ഐ.സി.സി വിമണ്‍സ് ടി-20 ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ 61 റണ്‍സിനാണ് ഇന്ത്യ വീഴ്ത്തിയത്. ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 17 ഓവറില്‍ 106 റണ്‍സിന് പുറത്തായി.
ഇന്ത്യന്‍ ബൗളിങ്ങില്‍ ദീപ്തി ശര്‍മ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനം നടത്തിയപ്പോള്‍ പാക് ബാറ്റിങ് നിര തകരുകയായിരുന്നു. നാല് ഓവറില്‍ വെറും 10 റണ്‍സ് മാത്രം വിട്ടു നല്‍കിയാണ് ദീപ്തി അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ശ്രീ ചരണി മൂന്ന് വിക്കറ്റും ഷെഫാലി വര്‍മ ഒരു വിക്കറ്റും നേടി വിജയത്തില്‍ നിര്‍ണായകമായ പങ്കു വഹിച്ചു.
4️⃣ overs
1️⃣0️⃣ runs
5️⃣ WICKETS 💥
𝗔𝗯𝘀𝗼𝗹𝘂𝘁𝗲𝗹𝘆 𝗽𝗵𝗲𝗻𝗼𝗺𝗲𝗻𝗮𝗹 from Deepti Sharma who records her career-best T20I bowling figures 🫡
വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടല്‍ സ്വന്തമാക്കിയത്. 44 പന്തില്‍ 68 റണ്‍സാണ് സ്മൃതി നേടിയത്. ഒമ്പത് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.
തുടക്കത്തില്‍ തന്നെ ഷെഫാലി വര്‍മയേയും ജെമീമ റോഡ്രിഗസിനെയും നഷ്ടമായ ഇന്ത്യയെ സ്മൃതിയുടെ ഇന്നിങ്‌സാണ് കരകയറ്റിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനൊപ്പമാണ് സ്മൃതി ഇന്നിങ്‌സ് മുന്നോട്ട് നയിച്ചത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ 36 റണ്‍സാണ് സ്വന്തമാക്കിയത്. നാല് ഫോറുകളാണ് താരം നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റിച്ച ഘോഷിന്റെ പ്രകടനവും ഏറെ നിര്‍ണായകമായി. 17 പന്തില്‍ നിന്നും 34 റണ്‍സാണ് റിച്ച അടിച്ചെടുത്തത്. അഞ്ച് ഫോറുകളും ഒരു സിക്സുമാണ് റിച്ച അടിച്ചെടുത്തത്.
പാകിസ്ഥാന്‍ ബൗളിങ് നിരയില്‍ ക്യാപ്റ്റന്‍ ഫാത്തിമ സന, സാദിയ ഇഖ്ബാല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും തസ്മിയ റുബാബ്, റമീന്‍ ഷമീം എന്നിവര്‍ ഓരോ വിക്കറ്റും നേടി. 35 പന്തില്‍ 41 റണ്‍സ് നേടിയ മുബീന അലിയാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍.
അതേസമയം ജൂണ്‍ 17ന് നെതര്‍ലാന്‍ഡ്‌സിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. മറുവശത്ത് അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ സൗത്ത് ആഫ്രിക്കയെയും നേരിടും.
Content Highlight: India beat Pakistan in ICC Women’s T20 Worldcup 2026