2026 ടി – 20 ലോകകപ്പില്‍ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്ന് (ഫെബ്രുവരി 18) ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ ഈ മത്സരം. നെതര്‍ലാന്‍ഡ്സാണ് എതിരാളികളായി എത്തുന്നത്.

ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച എല്ലാ മത്സരത്തിലും ജയിച്ചാണ് സൂര്യയും സംഘവും ഈ മത്സരത്തിന് തയ്യാറെടുക്കുന്നത്. അതിനാല്‍ തന്നെ ഈ മത്സരത്തിലും ജയിച്ച് അപരാജിതരായി സൂപ്പര്‍ 8നായി ഒരുങ്ങുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതുവരെ നെതര്‌ലാന്റിനോട് തോറ്റിട്ടില്ല എന്നതും ടീമിന് ആത്മവിശ്വാസം നല്‍കും.

ഇന്ത്യൻ ടീം. Photo: bCCI/x.com

മറുവശത്ത് ടൂര്‍ണമെന്റിലെ രണ്ടാം വിജയം ലക്ഷ്യമിട്ടാവും നെതര്‍ലാന്‍ഡ്‌സ് ഇന്ത്യക്ക് എതിരെ കളത്തില്‍ ഇറങ്ങുന്നത്. വിജയത്തോടെ ടൂര്‍ണമെന്റ് അവസാനിപ്പിക്കുക എന്നതാണ് ഡച്ച് പട ലക്ഷ്യമിടുന്നത്.

ഈ മത്സരത്തിന് ഒരു ലോക റെക്കോഡുമായാണ് മെന്‍ ഇന്‍ ബ്ലൂ ഇറങ്ങുന്നത്. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായി ഏറ്റവുമധികം വിജയം നേടുന്ന ടീം എന്ന നേട്ടമാണിത്. പാകിസ്ഥാനെതിരെയുള്ള മത്സരത്തോടെയാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. പാകിസ്ഥാന് എതിരെ നേടിയത് ഇന്ത്യയുടെ തുടര്‍ച്ചയായ 16ാം വിജയമാണിത്.

ഇതാകട്ടെ നേടിയെടുത്തത് 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച ഓസീസിനെ പടിയിറക്കിയായിരുന്നു. 2006-2007ല്‍ തുടര്‍ച്ചയായി 15 മത്സരങ്ങളില്‍ വിജയിച്ചതിന്റെ കങ്കാരുക്കളുടെ റെക്കോഡാണ് ഇതോടെ ഇന്ത്യന്‍ ടീം പഴങ്കഥയായത്.

ഇന്ത്യൻ ടീം. Photo: bCCI/x.com

2024 ടി – 20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം മുതലാണ് ഇന്ത്യയുടെ ഈ കുതിപ്പിന് തുടക്കമായത്. ടൂര്‍ണമെന്റില്‍ എല്ലാ മത്സരങ്ങളിലും ജയിച്ച ടീം അതേ മികവ് 2025 ചാമ്പ്യന്‍സ് ട്രോഫിയിലും തുടര്‍ന്നു. ഇരു ടൂര്‍ണമെന്റിലും ടീം അപരാജിതരായാണ് കിരീടം ഉയര്‍ത്തിയത്. ഇപ്പോള്‍ ഈ ലോകകപ്പിലും അപരാജിതരായി കിരീടം ചൂടാനാണ് ഇന്ത്യ നോട്ടമിടുന്നത്.

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായ വിജയം

(എണ്ണം – ടീം എന്നീ ക്രമത്തില്‍. ബ്രാക്കറ്റില്‍ കാലഘട്ടം)

16* – ഇന്ത്യ (2024-2026)

15 – ഓസ്ട്രേലിയ (2006-2007)

14 – ഓസ്ട്രേലിയ (2023-2024)

13 – ഓസ്ട്രേലിയ (2003-2004)

12 – ഇന്ത്യ (2012-2014)

10 – ഓസ്ട്രേലിയ (2009-2010)

10 – ഇന്ത്യ (2023)

9 – വെസ്റ്റ് ഇന്‍ഡീസ് (1975-1979)

9 – ശ്രീലങ്ക (1996-1998)

9 – പാകിസ്ഥാന്‍ (2019-2021)

Content Highlight: India holds the record of most consecutive wins in ICC Tournaments

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ