വെസ്റ്റ് ഇന്ഡീസിന്റെ ഇന്ത്യന് പര്യടനത്തിലെ നാലാം മത്സരത്തില് ആതിഥേയരുടെ തോല്വിയില് പ്രതികരണവുമായി മുന് ഇന്ത്യന് താരവും ഡൊമസ്റ്റിക് ലെജന്ഡുമായ വസീം ജാഫര്. ഹൈദരാബാദില് നടന്ന മത്സരത്തില് കരീബിയന്സ് 24 റണ്സിന്റെ വിജയം നേടുകയും പരമ്പരയില് ഒപ്പമെത്തുകയും ചെയ്തതിന് പിന്നാലെയാണ് ജാഫറിന്റെ പ്രതികരണം.
വെസ്റ്റ് ഇന്ഡീസ് മുന്നോട്ടുവെച്ച 248 റണ്സ് എന്ന കൂറ്റന് വിജയലക്ഷ്യം പിന്തുടര്ന്ന ടീം ഇന്ത്യ 223 റണ്സിന് ഓള്ഔട്ടാവുകയായിരുന്നു. ഇന്ത്യയുടെ ഈ തോല്വിക്ക് പിന്നാലെ, ടീം സെലക്ഷനെയും കളിക്കാരുടെ പ്രകടനത്തെയും വിലയിരുത്തി തന്റെ യൂട്യൂബ് ചാനലില് പങ്കുവെച്ച വീഡിയോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വസീം ജാഫര്.
ഇന്ത്യന് സ്ക്വാഡില് സൂപ്പര് താരം റിങ്കു സിങ്ങിന്റെ അഭാവത്തെക്കുറിച്ചാണ് വസീം ജാഫര് സംസാരിച്ചത്. ഒരുപക്ഷേ റിങ്കു ടീമിന്റെ ഭാഗമായിരുന്നെങ്കില് മത്സരത്തിന്റെ ഗതി പോലും മാറുമായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഒരു ബാറ്ററുടെ കാഴ്ചപ്പാടില് നോക്കുകയാണെങ്കില്, റിങ്കു മറ്റുള്ളവരെക്കാള് ബഹുദൂരം മുന്നിലാണ്. അഞ്ചാം നമ്പറിലും ആറാം നമ്പറിലും അദ്ദേഹം അത്ഭുതകരമായി ബാറ്റ് ചെയ്യുന്നു, അദ്ദേഹം ഒരു ഇടംകയ്യന് ബാറ്ററാണ് എന്നതും നമ്മളോര്ക്കണം.

റിങ്കു സിങ്. Photo: BCCI/x.com
പന്തെറിയാന് കഴിയില്ല എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം അദ്ദേഹം ഈ ഇന്ത്യന് ടീമിന്റെ ഭാഗമല്ല എന്നത് വളരെ നിര്ഭാഗ്യകരമാണെന്ന് എനിക്ക് തോന്നുന്നു. രജത്തിന്റെ കാര്യം എനിക്ക് മനസ്സിലാക്കാന് സാധിക്കും, കാരണം അദ്ദേഹം ടോപ് ഓര്ഡറിലാണ് ബാറ്റ് ചെയ്യുന്നത്, അവിടെ നിലവില് ഒഴിവുകളില്ല, എന്നാല് റിങ്കു ടീമില് ഉണ്ടാകണമായിരുന്നു,’ അദ്ദേഹം പറഞ്ഞു.
‘ആ സ്ഥാനത്ത് റിങ്കു ഉണ്ടായിരുന്നെങ്കില് എന്തും സംഭവിച്ചേക്കാം. മത്സരത്തിന്റെ ഗതി തന്നെ മാറ്റാന് അദ്ദേഹത്തിന് സാധിച്ചേനേ. അതിനുള്ള ശേഷി അദ്ദേഹത്തിനുണ്ട്, ഫ്രാഞ്ചൈസി ക്രിക്കറ്റില് ഈ രീതിയില് നിരവധി മത്സരങ്ങള് അദ്ദേഹം വിജയിപ്പിച്ചിട്ടുമുണ്ട്,’ ഇതിഹാസ താരം കൂട്ടിച്ചേര്ത്തു.

റിങ്കു സിങ്. Photo: KKR
മത്സരത്തില് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സന്ദര്ശകര് ക്യാപ്റ്റന് ഷായ് ഹോപ്പിന്റെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്. 50 പന്ത് നേരിട്ട് പുറത്താകാതെ 102 റണ്സാണ് താരം സ്വന്തമാക്കിയത്. ഈ ടി-20 പരമ്പരയിലെ രണ്ടാം സെഞ്ച്വറിയാണ് ഹോപ്പ് അടിച്ചെടുത്തത്.

ഷായ് ഹോപ്. Photo: ICC
ഹോപ്പിന് പുറമെ ഷെര്ഫാന് റൂഥര്ഫോര്ഡ് (26 പന്തില് 49*), ഷിംറോണ് ഹെറ്റ്മെയര് (12 പന്തില് 33) എന്നിവരുടെ കരുത്തില് വിന്ഡീസ് നിശ്ചിത ഓവറില് മൂന്ന് വിക്കറ്റ് നഷ്ടത്തില് 247ലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റ് കീപ്പര് ബാറ്റര് സഞ്ജു സാംസണിന്റെ കരുത്തില് ഇന്നിങ്സിന് അടിത്തറയൊരുക്കി. തന്റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര ടി-20 സെഞ്ച്വറി നേടിയ അതേ വേദിയില് സാംസണ് ഒരിക്കല്ക്കൂടി തന്റെ ക്ലാസ് തെളിയിച്ചു.

സഞ്ജു സാംസണ്ഒരുവശത്ത് വൈഭവ് സൂര്യവംശിയെ കാഴ്ചക്കാരനാക്കി സഞ്ജു വെടിക്കെട്ടുമായി തിളങ്ങുകയായിരുന്നു. പവര്പ്ലേയ്ക്കുള്ളില് തന്നെ അര്ധ സെഞ്ച്വറി പൂര്ത്തിയാക്കിയാണ് അടിക്ക് മറുപടി തിരിച്ചടിയാണെന്ന് സഞ്ജു പ്രഖ്യാപിച്ചത്.
കീമോ പോളെറിഞ്ഞ അഞ്ചാം ഓവറിലെ ആദ്യ പന്തില് ഷിംറോണ് ഹെറ്റ്മെയറിന്റെ കൈകളിലൊതുങ്ങും മുമ്പ് 23 പന്തില് 56 റണ്സ് നേടിയാണ് താരം കളം വിട്ടത്. നാല് സിക്സറും ആറ് ഫോറും അടക്കം 243.48 സ്ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.
അഭിഷേക് ശര്മ ആദ്യമായി ‘ടി-20യില് ഏകദിനം കളിച്ച മത്സരത്തില്’ തിലക് വര്മ 25 പന്തില് 43 റണ്സും നിതീഷ് കുമാര് റെഡ്ഡി 20 പന്തില് 41 റണ്സും സ്വന്തമാക്കിയെങ്കിലും വിജയലക്ഷ്യത്തിന് 24 റണ്സകലെ ഇന്ത്യ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.
ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാല് മത്സരങ്ങള് അവസാനിക്കുമ്പോള് ഇരുവരും 2-2ന് ഒപ്പത്തിനൊപ്പമാണ്. നാളെയാണ് പരമ്പരയിലെ സീരീസ് ഡിസൈഡര് മത്സരം. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.
Content Highlight: IND vs WI, 4th T20I: Wasim Jaffer stated that the course of the match would have changed had Rinku Singh been with the team.
