ന്യൂയോര്‍ക്ക്: പഹല്‍ഗാം ആക്രമണത്തിന് പിന്നാലെയുണ്ടായ ഏറ്റുമുട്ടലില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി ഇന്ത്യന്‍ നയതന്ത്രജ്ഞ പെറ്റല്‍ ഗഹ്‌ലോട്ട്. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പരാമര്‍ശം അസംബന്ധമെന്ന് എസ്. ജയശങ്കര്‍ പറഞ്ഞു. യു.എന്‍ സമ്മേളനത്തിലാണ് പെറ്റല്‍ മറുപടി നല്‍കുന്നത്.
ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥിച്ചത് പാകിസ്ഥാനാണെന്നും പെറ്റല്‍ ഗഹ്‌ലോട്ട് പറഞ്ഞു. ഭീകരതയെ പാകിസ്ഥാന്‍ മഹത്വവത്കരിക്കുന്നു. ഇന്ത്യക്ക് സുപ്രധാന വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ വേണ്ടെന്നും ഇന്ത്യന്‍ നയതന്ത്രജ്ഞ പറഞ്ഞു.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ‘ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ’ സംരക്ഷിക്കാനും ഒസാമ ബിന്‍ലാദന് അഭയം നല്‍കാനും പാകിസ്ഥാന്‍ ശ്രമിക്കുന്നതായും പെറ്റല്‍ പറഞ്ഞു. ഇതേ പാകിസ്ഥാനാണ് ഐക്യരാഷ്ട്രസഭയിലും ടി.ആര്‍.എഫിനെ സംരക്ഷിച്ചതെന്നും പെറ്റല്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യക്കെതിരായ പാകിസ്ഥാന്റെ ആക്രമണങ്ങളെ സ്വയം പ്രതിരോധമെന്നാണ് പാക് പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭയില്‍ വിശേഷിപ്പിച്ചത്.
ഇന്ത്യയുമായി ഏതുഘട്ടത്തിലും പാകിസ്ഥാന്‍ ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നെന്നും ഇക്കഴിഞ്ഞ മേയ് മാസത്തില്‍ പ്രകോപനമില്ലാതെ കിഴക്കന്‍ മുന്നണി (ഇന്ത്യ) പാകിസ്ഥാനെ ആക്രമിച്ചുവെന്നും ഷഹബാസ് ഷെരീഫ് യു.എന്നിലെ പ്രസംഗത്തിനിടെ പരാമര്‍ശിച്ചു.
സ്വയം പ്രതിരോധിച്ചാണ് തങ്ങള്‍ മറുപടി നല്‍കിയതെന്നും അവരെ അപമാനിച്ച് തിരിച്ചയച്ചെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞിരുന്നു. കശിമീരില്‍ ഇന്ത്യ നടത്തുന്നത് സ്വേച്ഛാധിപത്യമാണെന്നും അത് അവസാനിപ്പിക്കണമെന്നും ഷെരീഫ് ആവശ്യപ്പെട്ടിരുന്നു. ഇതിനെയെല്ലാം മുന്‍നിര്‍ത്തിയാണ് പെറ്റല്‍ ഗഹ്‌ലോട്ട് യു.എന്‍ സമ്മേളനത്തില്‍ സംസാരിച്ചത്.
ഇന്ന് (ശനി) വിദേശകാര്യമന്ത്രി എസ്. ജയശങ്കറും യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ ജയശങ്കര്‍ മറുപടി നല്‍കുമോ എന്നതില്‍ വ്യക്തതയില്ല.
പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ-ത്വയ്ബയുടെ നിഴല്‍ സംഘടനയാണ് റെസിസ്റ്റന്‍സ് ഫ്രണ്ട്. ഏപ്രില്‍ 22ന് ടി.ആര്‍.എഫിന്റെ ആക്രമണത്തില്‍ ഒരു നേപ്പാള്‍ പൗരനുള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഓപ്പറേഷന്‍ സിന്ദൂരിലെ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടിച്ചിരുന്നു.
Content Highlight: India says Pak PM’s remarks at UN are absurd