നു.

ഞാന്‍ പ്രെഗ്നന്റായ കാര്യം സെറ്റില്‍ അധികമാര്‍ക്കും അറിയില്ലായിരുന്നു. ഞാന്‍ ആരുടെ അടുത്തും പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഡയറക്ടര്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. അതൊക്കെ മാനേജ് ചെയ്തു എന്ന് ഞാന്‍ വിചാരിക്കുന്നു,” മിയ പറഞ്ഞു.

‘അത്ര വലിയ ആക്ടറാണ്’ എന്നായിരുന്നു മിയയുടെ മറുപടിക്ക് വിക്രം നല്‍കിയ കമന്റ്.

”ഭയങ്കര ചേഞ്ച് ആയിരുന്നു. എന്റെ ലൈഫില്‍ കാര്യങ്ങള്‍ ചേഞ്ച് ആവുകയായിരുന്നു. ഓരോ ഷെഡ്യൂള്‍ നടക്കുമ്പോഴും അസിസ്റ്റന്റ് ഡയറക്ടേഴ്‌സിന്റെ മെസേജ് വരും. മാം നിങ്ങള്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ മുഖം കുറച്ച് വണ്ണം വെച്ചത് പോലെ തോന്നുന്നു.

പറ്റുമെങ്കില്‍ പഴയ ആ ഫിഗര്‍ തന്നെ മാനേജ് ചെയ്യണേ, എങ്ങനെയൈങ്കിലും അത് മെയിന്റൈന്‍ ചെയ്യണേ, എന്ന് പറയും. എങ്ങനെയൊക്കെയോ ഞാനത് മെയിന്റൈന്‍ ചെയ്തിട്ടുണ്ട്. പടം കാണുമ്പോള്‍ അത് മനസിലാകും,” മിയ കൂട്ടിച്ചേര്‍ത്തു.

നയന്‍താര ചിത്രം ‘ഇമൈക്ക നൊടികള്‍’ സംവിധാനം ചെയ്ത ആര്‍. അജയ് ജ്ഞാനമുത്തുവാണ് കോബ്ര സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ലിറിക്കല്‍ സോങും നേരത്തെ ശ്രദ്ധ നേടിയിരുന്നു.

Content Highlight: Actress Miya George talks about the shooting experience of Cobra with Vikram and the changes occurred in her life during the shoot