ദക്ഷിണേഷ്യയില്‍ കഞ്ചാവ് പിടിച്ചെടുക്കുന്നതില്‍ ഇന്ത്യ ഒന്നാമത്: യു.എന്‍ വക്താവ്
Kerala News
ദക്ഷിണേഷ്യയില്‍ കഞ്ചാവ് പിടിച്ചെടുക്കുന്നതില്‍ ഇന്ത്യ ഒന്നാമത്: യു.എന്‍ വക്താവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th November 2022, 12:32 pm

തിരുവനന്തപുരം: ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ കഞ്ചാവ് പിടിച്ചെടുക്കുന്നതിലും ഫലപ്രദമായ നിയന്ത്രണ, നിര്‍വഹണ സംവിധാനത്തിലും ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം പ്രോഗ്രാം ഓഫീസര്‍ ബില്ലി ബാറ്റ് വെയര്‍ പറഞ്ഞു.

2021ലെ ലോക ഡ്രഗ് റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 24 വര്‍ഷത്തിനുള്ളില്‍ കഞ്ചാവിന്റെ ലഹരിശേഷി നാലിരട്ടിയായി വര്‍ധിച്ചെന്ന് ബാറ്റ് വെയര്‍ പറഞ്ഞു. കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ദുരുപയോഗം വേരോടെ പിഴുതെറിയുന്നതിന് യുവാക്കള്‍ പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു.

‘ചില്‍ഡ്രന്‍ മാറ്റര്‍-റൈറ്റ് ടു എ ഡ്രഗ് ഫ്രീ ചൈല്‍ഡ്ഹുഡ്’ എന്ന പ്രമേയത്തില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ‘ലഹരി വിമുക്ത ബാല്യം’ ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപനദിനത്തിലെ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം (യു.എന്‍.ഒ.ഡി.സി), വേള്‍ഡ് ഫെഡറേഷന്‍ എഗെയ്ന്‍സ്റ്റ് ഡ്രഗ്സ് (ഡബ്ല്യു.എഫ്.എഡി) എന്നിവയുടെ പങ്കാളിത്തത്തോടെ ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍ (എഫ്.ഡബ്ല്യു.എഫ്) ആണ് ത്രിദിന സെമിനാര്‍ സംഘടിപ്പിച്ചത്.

ഇന്ത്യയില്‍ മയക്കുമരുന്ന് ദുരുപയോഗത്തിന് ഇരയായവരില്‍ 13 ശതമാനം പേരും 20 വയസ്സിന് താഴെയുള്ളവരാണ്. കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള സാമൂഹിക ഇടപെടലും പ്രതിരോധ സംവിധാനവും കൂടുതല്‍ കര്‍ശനമാക്കേണ്ടതിന്റെ ആവശ്യകതയാണ് കാണിക്കുന്നതെന്നും കഴിഞ്ഞ ദിവസം സമ്മേളനത്തിന്റെ ഭാഗമായി കുട്ടികള്‍ക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗവും കുറ്റകൃത്യങ്ങളും; സമൂഹത്തിന്റെ പങ്ക്'(Drugs and Transnational Crime in a Child’s World and Role of Civil Society) എന്ന വിഷയത്തില്‍ സംസാരിക്കുമ്പോള്‍ ബില്ലി ബാറ്റ് വെയര്‍ പറഞ്ഞിരുന്നു.

കുട്ടികള്‍ക്കെതിരായ അക്രമം, ചൂഷണം, ലൈംഗിക ദുരുപയോഗം എന്നിവ കാരണം അവരുടെ മാനസിക, ശാരീരികാരോഗ്യം സാരമായി ബാധിക്കുന്നുവെന്ന് ബില്ലി ബാറ്റ് വെയര്‍ പറഞ്ഞു. ഇത് മൂലം മയക്കുമരുന്നിന്റെയും മദ്യപാനത്തിന്റെയും ദുരുപയോഗത്തിലേക്ക് നയിക്കുന്ന അപകടകരമായ സാഹചര്യം വര്‍ധിച്ചിട്ടുണ്ട്. മയക്കുമരുന്നിന് അടിമകളായ 10ല്‍ ഒമ്പത് പേരും 18 വയസ് തികയുന്നതിന് മുമ്പ് ലഹരി വസ്തുക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, യുണൈറ്റഡ് നേഷന്‍സ് കണ്‍വെന്‍ഷന്‍ ഓണ്‍ ദി റൈറ്റ്സ് ഓഫ് ദ ചൈല്‍ഡിന്റെ (യു.എന്‍.സി.ആര്‍.സി) ആര്‍ട്ടിക്കിള്‍ 33 നെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ തലത്തില്‍ ആവശ്യമായ നയം രൂപീകരിക്കാനും നിയമനിര്‍മാണം നടത്താനും ലക്ഷ്യമിട്ടുകൊണ്ടാണ് ലഹരിവിമുക്ത ബാല്യത്തെക്കുറിച്ചുള്ള ത്രിദിന അന്താരാഷ്ട്ര സമ്മേളനം നടന്നത്. മയക്കുമരുന്ന് ഉപയോഗം, വ്യാപാരം എന്നിവയില്‍ നിന്ന് കുട്ടികളെയും യുവാക്കളെയും രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ആവശ്യപ്പെടുന്നതാണ് ആര്‍ട്ടിക്കിള്‍ 33.

നവംബര്‍ 16ന് തുടങ്ങിയ സമ്മേളനം നവംബര്‍ 18 വെള്ളിയാഴ്ച സമാപിച്ചു. 60 രാജ്യങ്ങളില്‍ നിന്നുള്ള 300 ലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlight: India tops South Asia in seizure of cannabis: UN official