2026 ടി-20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടത്തിന് കളമൊരുങ്ങുകയാണ്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുന്നത്. ഏറെ അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം നടക്കുന്ന മത്സരത്തിന് മഴ ചെറിയ തോതിലെങ്കിലും ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
ടൂര്‍ണമെന്റില്‍ തങ്ങളുടെ ആദ്യ രണ്ട് മത്സരവും വിജയിച്ചാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്.
വമ്പനടിക്ക് പേരുകേട്ട സൂപ്പര്‍ താരങ്ങളുമായാണ് ഇന്ത്യ പാകിസ്ഥാന്‍ ബൗളിങ് നിരയെ പിടിച്ചുകെട്ടാനൊരുങ്ങുന്നത്. അതേസമയം, പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് സ്പിന്നര്‍മാരെ മുന്‍നിര്‍ത്തിയാകും പാകിസ്ഥാന്റെ തന്ത്രങ്ങള്‍.
ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ സാധ്യത ഇന്ത്യയ്ക്കാണ്. ചരിത്രവും ഇക്കാര്യം അടിവരയിടുന്നതാണ്. ലോകകപ്പില്‍ മാത്രമല്ല, ടി-20 ഫോര്‍മാറ്റിലും ഇന്ത്യ തന്നൊണ് പാകിസ്ഥാനെക്കാള്‍ ഏറെ മുമ്പില്‍.
ടി-20 ലോകകപ്പില്‍ ഏറ്റവുമധികം തവണ 200+ ടോട്ടല്‍ നേടിയ ടീമുകളുടെ പട്ടികയെടുക്കുമ്പോഴും ഇന്ത്യ തന്നെയാണ് പാകിസ്ഥാനേക്കാള്‍ മുമ്പില്‍. ഈ വര്‍ഷം നമീബിയക്കെതിരെ നേടിയതടക്കം ലോകകപ്പില്‍ നാല് തവണ ഇന്ത്യ 200+ ടോട്ടല്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ മാത്രമാണ് പാകിസ്ഥാന് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്.
2016ല്‍ ബംഗ്ലാദേശിനെതിരെയാണ് പാകിസ്ഥാന്റെ ഏക 200+ ടോട്ടല്‍ പിറന്നത്. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തി ല്‍ 201 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്. മത്സരത്തില്‍ 55 റണ്‍സിന് വിജയിക്കുകയും ചെയ്തു.
11 തവണ പാകിസ്ഥാന്‍ അന്താരാഷ്ട്ര ടി-20യില്‍ 200+ റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍പ്പോലും ഇന്ത്യയ്‌ക്കെതിരെ ഇരുന്നൂറടിക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല.
സമാനമാണ് ഇന്ത്യയുടെയും അവസ്ഥ, പലയാവര്‍ത്തി 200+ റണ്‍സടിച്ചെങ്കിലും ഒരിക്കല്‍പ്പോലും പാകിസ്ഥാനെതിരെയും ഇന്ത്യക്ക് ഈ മാര്‍ക് പിന്നിടാന്‍ സാധിച്ചിട്ടില്ല. 2012ലെ പാകിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തില്‍ നേടിയ 192 റണ്‍സാണ് മെന്‍ ഇന്‍ ഗ്രീനിനെതിരെ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍.