കശ്മീരിനെ വെട്ടിയ മാപ്പ് പിന്‍വലിക്കണം; സൗദിയോട് ഇന്ത്യ
World News
കശ്മീരിനെ വെട്ടിയ മാപ്പ് പിന്‍വലിക്കണം; സൗദിയോട് ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th October 2020, 8:41 am

ന്യൂദല്‍ഹി: ഇന്ത്യയുടെ മാപ്പില്‍ നിന്നും ജമ്മു കശ്മീരിനെയും ലഡാക്കിനെയും ഒഴിവാക്കി സൗദി അറേബ്യ പുറത്തിറക്കിയ മാപ്പിനെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം.

ജി 20 യുടെ ഭാഗമായി ജി 20 സമ്മിറ്റ് കറന്‍സിയിലാണ് സൗദി അറേബ്യ ഇന്ത്യയുടെ മാപ്പില്‍ നിന്ന് ലഡാക്കിനെയും കശ്മിരീനെയും പ്രത്യേക മേഖലയായി അടയാളപ്പെടുത്തിയത്.

സൗദി അറേബ്യയോട് അടിയന്തരമായി തെറ്റായി അടയാളപ്പെടുത്തിയ മാപ്പ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയുടെ പ്രധാനപ്പെട്ട മേഖലയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

” സൗദിയുടെ ഇന്ത്യന്‍ അംബാസിഡര്‍ വഴി വിഷയത്തില്‍ രാജ്യത്തിന്റെ ആശങ്ക അറിയിച്ചിട്ടുണ്ട്. കശ്മീരിനെയും ലഡാക്കിനെയും ഒഴിവാക്കിയ നടപടി തെറ്റിധാരണയുണ്ടാക്കുന്നതാണ്.

ഇതുമായി ബന്ധപ്പെട്ട് അടിയന്തിരമായി നടപടിയെടുക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്. ജമ്മു കശ്മീര്‍, ലഡാക്ക് പ്രദേശങ്ങള്‍ ഇന്ത്യയുടെ ഭാഗമായി തന്നെ ഉള്‍പ്പെടുത്തി മാപ്പ്  മാറ്റുവാനും ആവശ്യപ്പെട്ടിട്ടുണ്ട്”, വിദേശകാര്യ വക്താവ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ആരംഭിച്ചിരുന്നു. വ്യാപാരമുള്‍പ്പെടെയുള്ള മേഖലകളില്‍ സൗദിയുമായുള്ള ബന്ധം മെച്ചപ്പെടുത്തി പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു ലക്ഷ്യം.

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തിയ സൗദിയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രോട്ടോക്കോള്‍ മറികടന്ന് നേരിട്ടെത്തിയാണ് മോദി സ്വീകരിച്ചത്.

ജി 20യുടെ ഭാഗമായി സൗദി പുറത്തിറക്കിയ മാപ്പില്‍ പാകിസ്താനും തിരിച്ചടി നേരിട്ടിരുന്നു. പാക് അധീന കശ്മീരും സൗദി കറന്‍സിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഇന്ത്യ അംഗമായ ജി 20 യുടെ ഈ വര്‍ഷത്തെ ഉച്ചകോടിക്ക് സൗദി അറേബ്യയാണ് അധ്യക്ഷത വഹിക്കുന്നത്. നവംബര്‍ 21,22,23 തിയ്യതികളില്‍ വെര്‍ച്വലായാണ് ഉച്ചകോടി നടക്കുന്നത്.

കശ്മീര്‍ വിഷയത്തില്‍ സൗദി

സൗദി അറേബ്യ നയിക്കുന്ന ഓര്‍ഗൈനേസഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍ ( ഒ.ഐ.സി) എന്ന മുസ്‌ലിം രാജ്യങ്ങളുടെ സംഘടന കശ്മീരിലെ മനുഷ്യാവകാശ ലംഘനത്തിനെതിരെ നേരത്തെ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സൗദി പരസ്യമായി ഇന്ത്യക്കെതിരെ രംഗത്തു വന്നിട്ടില്ല. ഇരു രാജ്യങ്ങളും തമ്മില്‍ അടുത്ത നയതന്ത്ര ബന്ധവുമാണ്.

എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ പാകിസ്താനുമായി സൗദി നേരത്തെ ഇടഞ്ഞിട്ടുമുണ്ട്.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഇന്ത്യയുടെ നീക്കത്തിന്റെ അടിസ്ഥാനത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മുസ്‌ലിം കൗണ്‍സില്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേരണമെന്നാമവശ്യപ്പെട്ട് കൊണ്ട് പാക് വിദേശകാര്യ മന്ത്രി മുഹമ്മദ് ഖുറേഷി നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

ആഗസ്റ്റ് മാസത്തില്‍ ഒരു പാക് ന്യൂസ് ചാനലിലെ അഭിമുഖത്തില്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടി ചര്‍ച്ച ചെയ്യാന്‍ സൗദി അറേബ്യ ഒ.ഐ.സിയില്‍ വിദേശകാര്യ മന്ത്രിമാരുടെ മീറ്റിംഗ് വിളിച്ചില്ലെങ്കില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ യോഗം വിളിക്കാന്‍ താന്‍ നിര്‍ബന്ധിക്കുമെന്ന് ഖുറേഷി പറഞ്ഞിരുന്നു. വിഷയത്തില്‍ തങ്ങളുടെ വികാരം ഗള്‍ഫ് രാജ്യങ്ങള്‍ മനസ്സിലാക്കണമെന്നും ഖുറേഷി പറഞ്ഞിരുന്നു.

പരാമര്‍ശത്തിനു പിന്നാലെ പാകിസ്താനുമായുള്ള ചില വ്യാപാര വ്യവസ്ഥകളില്‍ നിന്ന് സൗദി പിന്‍വാങ്ങുന്നതിന്റെ സൂചന നല്‍കിയിരുന്നു. പാകിസ്താന് വായ്പാ ആനുകൂല്യത്തോടെ നല്‍കുന്ന എണ്ണ കയറ്റുമതി കരാര്‍ സൗദി പുതുക്കിയിട്ടില്ല..

മാസങ്ങള്‍ക്ക് മുമ്പ് ഈ കരാറിന്റെ സമയ പരിധി കഴിഞ്ഞിരുന്നു. എന്നാല്‍ ഇതുവരെയും കരാര്‍ പുതുക്കാന്‍ സൗദി തയ്യാറായിട്ടില്ല. ഘട്ടം ഘട്ടമായി പണമടച്ച് 3.2 ബില്യണ്‍ ഡോളറിന്റെ എണ്ണ സൗദിയില്‍ നിന്നും പാകിസ്താനിലെത്തിക്കാനുള്ള കരാറാണിത്.

ഇതിനൊപ്പം നല്‍കിയ മൂന്ന് ബില്യണ്‍ ഡോളറിന്റെ ലോണ്‍ തിരിച്ചടയ്ക്കാന്‍ പാകിസ്താനെ സൗദി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. പാക് ആഭ്യന്തര പ്രതിസന്ധികള്‍ മറികടക്കുന്നതിന്റെ ഭാഗമായി 2018 നവംബറില്‍ പ്രഖ്യാപിച്ച 6.2 ബില്യണ്‍ ഡോളര്‍ സൗദി പാക്കേജിന്റെ ഭാഗമായിരുന്നു ഈ കരാര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India Files Strong Protest With Saudi Arabia For Wrong Map On Banknote