ഇത്തവണ കപ്പ് ഇന്ത്യക്ക് തന്നെ... കാരണം യു.എ.ഇയുടെ ചരിത്രം അതാണ്
Sports News
ഇത്തവണ കപ്പ് ഇന്ത്യക്ക് തന്നെ... കാരണം യു.എ.ഇയുടെ ചരിത്രം അതാണ്
ആദര്‍ശ് എം.കെ.
Monday, 29th August 2022, 6:12 pm

ക്രിക്കറ്റ് ആരാധകരെല്ലാം തന്നെ ഏഷ്യാ കപ്പിന്റെ ആവേശത്തിലാണ്. ശ്രീലങ്കയില്‍ നിന്നും ഏഷ്യാ കപ്പ് യു.എ.ഇയിലേക്ക് മാറ്റിയതോടെ ആ ആവേശം ഇരിട്ടിയായിരിക്കുകയാണ്.

ഏഷ്യാ കപ്പിന്റെ 2022 എഡിഷനില്‍ ഇന്ത്യ വീണ്ടും ചാമ്പ്യന്‍മാരാവുമെന്നും കിരീടം നിലനിര്‍ത്തുമെന്നുമുള്ള ആരാധകരുടെ വിശ്വാസം തന്നെയാണ് ഈ ആവേശത്തിന് കാരണവും.

2022 ഏഷ്യാ കപ്പും സ്വന്തമാക്കി ചരിത്രത്തിലെ തന്നെ തങ്ങളുടെ രണ്ടാം ഹാട്രിക്കും ഇന്ത്യ സ്വന്തമാക്കും എന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. യു.എ.ഇ ഒരിക്കല്‍പ്പോലും ഇന്ത്യയെ ചതിച്ചിട്ടില്ല എന്നതാണ് വസ്തുത.

ഏഷ്യാ കപ്പിന്റെ ചരിത്രത്തില്‍, യു.എ.ഇയില്‍ വെച്ച് ടൂര്‍ണമെന്റ് നടന്നപ്പോഴെല്ലാം കപ്പുയര്‍ത്തിയത് ഇന്ത്യ തന്നെയായിരുന്നു. ഇതിന് മുമ്പ് മൂന്ന് തവണ യു.എ.ഇ ആതിഥേയരായപ്പോഴൊക്കെ ചാമ്പ്യന്‍മാര്‍ ഇന്ത്യ തന്നെയായിരുന്നു.

ടൂര്‍ണമെന്റിന്റെ ആദ്യ എഡിഷന്റെ ആതിഥേയര്‍ യു.എ.ഇ ആയിരുന്നു. 1984ല്‍ നടന്ന ആദ്യ സീസണില്‍ ശ്രീലങ്കയെ തോല്‍പിച്ചുകൊണ്ടായിരുന്നു ഇന്ത്യ ചാമ്പ്യന്‍മാരായത്.

ഇതിന് ശേഷം 1995ലാണ് ഏഷ്യാ കപ്പ് യു.എ.ഇയിലേക്ക് മടങ്ങിയെത്തിയത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന് ജയിച്ചായിരുന്നു ഇന്ത്യ ഒരിക്കല്‍ക്കൂടി ഏഷ്യന്‍ ക്രിക്കറ്റിന്റെ രാജാക്കന്‍മാരായത്. അന്നും ശ്രീലങ്ക തന്നെയായിരുന്നു ഇന്ത്യയുടെ തേരോട്ടത്തില്‍ അടിപതറി വീണത്.

ആ വിജയത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഇന്ത്യയുടെ ഹാട്രിക് കിരീടനേട്ടത്തിനായിരുന്നു 1995ല്‍ യു.എ.ഇ സാക്ഷ്യം വഹിച്ചത്. ഇതിന് മുമ്പ് 1988ല്‍ ബംഗ്ലാദേശില്‍ വെച്ച് നടന്ന സീസണിലും 1990/91ല്‍ ഇന്ത്യ ആതിഥേയരായപ്പോഴും അവസാന ചിരി ഇന്ത്യയുടേത് തന്നെയായിരുന്നു.

നീണ്ട 23 വര്‍ഷത്തിന് ശേഷമാണ് 2018ലാണ് ഏഷ്യാ കപ്പ് വീണ്ടും യു.എ.ഇയിലേക്കെത്തിയത്. അവസാന പന്തുവരെ ആവേശം അലതല്ലിയ മത്സരത്തില്‍ ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തോല്‍പിച്ചായിരുന്നു ഇന്ത്യ വീണ്ടും ഏഷ്യാ കപ്പിന്റെ നെറുകയിലെത്തിയത്.

ഇതിന് മുമ്പ് രണ്ട് തവണ ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നേടിയിരുന്നു. 1995ല്‍ തങ്ങളുടെ നാലാം കിരീടം നേടിയ ശേഷം 15 വര്‍ഷമായിരുന്നു അടുത്ത കിരീടം നേടാന്‍ ഇന്ത്യ കാത്തിരുന്നത്.

2010ലാണ് ഇന്ത്യ ഒരിക്കല്‍ക്കൂടി ഏഷ്യയുടെ നെറുകിലെത്തിയത്. അന്ന് ശ്രീലങ്കയെ തകര്‍ത്തായിരുന്നു ഇന്ത്യ തങ്ങളുടെ അഞ്ചാം കിരീടം സ്വന്തമാക്കിയത്.

എന്നാല്‍ 2014ല്‍ ഇന്ത്യക്ക് കാലിടറുകയായിരുന്നു. ആ വര്‍ഷം ഏയ്ഞ്ചലോ മാത്യൂസിന്റെ ചിറകിലേറി ശ്രീലങ്കയായിരുന്നു ചാമ്പ്യന്‍മാരായത്.

എന്നാല്‍, ചരിത്രത്തിലാദ്യമായി ടി-20 ഫോര്‍മാറ്റില്‍ ഏഷ്യാ കപ്പ് നടന്ന 2016ല്‍ ബംഗ്ലാദേശിനെ തോല്‍പിച്ച് കിരീടം വീണ്ടും തിരികെയെത്തിക്കാന്‍ ഇന്ത്യക്കായി.

കഴിഞ്ഞ സീസണില്‍, അതായത് 2018ല്‍ ഇതേ ബംഗ്ലാദേശിനെ ഒരിക്കല്‍ക്കൂടി തോല്‍പിച്ചായിരുന്നു ഇന്ത്യ വീണ്ടും കിരീടം ചൂടിയത്.

ഇതോടെ ഏഴ് ഏഷ്യാ കപ്പ് കിരീടങ്ങളാണ് ഇന്ത്യയുടെ ഷെല്‍ഫിലെത്തിയത്.

1984, 1988, 1991, 1995, 2010, 2016, 2018 എഡിഷനിലാണ് ഇന്ത്യ ഏഷ്യാ കപ്പിന്റെ കിരീടം സ്വന്തമാക്കിയത്. ഏഷ്യാ കപ്പിന്റെ ഇതുവരെ നടന്ന 14 എഡിഷനില്‍ ഏഴെണ്ണത്തിലും വിജയിച്ചത് ഇന്ത്യയാണെന്നറിയുമ്പോഴാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഡോമിനന്‍സ് വ്യക്തമാകുന്നത്.

1988, 1991, 1995 സീസണില്‍ തുടര്‍ച്ചയായി കിരീടം സ്വന്തമാക്കി ഹാട്രിക് നേടിയ ഇന്ത്യ രണ്ടാം ഹാട്രിക്കാണ് 2022ല്‍ ലക്ഷ്യമിടുന്നത്.

ഇന്ത്യക്ക് പുറമെ രണ്ടേ രണ്ട് ടീം മാത്രമാണ് ഏഷ്യാ കപ്പ് നേടിയത്. അഞ്ച് തവണ ശ്രീലങ്കയും രണ്ട് തവണ പാകിസ്ഥാനുമാണ് ഏഷ്യാ കപ്പ് തങ്ങളുടെ പേരിലാക്കിയത്.

എന്നാല്‍, ഇത്തവണ ഈ രണ്ട് ടീമും തോല്‍വിയോടെയാണ് സീസണ്‍ ആരംഭിച്ചത്. പാകിസ്ഥാന്‍ ഇന്ത്യയോടും ശ്രീലങ്ക അഫ്ഗാനിസ്ഥാനോടുമായിരുന്നു തോല്‍വിയേറ്റുവാങ്ങിയത്.

പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ തന്നെ വിജയിച്ചാണ് ഇന്ത്യ ഏഷ്യാ കപ്പിന്റെ പുതിയ സീസണില്‍ തേരോട്ടം തുടങ്ങിയത്. ടി-20 ലോകകപ്പിലേറ്റ തോല്‍വിയുടെ മധുരപ്രതികാരമായിരുന്നു ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയം.

ഏഷ്യാ കപ്പും ജയിച്ച് ഗ്ലോബല്‍ ഇവന്റിന് മുമ്പ് തന്നെ തങ്ങളുടെ അപ്രമാദിത്യം സ്ഥാപിക്കാനാവും ഇന്ത്യയൊരുങ്ങുന്നത്.

നല്ലത് മാത്രം പ്രത്യാശിക്കാം… ഇത്തവണയും ചാമ്പ്യന്‍മാര്‍ ഇന്ത്യ തന്നെയാവട്ടെ…

 

Content Highlight: India becomes champions in every edition of Asia Cup hosted in UAE

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.