2026 ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരം വെല്ലുവിളിയാകാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ്. കഴിഞ്ഞ രണ്ടാഴ്ചയായി പാകിസ്ഥാന്‍ കൊളംബോയില്‍ തന്നെയാണെന്നും ഇത് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യയുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്.
മത്സരത്തിനിറങ്ങാനുള്ള പാകിസ്ഥാന്റെ തീരുമാനം മികച്ചതായെന്നും ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഡോഷേറ്റ് കൂട്ടിച്ചേര്‍ത്തു.
‘ആദ്യമായി പറയട്ടെ, മത്സരം നടക്കുന്നു എന്നത് ഏറെ മികച്ചതാണ്. മത്സരം നടന്നേക്കില്ല എന്ന് വിശ്വസിച്ച് ഞങ്ങളൊരിക്കലും പരിശീലനമോ മുന്നൊരുക്കങ്ങളോ നടത്താതിരുന്നിട്ടില്ല. ഈ ചര്‍ച്ചകളുടെയും അനിശ്ചിതത്വങ്ങളുടെയും ഒടുവില്‍ എന്തെങ്കിലും സംഭവിക്കുമെന്നും മത്സരം നടക്കുമെന്നും തന്നെയാണ് ഞങ്ങള്‍ കണക്കുകൂട്ടിയിരുന്നത്.
കളി മുന്നോട്ട് പോകുമെന്ന സൂചനകള്‍ തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തില്‍ മികച്ച താരനിരയുള്ള പാകിസ്ഥാനെതിരെ കളിക്കാന്‍ അവസരം ലഭിച്ചതില്‍ ഞങ്ങള്‍ ഏറെ സന്തോഷവാന്‍മാരാണ്,’ ഡോഷേറ്റ് പറഞ്ഞു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പാക് നായകന്‍ സല്‍മാന്‍ അലി ആഘയും. Photo: ICC
‘രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചെല്ലാം ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, അവയെല്ലാം മത്സരത്തില്‍ നിന്നും ഒഴിവാക്കി നിര്‍ത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ക്രിക്കറ്റില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തന്നെയാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയായി പാകിസ്ഥാന്‍ കൊളംബോയില്‍ തന്നെയാണ്, ഇത് വലിയ വെല്ലുവിളി സൃഷ്ടിക്കും. എങ്കിലും അടുത്ത ആഴ്ച നടക്കുന്ന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ.സി.സി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ കളത്തിലിറങ്ങുമെന്ന് പ്രഖ്യാപിച്ചത്. ഫെബ്രുവരി 15ന് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.
ലോകകപ്പില്‍ ഇതുവരെ കളിച്ച രണ്ട് മത്സരത്തില്‍ രണ്ടിലും വിജയിച്ച പാകിസ്ഥാന്‍ നിലവില്‍ ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനത്താണ്. നാല് പോയിന്റാണ് ടീമിനുള്ളത്.
ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് മൂന്ന് വിക്കറ്റിന്റെ വിജയം നേടിയ പാകിസ്ഥാന്‍ കഴിഞ്ഞ ദിവസം യു.എസ്.എയ്‌ക്കെതിരെ 32 റണ്‍സിനും വിജയിച്ചു. പാകിസ്ഥാന്‍ ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ യു.എസിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
അതേസമയം, ഇന്ത്യയും ആദ്യ മത്സരത്തില്‍ വിജയിച്ചിരുന്നു. യു.എസ്.എയ്‌ക്കെതിരെയായിരുന്നു ഇന്ത്യയുടെ വിജയം. നാളെയാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നമീബിയ ആണ് എതിരാളികള്‍.
Content highlight: Indian assistant coach Ryan ten Doeschate about India vs Pakistan match