ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ നേരിടാന്‍ ഇന്ത്യയ്ക്ക് അനുമതി. യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുക മാത്രമല്ല, പാകിസ്ഥാനെ നേരിടുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതോടെ സെപ്റ്റംബര്‍ 14ന് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച റൈവല്‍റികളിലൊന്നിന്റെ പുത്തന്‍ അധ്യായത്തിനും വഴിയൊരുങ്ങും.
എന്നാല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ബൈലാറ്ററല്‍ മത്സരങ്ങളില്‍ തുടര്‍ന്നും കളിക്കില്ല എന്നും പാകിസ്ഥാന്‍ ടീമുകളെ ഇന്ത്യയിലെത്തി കളിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐ.സി.സി വനിതാ ഏകദിന ലോകകപ്പിന് പാകിസ്ഥാനും ഇവിടെയത്തി കളിക്കില്ല. ശ്രീലങ്കയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് പാകിസ്ഥാന്റെ എല്ലാ മത്സരങ്ങളും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഒരുപക്ഷേ പാകിസ്ഥാന്‍ വനിതകള്‍ ഫൈനലില്‍ പ്രവേശിക്കുകയാണെങ്കില്‍ കിരീടപ്പോരാട്ടവും ഇന്ത്യക്ക് പുറത്താകും നടക്കുക.
നേരത്തെ, പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ നിന്നും ഇന്ത്യ ചാമ്പ്യന്‍സ് പിന്മാറുകയും പാകിസ്ഥാന്‍ നേരിട്ട് ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. ഇതേ സാഹചര്യം ഏഷ്യാ കപ്പിലും ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കിയത്.
എന്നാല്‍ പാകിസ്ഥാനെതിരെ കളത്തിലിറങ്ങാന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ ടീമിന് അനുമതി നല്‍കുകയായിരുന്നു.
സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്‌റഫ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹസന്‍ നവാസ്, ഹുസൈന്‍ തലാത്ത്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയര്‍, സഹിബ്‌സാദ ഫര്‍ഹാന്‍, സയിം അയ്യൂബ്, സല്‍മാന്‍ മിര്‍സ, ഷഹീന്‍ ഷാ അഫ്രീദി, സൂഫിയാന്‍ മഖീം.
Content Highlight: India cleared to face Pakistan in Asia Cup