കറന്‍സി മോണിറ്ററിങ് ലിസ്റ്റില്‍ നിന്നും ഇന്ത്യയെ നീക്കം ചെയ്ത് അമേരിക്ക; ജി20 പ്രസിഡന്‍സിയില്‍ ഇന്ത്യയെ പിന്തുണക്കുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി
World News
കറന്‍സി മോണിറ്ററിങ് ലിസ്റ്റില്‍ നിന്നും ഇന്ത്യയെ നീക്കം ചെയ്ത് അമേരിക്ക; ജി20 പ്രസിഡന്‍സിയില്‍ ഇന്ത്യയെ പിന്തുണക്കുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th November 2022, 10:19 am

വാഷിങ്ടണ്‍: ഇന്ത്യയെ കറന്‍സി മോണിറ്ററിങ് ലിസ്റ്റില്‍ (Currency Monitoring List) നിന്നും നീക്കം ചെയ്ത് അമേരിക്ക.

യു.എസിന്റെ ഡിപാര്‍ട്‌മെന്റ് ഓഫ് ട്രഷറിയാണ് (Department of Treasury) ഇന്ത്യയെയും ഒപ്പം ഇറ്റലി, മെക്‌സിക്കോ, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളെയും കറന്‍സി മോണിറ്ററിങ് ലിസ്റ്റില്‍ നിന്നും നീക്കം ചെയ്തത്.

വെള്ളിയാഴ്ച ന്യൂദല്‍ഹിയില്‍ വെച്ച് നടന്ന യു.എസ്- ഇന്ത്യ ബിസിനസസ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഓപ്പര്‍ച്യൂണിറ്റീസ് ഇവന്റില്‍ (US-India Businesses and investment Opportunities) യു.എസിന്റെ ട്രഷറി സെക്രട്ടറി ജാനറ്റ് യെലെന്‍ (Janet Yellen) പങ്കെടുത്ത് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഇന്ത്യയെ കറന്‍സി മോണിറ്ററിങ് ലിസ്റ്റില്‍ നിന്നും നീക്കം ചെയ്തതും.

യു.എസിന്റെ ചില പ്രധാന വ്യാപാര പങ്കാളി രാജ്യങ്ങളുടെ കറന്‍സി പ്രാക്ടീസുകളും നയങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നതാണ് ഈ ലിസ്റ്റ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യ ഈ ലിസ്റ്റിലുണ്ടായിരുന്നു.

നിലവില്‍ ചൈന, ജപ്പാന്‍, കൊറിയ, ജര്‍മനി, മലേഷ്യ, സിംഗപ്പൂര്‍, തായ്‌വാന്‍ എന്നീ ഏഴ് രാജ്യങ്ങളാണ് യു.എസിന്റെ കറന്‍സി മോണിറ്ററിങ് ലിസ്റ്റിലുള്ളതെന്ന് യു.എസ് കോണ്‍ഗ്രസിന് വ്യാഴാഴ്ച സമര്‍പ്പിച്ച ദ്വിവാര്‍ഷിക റിപ്പോര്‍ട്ടില്‍ (biannual report) ഡിപാര്‍ട്‌മെന്റ് ഓഫ് ട്രഷറി വ്യക്തമാക്കി.

‘Macroeconomic and Foreign Exchange Policies of Major Trading Partners of the United States’ എന്ന വിഷയത്തിന്മേലാണ് ട്രഷറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി യു.എസിന്റെ വ്യാപാര പങ്കാളി രാജ്യങ്ങളുടെ പോളിസികളാണ് റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നത്.

തുടര്‍ച്ചയായ രണ്ട് വര്‍ഷമായി യു.എസ് ഡിപാര്‍ട്‌മെന്റ് ഓഫ് ട്രഷറിയുടെ റിപ്പോര്‍ട്ടിലെ മൂന്ന് മാനദണ്ഡങ്ങളില്‍ ഒന്ന് മാത്രമാണ് ഇന്ത്യയടക്കം കറന്‍സി മോണിറ്ററിങ് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട രാജ്യങ്ങള്‍ പാലിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതില്‍ രണ്ടോ മൂന്നോ മാനദണ്ഡങ്ങള്‍ പാലിക്കുന്ന രാജ്യങ്ങള്‍ക്ക് മാത്രമേ ലിസ്റ്റില്‍ ഇടംപിടിക്കാനാകൂ.

അതേസമയം, കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ യു.എസിന്റെ ട്രഷറി സെക്രട്ടറി ജാനറ്റ് യെലെന്‍ സാമ്പത്തികകാര്യ മന്ത്രി നിര്‍മല സീതാരാമനുമായി ചര്‍ച്ച നടത്തിയിരുന്നു. ജി20 യൂണിയന്റെ പ്രസിഡന്റായി ഇന്ത്യ വരുന്നതിനെ യു.എസ് പിന്തുണക്കുമെന്നും ജാനറ്റ് യെലെന്‍ പറഞ്ഞു.

Content Highlight: India removed from United States Currency Monitoring List