2025 ലെ യു.എൻ സാമ്പത്തിക വളർച്ചാ പ്രവചനം; ഇന്ത്യയുടെ വളർച്ചയിൽ കുറവെന്ന് റിപ്പോർട്ട്
national news
2025 ലെ യു.എൻ സാമ്പത്തിക വളർച്ചാ പ്രവചനം; ഇന്ത്യയുടെ വളർച്ചയിൽ കുറവെന്ന് റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th May 2025, 2:17 pm

ന്യൂദൽഹി: ഐക്യരാഷ്ട്ര സഭയുടെ 2025 ലെ സാമ്പത്തിക വളർച്ചാ പ്രവചനത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ കുറവ് റിപ്പോർട്ട് ചെയ്തു. 2024 ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ 7.1 ശതമാനം വർധനവ് ഉണ്ടാകുമെന്ന് യു.എൻ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. എന്നാൽ 2025ൽ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിൽ ഇത് 6.3 ശതമാനമാണ്.

‘2025 മധ്യത്തിലെ ലോക സാമ്പത്തിക സാഹചര്യവും സാധ്യതകളും’ എന്ന തലക്കെട്ടോടെ പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഈ വിവരം പറയുന്നത്. ഇന്നലെ (വ്യാഴാഴ്ച)യായിരുന്നു റിപ്പോർട്ട് പുറത്ത് വിട്ടത്.

ഇന്ത്യയുടെ സാമ്പത്തിക വളർച്ച താരതമ്യേനെ കുറഞ്ഞെന്നാണ് റിപ്പോർട്ടിൽ പറയുന്നതെങ്കിലും രാജ്യം അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി തന്നെ തുടരുന്നുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

‘2025ൽ വളർച്ചാ പ്രവചനങ്ങളിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്ക് 6.3 ശതമാനമായി കുറഞ്ഞിട്ടുണ്ടെങ്കിലും, ശക്തമായ സ്വകാര്യ ഉപഭോഗവും പൊതു നിക്ഷേപവും മൂലം ഇന്ത്യ അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി തുടരുന്നു,’ യു.എൻ സാമ്പത്തിക സാമൂഹിക കാര്യ വകുപ്പിന്റെ ആഗോള സാമ്പത്തിക നിരീക്ഷണ ബ്രാഞ്ചിലെ സീനിയർ സാമ്പത്തിക കാര്യ ഓഫീസർ ഇംഗോ പിറ്റെർലെ പറഞ്ഞു.

ആഗോള സമ്പദ്‌വ്യവസ്ഥ അപകടകരമായ ഒരു ഘട്ടത്തിലാണെന്നും വ്യാപാര സംഘർഷങ്ങൾ വർധിക്കുകയും നയപരമായ അനിശ്ചിതത്വം വർധിക്കുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. താരിഫ് നിരക്ക് കുത്തനെ ഉയർത്തിയ യു.എസിന്റെ സമീപകാല നടപടികൾ ഉത്പാദനച്ചെലവ് വർധിക്കുക സാമ്പത്തിക പ്രതിസന്ധി വർധിക്കുക തുടങ്ങിയ ഭീഷണികൾക്ക് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ വർഷം ജനുവരിയിൽ പ്രസിദ്ധീകരിച്ച യു.എൻ വേൾഡ് ഇക്കണോമിക് സിറ്റുവേഷൻ ആൻഡ് പ്രോസ്‌പെക്റ്റ്‌സ് 2025ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.6 ശതമാനമാണെന്നായിരുന്നു കണക്കാക്കിയത്. പുതിയ റിപ്പോർട്ടിൽ 6.3 ശതമാനം ആണെന്നാണ് പ്രവചിച്ചിരിക്കുന്നത്. 2026ലെ ഇന്ത്യയുടെ ജി.ഡി.പി വളർച്ച 6.4 ശതമാനമായിരിക്കുമെന്ന പ്രവചനങ്ങൾ വന്നിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എങ്കിലും ഇന്ത്യയിൽ തൊഴിലില്ലായ്മ വലിയ തോതിൽ നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. 2024ൽ ഇന്ത്യയിൽ പണപ്പെരുപ്പം 4.9 ശതമാനമായിരുന്നെന്നും അത് 2025ൽ 4.3 ശതമാനമായി കുറയുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.

Content Highlight: India’s growth forecast revised down to 6.3% for 2025: UN