ഇന്ത്യയും പാകിസ്ഥാനും നേരിട്ട് സംസാരിക്കണം; ട്രംപിന്റെ മധ്യസ്ഥ വാഗ്ദാനത്തിന് പിന്നാലെ നിലപാട് മാറ്റി അമേരിക്ക
national news
ഇന്ത്യയും പാകിസ്ഥാനും നേരിട്ട് സംസാരിക്കണം; ട്രംപിന്റെ മധ്യസ്ഥ വാഗ്ദാനത്തിന് പിന്നാലെ നിലപാട് മാറ്റി അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th May 2025, 4:47 pm

വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നേരിട്ട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക. ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ മധ്യസ്ഥനാകാമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതില്‍ ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അതിന് പിന്നാലെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നേരിട്ട് സംസാരിക്കണമെന്നും പ്രശ്നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അമേരിക്കയുടെ വിദേശകാര്യ വകുപ്പ് മുന്നോട്ടുവന്നത്. കൂടാതെ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സമവായ ശ്രമങ്ങള്‍ക്കും ആശയവിനിമയത്തിനും യു.എസ് പിന്തുണ നല്‍കുമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഈ പ്രസ്താവന പുറത്ത് വന്നത്. ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ മാനിക്കണമെന്നും നിരന്തരമായ ചര്‍ച്ചകള്‍ തുടരണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ കുറയാന്‍ തുടങ്ങിയതിനേയും ട്രംപ് പ്രശംസിച്ചു. ഇത്തരം ആക്രമണങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിലേക്കും വലിയ യുദ്ധത്തിലേക്കും നയിച്ചേക്കാമെന്നും ട്രംപ് പറഞ്ഞിരുന്നു.

ഇതിനുപുറമേ ഇന്ത്യയും പാകിസ്ഥാനുമായുള്ള വ്യാപാരബന്ധങ്ങള്‍ ശക്തമാക്കാനും കശ്മീര്‍ പ്രശ്നത്തിന് പരിഹാരം കാണാനുമായി ഇരുരാജ്യങ്ങളുമായും അമേരിക്ക സഹകരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ക്കുകയുണ്ടായി. കൂടാതെ ഈ വിഷയത്തില്‍ പ്രശ്നങ്ങള്‍ യുദ്ധത്തിലൂടെയല്ല സംഭാഷണത്തിലൂടെയാണ് പരിഹരിക്കേണ്ടത് എന്നത് തന്നെയാണ് യു.എസിന്റെ നിലപാടെന്നും ട്രംപ് വ്യക്തമാക്കി.

ഇന്ത്യ-പാക് വെടിനിര്‍ത്തലിനായി തന്റെ രാജ്യം മധ്യസ്ഥത വഹിച്ചെന്ന ട്രംപിന്റെ പരാമര്‍ശത്തോടെയാണ് ഒരു മൂന്നാംകക്ഷി ഇരുരാജ്യങ്ങളുടേയും ഇടയില്‍ പ്രശ്‌നപരിഹാരത്തിനായി ഇടപെട്ടു എന്ന വിവരം വിവാദമായത്.

കശ്മീര്‍ എന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒരു ഉഭയകക്ഷി വിഷയമാണെന്നും ഒരു മൂന്നാം കക്ഷിയേയും അതില്‍ ഇടപെടുത്തില്ലെന്നുമായിരുന്നു ഇതുവരെ ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് നേരിട്ടിടപ്പെട്ട് ഇന്ത്യക്കും പാക്കിസ്ഥാനും ബാധകമായ ഒരു തീരുമാനം പ്രഖ്യാപിക്കുന്ന സാഹചര്യം എങ്ങനെയുണ്ടായെന്ന ചോദ്യമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഉന്നയിച്ചത്.

വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചു എന്ന് പറഞ്ഞതിന് പിന്നാലെ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ പ്രശ്ന പരിഹാരത്തിനായി പ്രവര്‍ത്തിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുകയുണ്ടായി.

ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷം കശ്മീരിനെ കുറിച്ച് ഒരു പ്രശ്ന പരിഹാരത്തിലെത്താന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ രണ്ട് രാജ്യങ്ങളോടും സഹകരിക്കുമെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും നേതൃത്വത്തെ ദൈവം അനുഗ്രഹിക്കട്ടെയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്‌. ഈ നിപലാടിലാണ് ഇപ്പോള്‍ മാറ്റം ഉണ്ടായിരിക്കുന്നത്.

Content Highlight: India and Pakistan should talk directly; US changes stance after Trump’s offer of mediation