ഇന്ത്യ vs പാകിസ്ഥാന്‍: ഇന്ത്യന്‍ ഇലവന്‍ ചോര്‍ന്നോ ? അതോ ബി.സി.സി.ഐ രാജസ്ഥാന്‍ റോയല്‍സിന് പഠിക്കുന്നോ?
Sports News
ഇന്ത്യ vs പാകിസ്ഥാന്‍: ഇന്ത്യന്‍ ഇലവന്‍ ചോര്‍ന്നോ ? അതോ ബി.സി.സി.ഐ രാജസ്ഥാന്‍ റോയല്‍സിന് പഠിക്കുന്നോ?
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 27th August 2022, 9:58 am

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ തങ്ങളുടെ ആദ്യ മത്സരം കളിക്കാനിറങ്ങുന്ന ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ‘ചോര്‍ന്നതായി’ ആരാധകര്‍. ബി.സി.സി.ഐ പങ്കുവെച്ച ഒരു പോസ്റ്റിനെ അധികരിച്ചാണ് ഇന്ത്യയുടെ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചതായി ക്രിക്കറ്റ് ആരാധകര്‍ കണക്കാക്കുന്നത്.

കഴിഞ്ഞ ദിവസം ബി.സി.സി.ഐ പത്ത് ഇന്ത്യന്‍ താരങ്ങളുടെ ഫോട്ടോ പങ്കുവെച്ചിരുന്നു. ഇത് പാകിസ്ഥാനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിലെ സ്റ്റാര്‍ട്ടിങ് ഇലവനിലെ താരങ്ങള്‍ തന്നെയാണെന്നാണ് ഇന്ത്യന്‍ ആരാധകര്‍ അനുമാനിക്കുന്നത്.

ഇന്ത്യയുടെ പരിശീലന സെഷനിലെ ഫോട്ടോയാണ് ബി.സി.സി.ഐ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെല്ലാം തന്നെ ചിത്രത്തിലുള്ളതിനാല്‍ ഇത് ഇന്ത്യയുടെ പ്ലെയിങ് ഇലവനെ കുറിച്ചാണെന്നും ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നു.

View this post on Instagram

A post shared by Team India (@indiancricketteam)

കെ. എല്‍. രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, റിഷബ് പന്ത്, ദിനേഷ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, ആവേശ് ഖാന്‍, അര്‍ഷദീപ് സിങ് എന്നിവരുടെ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ബി.സി.സി.ഐ പോസ്റ്റ് ചെയ്തത്.

ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍, മിഡില്‍ ഓര്‍ഡര്‍, ലോവര്‍ ഓര്‍ഡര്‍ എന്നുള്ള ഇതേ ക്രമത്തില്‍ തന്നെയാണ് ബി.സി.സി.ഐ ചിത്രം പങ്കുവെച്ചതെന്നതും അഭ്യൂഹങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

എന്നാല്‍, ഇത് മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ടീമിന്റെ മൈന്‍ഡ് ഗെയിംസാണെന്നും അഭിപ്രായപ്പെടുന്നവര്‍ കുറവല്ല. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും ടൂര്‍ണമെന്റിന് മുമ്പ് തന്നെ ഇത്തരം മൈന്‍ഡ് ഗെയിംസ് നടത്തിയിരുന്നു.

ചഹല്‍ സോഷ്യല്‍ മീഡിയ അഡ്മിനായ ശേഷമുള്ള കാട്ടിക്കൂട്ടലുകളും സഞ്ജു സാംസണ്‍ ടീമുമായി കലിപ്പായതുമെല്ലാം തന്നെ വെല്‍ പ്ലാന്‍ഡ് സ്‌ക്രിപ്റ്റിന്റെ പുറത്തായിരുന്നു രാജസ്ഥാന്‍ എക്‌സിക്യൂട്ട് ചെയ്തത്.

ഇതിന് സമാനമായി ബി.സി.സി.ഐ യഥാര്‍ത്ഥ കളിക്ക് മുമ്പേ ചില കളികള്‍ കളിക്കുകയാണെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.

ബി.സി.സി. ഐ പുറത്തുവിട്ട ചിത്രങ്ങള്‍ പ്രകാരം മൂന്ന് പേസര്‍മാര്‍, ഒരു ഓള്‍ റൗണ്ടര്‍, ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ എന്നിവരാണ് ഇന്ത്യന്‍ ടീമിലുള്ളത്. ഭുവിയും ആവേശ് ഖാനും അര്‍ഷ്ദീപും പേസില്‍ തിളങ്ങാനൊരുങ്ങുമ്പോള്‍, ചഹലാവും സ്പിന്നനെ നയിക്കുക. ഹര്‍ദിക്കാവും അഞ്ചാം ബൗളര്‍.

കഴിഞ്ഞ ടി-20 ലോകകപ്പിന് പകരം വീട്ടാനിറങ്ങുന്ന ഇന്ത്യ എന്തുതന്നെയായാലും സുശക്തമായ ഇലവനുമായി തന്നെയാവും കളത്തിലിറങ്ങുക.

 

 

Content Highlight:  ‘India’s playing XI leaked’: Fans decode BCCI’s post as India’s playing eleven