ഇന്നും ഇന്നലെയും നാളെയും ഫലസ്തീനൊപ്പം: മുഖ്യമന്ത്രി
Kerala News
ഇന്നും ഇന്നലെയും നാളെയും ഫലസ്തീനൊപ്പം: മുഖ്യമന്ത്രി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th November 2023, 5:39 pm

കോഴിക്കോട്: ഇന്നും ഇന്നലെയും നാളെയും ഇന്ത്യയിലെ ജനങ്ങൾ ഫലസ്തീനൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

അമേരിക്കയോടുള്ള ചങ്ങാത്തം കാരണമാണ് ഫലസ്തീൻ അനുകൂല നിലപാടിൽ നിന്ന് ഇന്ത്യ പിറകോട്ട് പോയത്. അമേരിക്ക ഉൾപ്പെടെയുള്ള സാമ്രാജ്യത്വ ശക്തികളാണ് ഫലസ്തീനെ രാഷ്ട്രമായ പ്രവർത്തിക്കാൻ അനുവദിക്കാത്തതെന്നും സി.പി.ഐ.എം ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുഖ്യമന്ത്രി പറഞ്ഞു.

‘അമേരിക്ക ഉൾപ്പെടെയുള്ള സാമ്രാജ്യത്വ ചേരിയാണ് ഫലസ്തീനെ ഒരു രാഷ്ട്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്ത നിലയുണ്ടാക്കുന്നത്. നമ്മൾ ശക്തമായ സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ചപ്പോൾ നമ്മുടെ നിലപാടിൽ വ്യക്തതയുണ്ടായിരുന്നു.

എന്നാൽ മെല്ലെ മെല്ലെ നമ്മുടെ രാജ്യത്തിന്റെ നിലപാടിൽ വെള്ളം ചേർക്കുന്ന അവസ്ഥയുണ്ടായി. ഇന്നത്തെ കാര്യമല്ല ഞാൻ പറയുന്നത് ദശാബ്ദങ്ങൾക്കു മുൻപ് നമ്മുടെ രാജ്യത്തിന്റെ നയത്തിൽ വെള്ളം ചേർക്കപ്പെട്ടു. അത് നരസിംഹറാവു പ്രധാനമന്ത്രി ആയിരിക്കുമ്പോൾ പൂർണതയിലേക്ക് എത്തിച്ചു. ആ കാലത്താണ് ഇസ്രഈലിനെ രാജ്യം അംഗീകരിക്കുന്നത്.

അമേരിക്കയോടുള്ള ചങ്ങാത്തമാണ് അതിന് കാരണം. അമേരിക്കയുടെ സമ്മർദത്തിന് നമ്മൾ കീഴ്പ്പെടുകയായിരുന്നു. ആ സമ്മർദം പിന്നീട് എങ്ങനെ വളർന്നു എന്ന് നമ്മൾ കണ്ടതാണ്,’ മുഖ്യമന്ത്രി പറഞ്ഞു.

ബഹുജന സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന പല പാർട്ടികളും എന്തുകൊണ്ടാണ് ഫലസ്‌തീന് പിന്തുണ അറിയിച്ച് രംഗത്ത് വരാത്തത് എന്നും അദ്ദേഹം ചോദിച്ചു.

‘രാജ്യത്ത് പല ഇടങ്ങളിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലികളിൽ ഭൂരിപക്ഷവും ഇടത് പക്ഷം സംഘടിപ്പിക്കുന്നതാണ്. ഈ രാജ്യത്തെ വലിയ സ്വാധീനമുണ്ടെന്ന് പറയുന്ന രാഷ്ട്രീയ പാർട്ടികളെ കാണാൻ ആകുന്നില്ല.

നമ്മുടെ കേരളത്തിൽ അവരുടെ ശബ്ദം വ്യത്യസ്തമായി കേൾക്കുന്നല്ലോ. കോഴിക്കോട് തന്നെ സംഭവിച്ചല്ലോ അത്. ഇതൊന്നും അവ്യക്തതയുടെ ഭാഗമായി വരുന്നതല്ല. ഫലസ്തീന് നൽകിയിരുന്ന പിന്തുണയിൽ വന്ന വ്യതിയാനത്തിന്റെ ഭാഗമായി ഇസ്രഈലിനോടുള്ള ആഭിമുഖ്യം വർധിച്ചു.

രംഗത്ത് വരാൻ മാത്രം ബഹുജന സ്വാധീനമുള്ളവർ എന്തേ രംഗത്ത് വരാതിരിക്കുന്നു? ഒരു തെറ്റായ രീതി നമ്മുടെ രാജ്യത്ത് ചിലർ സ്വീകരിച്ചു പോരുന്നു. അത് അംഗീകരിക്കാവുന്നതല്ല. രാജ്യത്തെ ജനങ്ങൾ വലിയ തോതിൽ ഫലസ്തീൻ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന മനോഭാവത്തിൽ ഉള്ളവരാണ്.

പക്ഷേ ചില നിക്ഷിപ്ത താത്പര്യക്കാർ ആ നിലപാട് അല്ല സ്വീകരിച്ചു പോരുന്നത്. അവരെ അടക്കം തിരുത്തുന്നതിന് ഇതുപോലുള്ള ഐക്യദാർഢ്യ പ്രകടനങ്ങളും ശക്തിപ്രകടനങ്ങളും ഉപകരിക്കണം,’ മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: India always with Palestine says CM Pinarayi Vijayan