അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ നിന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. കാലിന് ഉളുക്ക് സംഭവിച്ചതിനാല്‍ താരം ടീമില്‍ നിന്ന് മാറി നില്‍ക്കാന്‍ സാധിയതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരിക്ക് കൂടുതല്‍ വഷളാകാതിരിക്കാനാണ് അഫ്ഗാന്‍ പരമ്പരയില്‍ നിന്ന് പാണ്ഡ്യയെ ഒഴിവാക്കാന്‍ ടീം മാനേജ്‌മെന്റും ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. 2026 ഐ.പി.എല്ലില്‍ നടുവേദനയെ തുടര്‍ന്ന് പാണ്ഡ്യ ചില കളികളില്‍ നിന്ന് മാറി നിന്നിരുന്നു.
‘വളരെ വൈകിയാണ് ഒരു തിരിച്ചടി ഉണ്ടായത്. കാലില്‍ നേരിയ ഉളുക്ക് സംഭവിച്ചതിനാല്‍ കുറച്ച് വേദന അനുഭവപ്പെട്ടു. ഇത് ദീര്‍ഘകാലത്തേക്കുള്ള പരിക്കല്ല, പക്ഷേ അടുത്ത കുറച്ച് ദിവസത്തേക്ക് പരിശീലനം ചെയ്യുന്നത് ഒഴിവാക്കാന്‍ മെഡിക്കല്‍ സ്റ്റാഫ് അദ്ദേഹത്തോട് ഉപദേശിച്ചു. സുഖം പ്രാപിക്കുന്ന ഘട്ടത്തില്‍ ഹര്‍ദിക് ബെംഗളൂരുവില്‍ തന്നെ തുടരും, സി.ഒ.ഇ ഫിസിയോകളുമായും പരിശീലകരുമായും കൂടിയാലോചിക്കും,’ ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
2025ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം പാണ്ഡ്യ ഏകദിനത്തില്‍ കളിച്ചിട്ടില്ല. പരിക്ക് മൂലം ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചിട്ടില്ല. 2026ലെ ടി-20 ലോകകപ്പിന് മുന്നോടിയായി സ്വന്തം മണ്ണില്‍ ന്യൂസിലാന്‍ഡിനോടും സൗത്ത് ആഫ്രിക്കയോടും നടന്ന ഏകദിന പരമ്പരയില്‍ താരത്തിന് വിശ്രമം നല്‍കിയിരുന്നു. ഹര്‍ദിക്കിന് പുറമെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും ഏകദിന പരമ്പരയില്‍ നിന്ന് പുറത്തായിരുന്നു. ഹര്‍ദിക്കും പുറത്താകുമെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ ടീമില്‍ വലിയ ആശങ്കകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.വിരാട് കോഹ്‌ലി
അതേസമയം 2026ല്‍ അയര്‍ലാന്‍ഡിനോടും ഇംഗ്ലണ്ടിനോടുമുള്ള ടി-20 പരമ്പരയുടെ സ്‌ക്വാഡില്‍ ഹര്‍ദിക്കിനെ ഉള്‍പ്പെടുത്തിയിട്ടില്ല.
2026ലെ ഐ.പി.എല്ലില്‍ ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മോശം പ്രകടനമാണ് ഹര്‍ദിക് കാഴ്ചവെച്ചത്. മുംബൈ ടീമിലെ സീനിയര്‍ താരങ്ങളുമായുള്ള പ്രശ്‌നങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 206 റണ്‍സാണ് താരം നേടിയത്. നാല് വിക്കറ്റുകള്‍ മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചതും.
Content Highlight: Indian all-rounder Hardik Pandya will miss the three-match ODI series against Afghanistan: Report