ന്യൂദല്‍ഹി: വെനസ്വലെയ്ക്ക് മേലുള്ള സൈനിക ആക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ബന്ദിയാക്കിയ നടപടിയിലും ഇനിയും പ്രതികരിക്കാതെ ഇന്ത്യ. ഒരു പരമാധികാര രാജ്യത്തിന് മേലുള്ള അമേരിക്കന്‍ സാമ്രാജ്യത്വ ശക്തിയുടെ കടന്നുകയറ്റത്തിനെതിരെ പ്രധാനമന്ത്രിയോ വിദേശകാര്യമന്ത്രിയോ ഒരു തരത്തിലുള്ള പ്രസ്താവനയോ വിമര്‍ശനമോ രേഖപ്പെടുത്തിയിട്ടില്ല.
ബ്രിക്‌സ് രാജ്യങ്ങളിലെ പ്രധാനശക്തികളില്‍ ഇന്ത്യയാണ് വിഷയത്തില്‍ നിലപാട് പ്രഖ്യാപിക്കാത്തത്. വിഷയത്തില്‍ രാജ്യം നിക്ഷ്പക്ഷ നിലപാടുകള്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്.
അമേരിക്കയുടെ ആക്രമണത്തെ സായുധ കടന്നുകയറ്റം അഥവാ ആക്ട് ഓഫ് ആംഡ് അഗ്രഷന്‍ എന്നാണ് റഷ്യ വിശേഷിപ്പിച്ചത്. വെനസ്വലെയുടെ പരമാധികാരത്തിന് മേലുള്ള ലംഘനമാണെന്നും റഷ്യ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി.
അമേരിക്കയുടെ ആക്രമണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ചൈന, ട്രംപിന്റെ ഈ നടപടിയെ ആധിപത്യസ്വഭാവത്തോടുകൂടി പ്രവൃത്തിയെന്നാണ് വിശേഷിപ്പിച്ചത്. ലാറ്റിന്‍ അമേരിക്കയെ കൂടുതല്‍ അസ്ഥിരപ്പെടുത്തുന്ന നീക്കമാണെന്ന് ബ്രസീലും അപലപിച്ചു.
സൗത്ത് ആഫ്രിക്കയും ഇറാനും വിഷയത്തില്‍ അമേരിക്കന്‍ നടപടികളെ വിമര്‍ശിച്ചു. അന്താരാഷ്ട്രവ നിയമങ്ങളുടെ നഗ്നമായ ലംഘനമെന്നാണ് സൗത്ത് ആഫ്രിക്ക വിമര്‍ശിച്ചത്. വിഷയത്തില്‍ യു.എന്‍ ഇടപെടണമെന്നും സൗത്ത് ആഫ്രിക്ക ആവശ്യപ്പെട്ടു. അമേരിക്കന്‍ നടപടികളെ ശക്തമായ അപലപിച്ച ഇറാനും വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നുള്ള ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഇന്ത്യയ്ക്ക് പുറമെ യു.എ.ഇ, സൗദി അറേബ്യ, ഈജിപ്ത്, എത്യോപ്യ അടക്കമുള്ള മറ്റ് ബ്രിക്‌സ് രാജ്യങ്ങള്‍ വിഷയത്തില്‍ പരസ്യപ്രതികരണം നടത്തിയിട്ടില്ല.
അതേസമയം, ബന്ദിയാക്കിയ നിക്കോളാസ് മഡൂറോയെയും പങ്കാളിയെയും അമേരിക്ക ന്യൂയോര്‍ക്കിലെ എയര്‍ബേസിലെത്തിച്ചിട്ടുണ്ട്.
ഇരുവര്‍ക്കും അമേരിക്കയില്‍ വിചാരണ നേരിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞിരുന്നു. ഭീകര ഗൂഢാലോചന, ആയുധ കുറ്റകൃത്യങ്ങള്‍, കൊക്കെയ്ന്‍ ഇറക്കുമുതി സംബന്ധിച്ചുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്ക് മേല്‍ അമേരിക്ക ചുമത്തിയിട്ടുണ്ട്.
മഡൂറോയെ തടവിലാക്കിയ അമേരിക്ക, വെനസ്വലെയുടെ ഭരണം തങ്ങള്‍ ഏറ്റെടുക്കുമെന്നും പറഞ്ഞിരുന്നു. ശരിയായ അധികാര കൈമാറ്റം പൂര്‍ത്തിയാകും വരെ കുറച്ചുകാലം വെനസ്വേല അമേരിക്കന്‍ ഭരണത്തിലായിരിക്കുമെന്നും ആവശ്യമെങ്കില്‍ വീണ്ടും ആക്രമണം നടത്തുമെന്നും ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Content highlight: India, one of the leading BRICS countries, did not respond to the US’s actions in attacking Venezuela.